Fri. Apr 19th, 2024
Ted Kaczynski

യൂണബോംബറുടെ സ്ഫോടനം ഭയന്ന് ജനങ്ങള്‍ പാര്‍സല്‍ സര്‍വീസുകളും കത്തുകളും തുറക്കാതെ ഉപേക്ഷിക്കാന്‍ തുടങ്ങി. പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ ഭയന്നു വിറച്ച് വാതിലുകളടക്കാന്‍ തുടങ്ങി

പാല്‍ ബോംബുകളിലൂടെ പതിനേഴ് വര്‍ഷക്കാലം അമേരിക്കയെ വിറപ്പിച്ച സോഷ്യോപാത്ത് തിയോഡോര്‍ ജോണ്‍ കസിന്‍സ്കി തന്‍റെ 81 ആം വയസ്സില്‍ നോര്‍ത്ത് കരോലിനയിലെ ജയിലില്‍ 2023 ജൂണ്‍ 10 ന് മരണത്തിനു കീഴടങ്ങിയിരിക്കുകയാണ്. നീണ്ട വര്‍ഷത്തെ തടവറ ജീവിതത്തിനൊടുവില്‍ തന്‍റെ കഥകള്‍ക്ക് പൂര്‍ണ്ണ വിരാമമിട്ട കസിന്‍സ്കി ഓര്‍മ്മപ്പെടുത്തുന്നത് വ്യവസായവത്കരണത്തെയും ആധുനികതയേയും തന്റേതായ ആരാജകത്വ മുറയിലൂടെ വെല്ലുവിളിച്ച ഒരു അസാധാരണ ക്രിമിനലിനെയാണ്.

അതിബുദ്ധിമാനും അസാധാരണക്കാരനുമായ കസിന്‍സ്കി

പോളിഷ് വംശജരായിരുന്ന തിയോഡോര്‍ റിച്ചാര്‍ഡ്‌ കസിന്‍സ്കിയുടെയും വാന്‍ഡ തെരേസയുടെയും മൂത്ത മകനായി 1942 മെയ്‌ 22 ന് ചിക്കാഗോയിലാണ് ടെഡ് കസിന്‍സ്കി ജനിക്കുന്നത്. സാധാരണ മധ്യവര്‍ഗ്ഗ കുടുംബമായിരുന്നു കസിന്‍സ്കിയുടേത്. ചിക്കാഗോയിലെ ഷെര്‍മ്മന്‍ എലിമെന്‍ററി സ്കൂളില്‍ വിദ്യാഭാസം ആരംഭിക്കുന്ന ടെഡ് കസിന്‍സ്കി ചെറുപ്പം മുതലേ വളരെ ബുദ്ധിമാനായ വിദ്യാര്‍ഥിയായിരുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ മനസിലാക്കിയിരുന്നു.

1952 ല്‍ കസിന്‍സ്കിയുടെ കുടുംബം ഇല്ലിനോയിസിലെ എവര്‍ഗ്രീന്‍ പാര്‍ക്കിലേക്ക് താമസം മാറിയതോടെ എവര്‍ഗ്രീന്‍ പാര്‍ക്ക്‌ സെന്‍ട്രല്‍ സ്കൂളിലേക്ക് ടെഡ് പറിച്ചു നടപ്പെട്ടു. ആ സമയം ടെഡിന്‍റെ അനുജന്‍ ഡേവിഡിന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം.

എവര്‍ഗ്രീന്‍ പാര്‍ക്ക്‌ സെന്‍ട്രല്‍ സ്കൂളില്‍ നടത്തിയ ഒരു ഐക്യൂ ടെസ്റ്റിലൂടെയാണ് ടെഡിന്‍റെ ജീവിതം മറ്റൊരു ദിശയിലേക്ക് മാറി സഞ്ചരിക്കാന്‍ തുടങ്ങുന്നത്. ഐക്യു ടെസ്റ്റില്‍ 167 മാര്‍ക്ക് നേടിയതോടെ ടെഡിനെ ആഞ്ചാം ക്ലാസ്സില്‍ നിന്നും നേരിട്ട് ഏഴാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു സ്കൂള്‍ അധികൃതര്‍.

പക്ഷെ തനിക്ക് ലഭിച്ച സ്ഥാനക്കയറ്റം ടെഡിനെ വല്ലാത്ത മാനസിക സംഘര്‍ഷങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. മുന്‍പ് മറ്റുള്ള ആളുകളോട് സംവദിക്കാനും മറ്റ് വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകാനും തല്പ്പരനായ ടെഡ് സ്ഥാനക്കയറ്റത്തോടെ വല്ലാതെ സാമൂഹികമായി ഉള്‍വലിയാന്‍ തുടങ്ങി. സാമൂഹികമായുണ്ടായ ഈ ഒറ്റപ്പെടല്‍ സ്കൂളിലെ മറ്റു കുട്ടികളില്‍ നിന്നുള്ള ബുള്ളിയിങ്ങിലേക്കും ടെഡിനെ നയിക്കുന്നു.

Ted Kaczynski
ടെഡ് കസിന്‍സ്കി Screen-grab, Copyrights: Economic Times

ഹൈസ്കൂള്‍ പഠനം വളരെ മികച്ച നിലയില്‍ പൂര്‍ത്തിയാക്കുന്ന ടെഡ്, ആ കാലഘട്ടം മുതല്‍ തന്നെ ശാസ്ത്രവിഷയങ്ങളിലുള്ള തന്‍റെ പ്രത്യേക താല്‍പ്പര്യം വെളിവാക്കുന്നുണ്ട്. ഗണിതമായിരുന്നു ടെഡിന്‍റെ ഇഷ്ട വിഷയം. ഹൈസ്കൂള്‍ സമയം മുതല്‍ക്കെ ഉയര്‍ന്ന നിലവാരമുള്ള ഗണിത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഉദ്യമങ്ങളില്‍ ടെഡ് ഇടപെടാറുണ്ടായിരുന്നു.

ബ്രീഫ്കേസ് ബോയ്സ് എന്ന പേരില്‍ ശാസ്ത്ര വിഷയങ്ങളില്‍ തല്‍പ്പരരായ ഒരു വിദ്യാര്‍ഥി കൂട്ടായ്മയില്‍ ടെഡും സ്ഥിര സാന്നിധ്യമായിരുന്നു. ടെഡിനെ സഞ്ചരിക്കുന്ന തലച്ചോര്‍ എന്നായിരുന്നു അന്നത്തെ പല വിദ്യാര്‍ഥികളും വിളിച്ചിരുന്നത്.

സ്കൂള്‍ വിദ്യാഭ്യാസത്തിലെ ഉന്നത നിലവാരം പരിഗണിച്ച് വീണ്ടും സ്ഥാനക്കയറ്റം ലഭിക്കുന്ന ടെഡ് തന്‍റെ 15 ആം വയസ്സില്‍ തന്നെ ബിരുദധാരിയാകുന്നു. തുടര്‍ന്ന് ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഗണിതത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന ടെഡ് 1962 ല്‍ ഉയര്‍ന്ന ഗ്രേഡോടു കൂടിതന്നെ അവിടെ നിന്നും പാസ്സാകുന്നു. തുടര്‍ന്ന് മാസ്റ്റേഴ്സ് ഡിഗ്രിക്കായി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലോ ചിക്കാഗോ യൂണിവേഴ്സിറ്റിയിലോ പഠിക്കാനായിരുന്നു ടെഡിന് താല്‍പ്പര്യം.

എന്നാല്‍ ഈ രണ്ടിടങ്ങളില്‍ നിന്നും ടെഡിന് വേണ്ട സാമ്പത്തിക സഹായം ലഭിക്കാതായതോടെയാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ ടെഡ് തയ്യാറാകുന്നത്. ടെഡിന്‍റെ പഠന സഹായത്തിനായി 2310 ഡോളറിന്‍റെ ധനസഹായവും യൂണിവേഴ്സിറ്റിയില്‍ നിന്നുണ്ടായി. മിഷിഗണിലെ അധ്യാപകരും വിദ്യാര്‍ഥികളും ടെഡിനെ വളരെ വ്യത്യസ്ഥനായ ബുദ്ധിജീവിയായി ആയിരുന്നു കണ്ടിരുന്നത്. തന്‍റെ പഠനകാര്യങ്ങളില്‍ അതീവ തല്പ്പരനായിരുന്ന ടെഡ് 1964 ല്‍ തന്‍റെ മാസ്റ്റേഴ്സ് ഡിഗ്രിയും 1967 ല്‍ തന്‍റെ ഡോക്ടറല്‍ ഡിഗ്രിയും വളരെ ഉയര്‍ന്ന മാര്‍ക്കോടുകൂടി സ്വന്തമാക്കി.

ഡോക്ടേഴ്സ് ഡിഗ്രിക്കായി സമര്‍പ്പിച്ച ബൗണ്ടറി ഫങ്ങ്ഷന്‍സ് എന്ന ടെഡിന്‍റെ പ്രബന്ധത്തിന് സംനര്‍ ബി മേയേഴ്സ് എന്ന മുന്‍കാല അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞന്‍റെ പേരിലുള്ള ആ വര്‍ഷത്തെ മികച്ച ഗണിത പ്രബന്ധത്തിനുള്ള അവാര്‍ഡും ലഭിക്കുകയുണ്ടായി.

അധികം താമസിയാതെ 1967 ല്‍ തന്‍റെ 25 ആം വയസ്സില്‍ കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലീ യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ അസ്സിസ്റ്റന്‍റ് പ്രൊഫസറായി ടെഡ് നിയമിതനായി. പക്ഷെ അധ്യാപനത്തില്‍ അത്ര മികവ് പുലര്‍ത്താനോ വിദ്യാര്‍ഥികളുടെ ഇഷ്ടം പിടിച്ചുപറ്റാനോ ടെഡിന് കഴിഞ്ഞിരുന്നില്ല. ആ അവസ്ഥ ഏതാണ്ട് രണ്ടു വര്‍ഷക്കാലം തുടര്‍ന്നുപോയി.

അക്കാദമിക കാര്യങ്ങളില്‍ ടെഡ് വളരെ മിടുക്ക് കാണിച്ചിരുന്നെങ്കിലും ആധുനിക ലോകത്തോട് പൊരുത്തപ്പെടാന്‍ ടെഡിന് ഒരിക്കലും സാധിച്ചിരുന്നില്ല. ആധുനിക ലോകത്തോട് ടെഡിനുള്ള ഈ താല്പ്പര്യമില്ലായ്മ പിന്നീട് ഒരു വെറുപ്പായി വളരുകയായിരുന്നു. ഈ വെറുപ്പ് വ്യവസായവത്കരണത്തെയും ആധുനികതയേയും അനുകൂലിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും തന്‍റെ പ്രധാന ശത്രുവായി കാണാന്‍ ടെഡിനെ പ്രേരിപ്പിച്ചു.

ബെര്‍ക്ലീ യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ച ടെഡ് ആദ്യം തന്‍റെ മാതാപിതാക്കള്‍ ജീവിക്കുന്ന ഇല്ലിനോയിലേക്കായിരുന്നു പോയത് പിന്നീട് മൊണ്ടാനയിലെ വനഭൂമിക്ക് സമീപമുള്ള ഒറ്റമുറി വീട്ടിലേക്ക് സ്വയം ഉള്‍വലിയുകയായിരുന്നു. പുതുലോകത്തിന്‍റെ ബഹളങ്ങളില്‍ നിന്നെല്ലാമുള്ള ഒരൊളിച്ചോട്ടമായിരുന്നു അത്.

ഹാര്‍വാഡ് സര്‍വകലാശാലയിലെത്തിയ അന്തര്‍മുഖനും അതിബുദ്ധിമാനുമായ ടെഡിന് അവിടെ ചില ദുരനുഭവങ്ങളും  നേരിടേണ്ടി വന്നിരുന്നു. ഹാര്‍വാര്‍ഡിലെ മനശാസ്ത്രജ്ഞനായ ഹെന്റി എ മുറേയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ചില മനഃശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ടെഡും വിധേയനാക്കപ്പെട്ടിരുന്നു. അമേരിക്കയുടെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളായിരുന്നു കുപ്രസിദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ പരീക്ഷണങ്ങള്‍ക്ക് ഫണ്ട് ചെയ്തതിരുന്നത്.

Ted Kaczynski
ടെഡ് കസിന്‍സ്കി Screen-grab, Copyrights: Substackcdn

എല്‍എസ്ഡി പോലുള്ള മാരകമായ മയക്കുമരുന്നുകള്‍ നല്‍കിയ ശേഷം ഇരുട്ടുമുറിയിലടച്ചും മാനസികമായി പീഡിപ്പിച്ചും അപമാനിച്ചുമെല്ലാം നടത്തുന്ന ഈ പരീക്ഷണങ്ങള്‍ ഇരകളുടെ ജീവിതവും മാനസികാരോഗ്യവും തകര്‍ക്കുന്നതായിരുന്നു. സോവിയറ്റ് യൂണിയന്‍, ചൈന, ഉത്തര കൊറിയ തുടങ്ങിയ ശത്രുരാജ്യങ്ങളുമായുള്ള യുദ്ധങ്ങളില്‍ ‘മാനസികമായ’ മേല്‍ക്കൈ നേടാനുള്ള പ്രൊജക്ട് എംകെ അള്‍ട്ര എന്ന സിഐഎ പ്രോഗ്രാമിന്‍റെ ഭാഗമായിരുന്നു ഈ പരീക്ഷണങ്ങള്‍.

ടെഡിന്‍റെ മാനസികാരോഗ്യം തകര്‍ക്കാനും ടെഡിനെ സ്‌കീസോഫ്രീനിയ രോഗിയാക്കി മാറ്റാനും ഈ പരീക്ഷണങ്ങള്‍ കാരണമായെന്ന് ഹാര്‍വാര്‍ഡ് ആന്‍ഡ് ദ യൂണാബോംബര്‍ എന്ന പുസ്തകത്തില്‍ പ്രൊഫസര്‍ ആല്‍സ്റ്റണ്‍ ചേസ് വിശദീകരിക്കുന്നുണ്ട്. ടെഡ് സര്‍വകലാശാലകളെയും പ്രൊഫസര്‍മാരെയും ലക്ഷ്യംവെക്കാനുണ്ടായ കാരണവും ഇതാണെന്ന് കരുതപ്പെടുന്നു.

മൊണ്ടാനയിലെ ഒറ്റമുറി ജീവിതം

വൈദ്യുതിയില്ലാത്ത തന്‍റെ ഒറ്റമുറി വീട്ടില്‍ വളരെ സാധാരണക്കാരനായി ജീവിക്കാനായിരുന്നു ടെഡിന്‍റെ തീരുമാനം. ആ സമയങ്ങള്‍ തനിക്ക് വലിയ ആശ്വാസം നല്‍കിയിരുന്നതായും ടെഡ് പിന്നീട് പറഞ്ഞിട്ടുണ്ട്. ചെറിയ ജോലികള്‍ ചെയ്ത് ജീവിച്ചിരുന്ന ടെഡിന് ആദ്യകാലങ്ങളില്‍ കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായവും ലഭിച്ചിരുന്നു. തന്‍റെ ജീവിതം സ്വയം പര്യാപ്തമായിരിക്കണമെന്ന ലക്ഷ്യമായിരുന്നു ടെഡിന്‍റെ ഈ തീരുമാനത്തിനു പിന്നില്‍. വളരെ സാധാരണ ജീവിതരീതി പിന്തുടരുന്ന ആളുകള്‍ മൊണ്ടാന പ്രദേശങ്ങളില്‍ ഒട്ടേറെയുണ്ട്.

1975 മുതല്‍ ടെഡ് താമസിക്കുന്ന ഒറ്റമുറിക്ക് സമീപമുള്ള സ്ഥലങ്ങളില്‍ തീവെയ്പ്പ് നടത്തിയും ബൂബി ട്രാപ്പിംഗ് നടത്തിയും സന്തോഷം കണ്ടെത്തിയിരുന്നതായി പ്രദേശവാസികള്‍ തന്നെ പറയുന്നുണ്ട്. ഈ സമയങ്ങളില്‍ തന്നെയാണ് ജാക്വസ് എല്ലുലിന്‍റെ പുസ്തകങ്ങളില്‍ ടെഡ് താല്‍പ്പര്യം കാണിച്ചു തുടങ്ങുന്നത്.

Ted Kaczynski
ടെഡ് കസിന്‍സ്കി Screen-grab, Copyrights: Helen Air

എല്ലുലിന്‍റെ ദി ടെക്നോളജിക്കല്‍ സോസൈറ്റി എന്ന പുസ്തകം ടെഡിനെ ഏറെ പ്രചോദിപ്പിച്ചതായി സഹോദരന്‍ ഡേവിഡ്‌ തന്നെ പറയുന്നുണ്ട്. തന്‍റെ ചിന്താഗതികള്‍ക്ക് സമാനമായ എല്ലുലിന്‍റെ വാക്കുകള്‍ ടെഡിനെ വലിയ നിലയ്ക്ക് സ്വാധീനിക്കുന്നുണ്ട്.

ടെഡ് എന്ന യൂണാബോംബര്‍

1978 മെയ് 25-ന് യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ ഒരു പ്രൊഫസര്‍ക്കാണ് ടെഡ് തന്‍റെ ആദ്യ ബോംബ് തപാല്‍ ചെയ്യുന്നത്. തനിക്കുവന്ന തപാലില്‍ അസ്വാഭാവികത തോന്നിയ പ്രൊഫസര്‍ യൂണിവേഴ്സിറ്റി സുരക്ഷ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരെത്തി കവര്‍ തുറന്നു നോക്കിയതോടെ ചെറിയ രീതിയിലുള്ള ഒരു സ്ഫോടനമുണ്ടായി. കവര്‍ തുറന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ കൈകളില്‍ ചില പരിക്കുകളല്ലാതെ ആദ്യത്തെ ബോംബിന് കാര്യമായ സ്ഫോടനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

പക്ഷേ, തുടര്‍ന്നും ടെഡ് പോസ്റ്റല്‍ സര്‍വീസ് വഴി ബോംബുകള്‍ അയച്ചുകൊണ്ടിരുന്നു. കവറുകള്‍ തുറന്ന പലരുടെയും കൈവിരലുകളറ്റു പോയി. ചിലര്‍ക്ക് ഗുരുതരമായ പരിക്കുകളേറ്റു. 1979-ല്‍ ഒരു എയര്‍ലൈനിനെ ലക്ഷ്യം വെച്ച ടെഡ് , ഒരു വാണിജ്യ വിമാനത്തിലെ പാര്‍സല്‍ ബോക്സില്‍ ബോംബ്‌ വെച്ച് തകര്‍ക്കാനുള്ള ശ്രമം നടത്തി. ചെറിയ സ്ഫോടനമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി തന്നെ നിലത്തിറക്കാന്‍ സാധിച്ചു. പക്ഷെ പുക ശ്വസിച്ച് ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. എങ്കിലും യാത്രക്കാരില്‍ ആര്‍ക്കും വലിയ പരിക്കുകളുണ്ടായില്ല.

വിമാനം തകര്‍ക്കാനുള്ള ശ്രമം പൂര്‍ണമായി പരാജയപ്പെട്ടുവെങ്കിലും അപ്പോഴേക്കും അമേരിക്കയിലുടനീളം ലെറ്റര്‍ ബോംബ് ചൂടേറിയ സംസാരവിഷയമായി മാറിയിരുന്നു. വൈകാതെ കേസ് എഫ്ബിഐ ഏറ്റെടുക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രതിയെ കണ്ടുവെന്ന് അവകാശപ്പെട്ട ഒരു സ്ത്രീയുമായി സംസാരിച്ച് ഒരു രേഖാചിത്രവും തയ്യാറാക്കി.

യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രസിഡന്‍റ് പെഴ്സി വുഡ്സിന് ഒരു പുസ്തകത്തിന്‍റെ ഉള്ളില്‍ ഒളിപ്പിച്ച ബോംബായിരുന്നു പാര്‍സലായി കിട്ടിയത്. പൊതി തുറന്ന അദ്ദേഹത്തിന് സ്ഫോടനത്തില്‍ പരിക്കേൽക്കുകയുണ്ടായി. അമേരിക്കയിലെ നിരവധി സര്‍വകലാശാലകളിലേക്കും ലെറ്റര്‍ ബോംബുകളെത്തി. പലപ്പോഴും വിചിത്രമായ ആശയങ്ങളും ആവശ്യങ്ങളുമുള്ള കത്തുകളും ഇതോടൊപ്പമെത്തി.

ബോംബ് സ്ഫോടനം ഭയന്ന് ജനങ്ങള്‍ പാര്‍സല്‍ സര്‍വീസുകളും കത്തുകളും തുറക്കാതെ ഉപേക്ഷിക്കാന്‍ തുടങ്ങി. പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ ജനങ്ങള്‍ ഭയന്നു വിറച്ച് വാതിലുകളടക്കാന്‍ തുടങ്ങി. അതോടെ അമേരിക്കന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രതിസന്ധിയിലായി. ഇതിനെ തുടര്‍ന്ന് എഫ്ബിഐ, എടിഎഫ്, പോസ്റ്റല്‍ ഇന്‍സ്പെക്ഷന്‍ സര്‍വീസ് എന്നിവര്‍ ചേര്‍ന്ന് ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ട് തീവ്രമായ അന്വേഷണമാരംഭിച്ചു.

ഒരു സമയത്ത് 150 ഫെഡറല്‍ ഏജന്റുമാര്‍ വരെ ടാസ്‌ക് ഫോഴ്സിന്‍റെ അന്വേഷണങ്ങളുടെ ഭാഗമായി. പക്ഷെ ഏറെ കാലത്തോളം അന്വേഷണത്തിന് കാര്യമായ പുരോഗതി കൈവരിക്കാനായില്ല. യാതൊരു ഫോറന്‍സിക് തെളിവുകളും ബാക്കിവെക്കാതെയായിരുന്നു ഓരോ സ്ഫോടനങ്ങളും നടന്നിരുന്നത്.

Ted Kaczynski
ടെഡ് കസിന്‍സ്കി Screen-grab, Copyrights: Hearstapps

ബോംബ് സ്ഫോടനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ പരിശോധിച്ചതിലൂടെ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന വസ്തുക്കളുടെ മാലിന്യങ്ങളില്‍ നിന്നാണ് ബോംബുകള്‍ നിര്‍മ്മിച്ചതെന്ന് വിദഗ്ധ സംഘത്തിന് മനസ്സിലായി. പക്ഷെ പ്രതിയും ഇരകളും തമ്മിലുള്ള ബന്ധമോ ഇരകളെ തിരഞ്ഞെടുക്കുന്നതിലും രീതിയോ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായില്ല.

ആദ്യകാലത്തെ തന്‍റെ ആക്രമണങ്ങളില്‍ യൂണിവേഴ്സിറ്റികളെയും എയര്‍ലൈനുകളെയുമായിരുന്നു ടെഡ് ലക്ഷ്യം വെച്ച കാരണം തന്നെയാണ് യൂണാബോംബര്‍ (UNiverstiy and Airline BOMBER) എന്ന പേരിനുപിന്നിലും.

കില്ലര്‍ ടെഡ് കസിന്‍സ്കി

1985 ല്‍ സാക്രമെന്റോയിലെ ഒരു കമ്പ്യൂട്ടര്‍ ഷോപ്പിന്‍റെ ഉടമയ്ക്ക് മെയില്‍ സര്‍വീസില്‍ ഒരു പൊതി ലഭിക്കുന്നു. പൊതി തുറന്നപ്പോഴുണ്ടായ സ്ഫോടനത്തില്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു ജീവന്‍ പൊലിഞ്ഞതോടെ ടെഡ് ഏറെ കാലം തന്‍റെ ബോംബ് സ്ഫോടനങ്ങള്‍ നിര്‍ത്തിവെച്ചു. 1986 മുതല്‍ 1993 വരെയുള്ള കാലയളവില്‍ ഒരു ബോംബ് പൊതി മാത്രമാണ് വന്നത്. അയാള്‍ തന്‍റെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചതായി എല്ലാവരും തന്നെ കരുതി.

എന്നാല്‍, 1993 ആയതോടെ ബോംബാക്രമണങ്ങള്‍ക്ക് തീവ്രത കൂട്ടിക്കൊണ്ട് ടെഡ് എന്ന യൂണാബോംബര്‍ തിരിച്ചുവന്നു. ജനങ്ങളെയും സര്‍ക്കാരിനെയും ഭീതിയിലാഴ്ത്തിക്കൊണ്ട് അധികം താമസിയാതെ ടെഡ് രണ്ടാമത്തെ ജീവനെടുത്തു. ന്യൂജേഴ്സിയിലെ ഒരു പിആര്‍ കമ്പനി ഉദ്യോഗസ്ഥനായിരുന്ന തോമസ്‌ ജെ മോസ്സറായിരുന്നു അത്. കാലിഫോര്‍ണിയ ഫോറസ്ട്രി അസോസിയേഷന്‍റെ സാക്രമെന്‍റ് ഡിവിഷന്‍റെ പ്രസിഡന്റായിരുന്ന ഗില്‍ബര്‍ട്ട് ബ്രെന്‍റ് മുറെയായിരുന്നു ടെഡിന്‍റെ മൂന്നാമത്തെയും അവസാനത്തെയും ഇര. 1995-ലായിരുന്നു ഈ സംഭവം. അപ്പോഴേക്കും പതിനേഴ് വര്‍ഷങ്ങള്‍ക്കിടെ ഇരുപതിലേറെ ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. മൂന്നു പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 23 പേര്‍ക്ക് പരിക്കു പറ്റുകയും ചെയ്തു.

വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ എഫ്ബിഐ ബോംബറുടെ വിശദമായ പ്രൊഫൈല്‍ തയ്യാറാക്കി. ചിക്കാഗോയില്‍ ജനിക്കുകയും തുടര്‍ന്ന് സാള്‍ട്ട്ലേക്ക് സിറ്റിയിലോ സാന്‍ഫ്രാന്‍സിസ്‌കോ പ്രദേശത്തോ വളര്‍ന്ന ഒരാള്‍. ജോലി എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് മുതല്‍ ശാസ്ത്രജ്ഞന്‍ വരെ. പുരുഷനോ സ്ത്രീയോ എന്നുറപ്പില്ലെങ്കിലും പുരുഷന്‍ ആവാന്‍ കൂടുതല്‍ സാധ്യത. ഇതായിരുന്നു എഫ്ബിഐയുടെ ചിന്ത.

പ്രതി അയക്കുന്ന കത്തുകളിലെയും പിന്നീടയച്ച മാനിഫെസ്റ്റോയിലെയും ഭാഷാപരമായ സവിശേഷതകള്‍ പഠിക്കാന്‍ എഫ്ബിഐ നിരവധി ഭാഷാശാസ്ത്ര പ്രൊഫസര്‍മാരുടെ അഭിപ്രായങ്ങളും തേടി. ചുരുക്കം ചില അക്ഷരത്തെറ്റുകളും ചില പ്രത്യേക വാക്കുകളുടെ (chick, negro) നിരന്തരമായ ഉപയോഗവും വാക്യഘടനയിലെ സവിശേഷതകളുമെല്ലാമാണ് അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് പിന്നീട് യൂണാബോംബറെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി മാറിയത്.

Ted Kaczynski
ടെഡ് കസിന്‍സ്കി (നില്‍ക്കുന്നവരില്‍ ഇടത്തുനിന്ന് രണ്ടാമത്)  Screen-grab, Copyrights: someveryfamouspeoples

യൂണാബോംബര്‍ മാനിഫെസ്റ്റോ

1995 ല്‍ വ്യാവസായിക സമൂഹവും അതിന്‍റെ ഭാവിയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒരു മാനിഫെസ്റ്റോയും ഒപ്പമൊരു കത്തും അമേരിക്കയിലെ മുന്‍നിര പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസിനും വാഷിങ്ടണ്‍ പോസ്റ്റിനും ലഭിച്ചു. ഈ മാനിഫെസ്റ്റോ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ തന്‍റെ ആക്രമണങ്ങള്‍ തുടരുമെന്ന ഭീഷണിയായിരുന്നു കത്തിലുണ്ടായിരുന്നത്.

വ്യവസായവത്ക്കരണവും ആധുനിക സാങ്കേതികവിദ്യകളും മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ഇല്ലാതാക്കുകയാണെന്നും ഇത് തടയാനായി മനുഷ്യര്‍ പുരാതനമായ ജീവിതത്തിലേക്ക് മടങ്ങണമെന്നുമുള്ള ആഹ്വാനമായിരുന്നു ഈ മാനിഫെസ്റ്റോ. അപ്പോഴേക്കും 17 വര്‍ഷമായി തുടരുന്ന യൂണാബോംബറിനായുള്ള എഫ്ബിഐ അന്വേഷണം എവിടെയുമെത്തിയിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ അന്വേഷണം നടത്തിയിട്ടും ശൂന്യതയില്‍ കറങ്ങിയിരുന്ന എഫ്ബിഐക്ക് കിട്ടിയ അവസാന പിടിവള്ളിയായിരുന്നു ഈ മാനിഫെസ്റ്റോ.

എഫ്ബിഐ ഡയറക്ടറുടെയും യുഎസ് അറ്റോര്‍ണി ജനറലിന്‍റെയും അനുമതിയോടെ പത്രങ്ങള്‍ ഈ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇത് പൊതുജനങ്ങളിലേക്ക് എത്തിയതോടെ അതിലെ ഭാഷയും ശൈലികളും തിരിച്ചറിഞ്ഞ് ആരെങ്കിലും പുതിയ തുമ്പുകള്‍ തരുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. മാനിഫെസ്റ്റോ പ്രസിദ്ധീകൃതമായി ദിവസങ്ങള്‍ പിന്നിട്ടതോടെ ആയിരക്കണക്കിന് സൂചനകള്‍ എഫ്ബിഐയ്ക്ക് ലഭിച്ചു. പക്ഷെ പ്രതിയെ കണ്ടെത്താന്‍ അതൊന്നും മതിയാകുമായിരുന്നില്ല.

അതേമസയം, പത്രത്തില്‍ വന്ന മാനിഫെസ്റ്റോ വായിച്ച ദമ്പതികളായ ഡേവിഡ് കസിന്‍സികിയും ലിന്‍ഡ പാട്രിക്കും കുറച്ചു ദിവസങ്ങളിലായി ഭീതിയുളവാക്കുന്ന ഒരു സംശയത്തിലായിരുന്നു ജീവിച്ചിരുന്നത്. മാനിഫെസ്റ്റോയില്‍ ഉപയോഗിക്കപ്പെട്ട ഭാഷാരീതികളും, അതില്‍ എഫ്ബിഐ അടിവരയിട്ട് അടയാളപ്പെടുത്തിയ വാക്കുകളും ശൈലികളും ഇരുവര്‍ക്കും പരിചയമുള്ളതായിരുന്നു.

മൊണ്ടാനയിലെ ഒരു വനത്തിലെ ക്യാബിനില്‍ ഏകാന്തജീവിതം നയിച്ചിരുന്ന ഡേവിഡിന്‍റെ സഹോദരന്‍ ടെഡിന്‍റെ കത്തുകളിലെയും ഗവേഷണ പ്രബന്ധങ്ങളിലേയും ഭാഷാപ്രയോഗത്തോട് അതിന് സാമ്യമുണ്ടായിരുന്നു. തന്‍റെ സഹോദരന്‍ ടെഡ് ആണോ യഥാര്‍ത്ഥ യൂണാബോംബറെന്ന ആശങ്കയില്‍ ഡേവിഡിന്‍റെ കുടുംബം ദുരിതത്തിലാഴ്ന്നു. ആരോടും ഇത് തുറന്നുപറയാന്‍ കഴിയാതിരുന്ന ഡേവിഡ് ഭയാശങ്കയോടെ നിരവധി ദിവസങ്ങള്‍ കഴിച്ചുകൂട്ടി.

വൈകാതെ ഡേവിഡും ലിന്‍ഡയും ടെഡിന്‍റെ പഴയ കത്തുകളും പഠനകാലത്തെ ലേഖനങ്ങളുമായി എഫ്ബിഐയുടെ ഓഫീസിലെത്തി. കത്തുകളിലെയും മാനിഫെസ്റ്റോയിലെയും ഭാഷകള്‍ തമ്മിലുള്ള സാമ്യം ടെഡ് തന്നെയാണ് യഥാര്‍ത്ഥ യൂണാബോംബര്‍ എന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായി.

പക്ഷെ എഫ്ബിഐയിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ വാദം ദഹിച്ചിരുന്നില്ല. ഭാഷശൈലികളിലുള്ള ചില ചെറിയ സാമ്യങ്ങളല്ലാതെ ടെഡിനെതിരെ കാര്യമായ തെളിവുകളില്ലായിരുന്നു. എഫ്ബിഐ മുന്‍പ് തയ്യാറാക്കിയ തയ്യാറാക്കിയ യൂണാബോംബറുടെ പ്രൊഫൈലുമായി ടെഡിന്‍റെ പ്രൊഫൈല്‍ യോജിക്കുന്നുമുണ്ടായിരുന്നില്ല.

മറ്റൊരു വിഭാഗം തയ്യാറാക്കിയ പ്രൊഫൈലുകളില്‍ ചിലത് ടെഡുമായി വല്ലാത്ത സാമ്യമുണ്ടായിരുന്നു. മാനിഫെസ്റ്റോയിലെ ഭാഷാപരമായ സവിശേഷതകള്‍ സൂക്ഷ്മമായി പിന്തുടര്‍ന്നിരുന്ന ഒരു വിഭാഗം ടെഡാണ് യൂണാബോംബറെന്ന് ഉറപ്പിച്ചിരുന്നു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാഷാപരമായ തെളിവുകള്‍ പരിഗണിച്ച് ടെഡ് കസിന്‍സ്കിക്ക് എതിരായ അറസ്റ്റ് വാറണ്ടില്‍ അധികാരികള്‍ ഒപ്പുവെച്ചു. 1996 ഏപ്രില്‍ മൂന്നിന് എഫ്ബിഐ ടാസ്‌ക് ഫോഴ്‌സ് ടെഡിന്‍റെ വനത്തിലെ ക്യാബിന്‍ വളഞ്ഞു.

unabomber arrested
ടെഡിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് വാഷിംഗ്‌ടണ്‍ പോസ്റ്റിലെ വാര്‍ത്ത Screen-grab, Copyrights: The Washington Post

ക്യാബിന്‍റെ വാതിലില്‍ ഉദ്യോഗസ്ഥര്‍ മുട്ടിയപ്പോള്‍ താടിയും മുടിയും നീട്ടി, മുഷിഞ്ഞ വസ്ത്രം ധരിച്ച ടെഡ് കസിന്‍സ്കി വാതില്‍ തുറന്നു. കാര്യമായ എതിര്‍പ്പുകളൊന്നും കൂടാതെ ടെഡ് ഉദ്യോഗസ്ഥര്‍ക്ക് കീഴടങ്ങി. ടെഡിനെ അറസ്റ്റ് ചെയ്ത ശേഷം ക്യാബിനില്‍ തെളിവെടുപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് പാഴ്വസ്തുക്കളില്‍നിന്ന് ബോംബുകള്‍ കെട്ടിയുണ്ടാക്കിയതിന്‍റെ എല്ലാ തെളിവുകളും അവിടെ നിന്ന് ലഭിച്ചു. നൂറുകണക്കിന് ലഘുലേഖകളും ബോംബാക്രമണങ്ങളെക്കുറിച്ചുള്ള പത്രകട്ടിങ്ങുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം താമസിക്കാതെ തന്നെ പത്രമാധ്യമങ്ങള്‍ നീട്ടിയെഴുതി ‘യൂണാബോംബറെന്ന് സംശയിക്കുന്ന ടെഡ് കസിന്‍സ്‌കി പിടിയില്‍’.

കോടതിയിലെ ഇടപെടല്‍

പത്ത് ബോംബാക്രമണങ്ങളും മൂന്ന് കൊലപാതങ്ങളുമായിരുന്നു പ്രോസിക്യൂഷന്‍ ടെഡിന് മേല്‍ ചുമത്തിയ കുറ്റം. തെളിവുകളുടെ കൂമ്പാരങ്ങള്‍ തന്നെ കോടതിയില്‍ നിരത്തി. മൊണ്ടാനയിലെ ടെഡിന്‍റെ ക്യാബിന്‍ അതുപോലെ ഹെലിക്കോപ്റ്ററില്‍ കയറ്റി എഫ്ബിഐ ഹെഡ്ക്വാര്‍ട്ടേസില്‍ എത്തിക്കുകയുണ്ടായി. ടെഡിന്‍റെ ക്യാബിനില്‍നിന്ന് ലഭിച്ചതും ടെഡ് നടത്തിയ സ്ഫോടനങ്ങളുടെ അവശിഷ്ടങ്ങളുമെല്ലാം സൂക്ഷിക്കാനായി ഒരു വെയര്‍ഹൗസ് തന്നെ എഫ്ബിഐ തുറന്നു.

വധശിക്ഷ ഒഴിവാക്കാനായി മാനസികരോഗിയാണെന്ന് കോടതിയില്‍ പറയണമെന്ന് ടെഡിനോട് അഭിഭാഷകര്‍ നിര്‍ദേശിച്ചിരുന്നു. പക്ഷെ ഇതിന് തയ്യാറാവാതിരുന്ന ടെഡ് 1998 ജനുവരി 12 ന് എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞു. പരോളില്ലാതെ എട്ട് ജീവപര്യന്തം തടവായിരുന്നു വിധിച്ച കോടതി ശിക്ഷ .

Ted Kaczynski
ടെഡ് കസിന്‍സ്കി Screen-grab, Copyrights: Bookforum

കോളറാഡോയിലെ സൂപ്പര്‍ മാക്സിമം സെക്യൂരിറ്റി ജയിലിലില്‍ ടെഡിനെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതോടെ 2021-ല്‍ ടെഡിനെ നോര്‍ത്ത് കരോലൈനയിലേക്കു മാറ്റി. 2023 ജൂണ്‍ 10 ന് ജയിലിലെ ആശുപത്രിയില്‍ കസിന്‍സ്‌കിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ അമേരിക്കയെ വിറപ്പിച്ച യൂണാബോംബര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന വാര്‍ത്തകളും പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി