Thu. May 2nd, 2024

ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു

നീതി നിഷേധത്തിന്‍റെ അഞ്ച് വര്‍ഷങ്ങള്‍ ഭീമ കൊറേഗാവ് കേസ് പിന്നിട്ടിരിക്കുന്നു. തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അക്കാദമിക് വിദഗ്ധരും യൂറോപ്യൻ യൂണിയൻ പാർലമെന്റേറിയൻമാരും നൊബേൽ സമ്മാന ജേതാക്കളും മറ്റ് അന്താരാഷ്ട്ര പ്രമുഖരും ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ചീഫ് ജസ്റ്റിസിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മറ്റ് ഇന്ത്യൻ അധികാരികൾക്കും കത്തയച്ചിട്ടും സര്‍ക്കാര്‍ നേതൃത്വത്തിന് യാതൊരു കുലുക്കവുമില്ല. ഇപ്പോഴും തങ്ങളുടെ ഉറ്റവര്‍ക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് തടവില്‍ കഴിയുന്നവരുടെ കുടുംബാംഗങ്ങള്‍. കേസില്‍ ഇതുവരെ 16 ജഡ്ജിമാരാണ് (എല്‍ഗാര്‍ പരിഷത്ത് കേസ് ഉള്‍പ്പടെ) വാദം കേള്‍ക്കുന്നതില്‍ നിന്നും  പിന്മാറിയിരിക്കുന്നത്. നീതിപീഠത്തില്‍ പോലും വിശ്വാസം നഷ്ടപ്പെട്ടേക്കാവുന്ന ഈ ഒരു സാഹചര്യത്തില്‍, സ്റ്റാന്‍സ്വാമിയെ പോലെ നീതിയുടെ വെളിച്ചം കാണാതെ ഒരു കൂട്ടം മനുഷ്യരുടെ ജീവിതം അവസാനിപ്പിക്കപ്പെട്ടേക്കുമോ ?

ഭീമ കൊറേഗാവിന്‍റെ ഭൂതവും ഭാവിയും വാര്‍ത്ത‍മാനവും 

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ പ്രധാന സംഭവമാണ് ഭീമ കൊറേഗാവ് യുദ്ധം. മറാത്ത പേഷ്വാ ബാജി റാവുവിന്‍റെ  സൈന്യവും ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും തമ്മിലായിരുന്നു ഈ യുദ്ധത്തില്‍ ഏറ്റുമുട്ടിയത്. സവര്‍ണ്ണ ഹിന്ദു വിഭാഗങ്ങള്‍ ദളിതരോടുള്ള വിരോധത്തിന്‍റെ ഏറ്റവും ഉച്ചസ്ഥായിയില്‍ നിന്നിരുന്ന 1818കളിലാണ് ഭീമ കൊറേഗാവ് യുദ്ധമുണ്ടാകുന്നത്. അതിനാല്‍ തന്നെ ഭീമ – കൊറേഗാവ് പ്രദേശത്തുണ്ടായിരുന്ന ദളിത്‌ വിഭാഗമായ മഹര്‍ സമുദായത്തിലുള്ളവരെ മറാത്തകള്‍ തങ്ങളോടൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ജാതി വിദ്വേഷത്തിനപ്പുറം ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവവും മാറാത്തകള്‍ക്ക് മഹര്‍ സമുദായത്തോടുണ്ടായ അയിത്തത്തിന് പിന്നിലുണ്ടായിരുന്നു.

Bheema Koregaon
ഭീമ കൊറേഗാവ് Screen-grab, Copyrights: Sabrangindia

1689 ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മറാത്ത രാജാവ് ഛത്രപതി സംഭാജി മഹാരാജ് മരണപ്പെടുകയുണ്ടായി. സഭാജി മഹാരാജിന്‍റെ ശേഷക്രിയ ചെയ്യുന്നതിന് മുഗളന്മാരുടെ വിലക്കുണ്ടായിരുന്നു. എന്നാല്‍ ഈ വിലക്ക് മറികടന്നുകൊണ്ട് ദളിത്‌ വിഭാഗക്കാരനായ ഗോവിന്ദ് ഗോപാല്‍ മഹര്‍ അന്ത്യകര്‍മ്മം ചെയ്ത് സംഭാജി മഹാരാജിന്‍റെ മൃതദേഹം അടക്കം ചെയ്യുകയുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടീഷുകാരാല്‍ മരണപ്പെട്ട ഗോവിന്ദ് ഗോപാല്‍ മഹറിന് സംഭാജി മഹാരാജിന്‍റെ ശവകൂടീരത്തിന് എതിര്‍ വശം തന്നെ അന്ത്യവിശ്രമമൊരുക്കുകയും ചെയ്തു. ഗോവിന്ദ് ഗോപാല്‍ മഹറിനോട് ബഹുമാന സൂചകമായി സംഭാജിയുടെ പുത്രന്‍ ഛത്രപതി ശിവജി മഹാരാജ് എന്ന് കുടീരത്തില്‍ എഴുതിച്ചേര്‍ത്തു. സംഭാജിയുമായി ബന്ധപ്പെട്ട ഈ കഥകള്‍ കെട്ടിച്ചമച്ചതാണെന്ന് സവര്‍ണ്ണ വിഭാഗം ആരോപിക്കുന്നുണ്ട്. അതിനെ തുടര്‍ന്ന് തന്നെ ചില അനിഷ്ട സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ ഉണ്ടാവുകയും ചെയ്തു. ഇങ്ങനെ നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരുന്ന സവര്‍ണ്ണ – അവര്‍ണ്ണ വിഭാഗങ്ങള്‍ തമ്മിലുള്ള  പ്രശ്നങ്ങള്‍ മുറുകിനിന്ന സമയത്താണ് 1818 ലെ ഭീമ കൊറേഗാവ് യുദ്ധമുണ്ടാകുന്നത്.

മറാത്തികള്‍ മഹറുകള്‍ക്കൊപ്പം യുദ്ധം ചെയ്യില്ല എന്ന നിലപാട് തുടര്‍ന്നതോടെ മഹര്‍ പോരാളികള്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സൈന്യത്തില്‍ ചേരുകയും മറാത്തികള്‍ക്കെതിരെ യുദ്ധം ചെയ്യുകയും ചെയ്തു. എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടിഷ് – മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്പ്പിച്ചു. മഹര്‍ സൈന്യത്തിന്‍റെ ഈ വിജയത്തെ സൈനിക വിജയമെന്നതിലുപരി ജാതി വിവേചനത്തിനെതിരെയുള്ള വിജയമായാണ് ചരിത്രം കണക്കാക്കുന്നത്. കലാകാലങ്ങളായി നിലനിന്നുപോരുന്ന സവര്‍ണ്ണരുടെ അവര്‍ണ്ണ വിരോധം ഭീമ കൊറേഗാവ് യുദ്ധത്തോടെ പതിന്മടങ്ങായി വര്‍ദ്ധിച്ചു. പോരാട്ടത്തില്‍ കൊല്ലപ്പെട്ട ദളിത്‌ പട്ടാളക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഭീമ കൊറേഗാവില്‍ ഒരു യുദ്ധ സ്മാരകം പണിയുകയുണ്ടായി. മഹര്‍ സമുദായം ഈ സ്മാരകം വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചു പോരുന്നു. എല്ലാ വര്‍ഷവും ജനുവരി ഒന്നാം തീയതി യുദ്ധ വിജയത്തിന്‍റെ സ്മരണ പുതുക്കുന്നതിനായുള്ള പരിപാടികളും നടത്താറുണ്ട്.

ambedkar
അംബേദ്‌കര്‍ ഭീമ കൊറേഗാവില്‍ Screen-grab, Copyrights: digital ocean spaces

1927 ല്‍ ഇന്ത്യയുടെ ഭരണഘടന ശില്‍പ്പിയും ദളിത് നേതാവുമായ ഭീംറാവൂ അംബേദ്‍കര്‍ ഭീമ കൊറേഗാവ് സന്ദര്‍ശിച്ചു. 2018 ജനുവരി 1ന് ഭീമ-കൊറേഗാവ്‍ യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികമായിരുന്നു. ഭീമ കൊറേഗാവിന്‍റെ 200-ാം വാര്‍ഷികം ദളിത് സംഘടനകള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഏകദേശം നാല് ലക്ഷം പേരാണ് യുദ്ധ വാര്‍ഷിക പരിപാടിക്കായി ഭീമ-കൊറേഗാവിലേക്കെത്തിയത്. ഗുജറാത്ത് എംഎല്‍എ ജിഗ്‍നേഷ് മേവാനി, ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഹൈദരബാദ് സര്‍വകലാശാലയില്‍ ദളിത് പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്‍ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങിയവര്‍ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലേക്കാണ് പേഷ്വാ മറാത്തകള്‍ വലിയ ജാതി ആക്രമണം അഴിച്ചുവിട്ടത്. വാര്‍ഷികത്തിന് മുന്നോടിയായി നടന്ന റാലിയില്‍ കാവിക്കൊടിയുമായെത്തിയ മറാത്തകള്‍, കലാപത്തിന് തുടക്കമിട്ടു.

ഇതേ സമയത്ത് തന്നെയാണ് മഹാത്മാ ജ്യോതിറാവു ഫൂലെയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് 260 ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ ശനിവാര്‍വാഡയില്‍   ചേർന്ന് ‘എൽഗാർ പരിഷത്ത്’ എന്ന പേരിൽ ഒരു പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്, അതിൽ ഏകദേശം 35000 പേർ പങ്കെടുത്തിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി പി ബി സാവന്തിന്‍റെയും ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി ജി കോൾസെ പാട്ടീലിന്‍റെയും നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ നിരവധി ദളിത്, ആദിവാസി നേതാക്കൾ പ്രസംഗിച്ചു. കൂടാതെ മറാത്തി ഹിപ്-ഹോപ്പ് ഉൾപ്പെടെയുള്ള വിവിധ സാംസ്കാരിക പ്രകടനങ്ങളും നടന്നു.

പതിനേഴോളം ആക്ടിവിസ്റ്റുകളും മുൻ ജഡ്ജിമാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ഈ സമ്മേളനത്തില്‍ മോദി ഭരണത്തിന്‍റെ അടിച്ചമർത്തൽ നയങ്ങളെക്കുറിച്ചും സാമ്പത്തിക, സാമൂഹിക, സാംസ്കാരിക നയങ്ങൾക്കെതിരെ പോരാടാനുള്ള തങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഭീമ കൊറേഗാവിലെ പരിപാടികള്‍ക്ക് മുന്നോടിയായി നടന്ന എൽഗാർ പരിഷത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ സംഘ് ബ്രിഗേഡുമായി അടുപ്പമുള്ളവരെന്ന് തിരിച്ചറിഞ്ഞ ചിലർ ആക്രമങ്ങള്‍ അഴിച്ചു വിടുകയും ചെയ്തിരുന്നു. മുമ്പ് രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ പ്രവർത്തകനായിരുന്ന സംഭാജി ഭിഡെയും ധര്‍മ്മവീര്‍ സംഭാജി പ്രതിഷ്ഠാനിന്‍റെ പ്രസിഡന്റുമായ മിലിന്ദ്‌ എക്‌ബോട്ടേയുമായിരുന്നു ഭീമ കൊറേഗാവ് സമ്മേളനത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തുകയും കലാപം ആസൂത്രണം ചെയ്തതും. വളരെ നാളുകളായി തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിൽ  ശിവപ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ എന്ന വര്‍ഗ്ഗീയ സംഘടന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് സംഭാജി ഭിഡെ. സംഭാജിയുടെ പ്രധാന അനുയായിയും കടുത്ത മുസ്ലീം – ദളിത്‌ വിരുദ്ധനുമായിരുന്നു മിലിന്ദ്‌ എക്‌ബോട്ടേ.

bhima koregaon
ഭീമ കൊറേഗാവ് Screen-grab, Copyrights: deccan herald

പൂനെ സ്വദേശിയായ ഒരു വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എൽഗാർ പരിഷത്ത് എന്ന പരിപാടി ഇന്ത്യൻ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള “മാവോയിസ്റ്റ് ഗൂഢാലോചനയുടെ” ഭാഗമാണെന്ന് ആരോപിച്ചുകൊണ്ട് പൂനെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്തവരുടെ വീടുകളിലും ഓഫീസുകളിലും പോലീസ് റെയ്ഡ് നടത്തി. സംഘാടകരിൽ ചിലരെ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്റ്റുകൾ 2018 ജൂണിൽ ആരംഭിച്ച് ഒന്നര വർഷത്തോളം തുടർന്നുകൊണ്ടേയിരുന്നു. ഹിന്ദുത്വ സംഘങ്ങള്‍ പടര്‍ത്തുന്ന വർഗീയതയെ പ്രതിരോധിക്കുക, പ്രത്യേകിച്ച് പശു സംരക്ഷണത്തിന്‍റെ പേരിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളെയും ചെറുക്കാനാണ് ഈ ഒത്തുചേരലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെടെ ഉറപ്പിച്ചു പറഞ്ഞു.

ഭീമ കൊറേഗാവിലേക്ക് ഇരച്ചു കയറിയ മിലിന്ദ്‌ എക്ബോട്ടേയുടെയും സംഭാജിയുടെയും നേതൃത്വത്തിലുള്ള സംഘം വലിയ ആക്രമണമാണ് അഴിച്ചു വിട്ടത്. അടിയും തിരിച്ചടിയും നടന്ന കലാപ ഭൂമി ഒരു മറാത്ത യുവാവിന്‍റെ മരണത്തിലാണ് കലാശിച്ചത്. അതിനെ തുടര്‍ന്ന് 2018 ജനുവരി 2 ന് ആക്ടിവിസ്റ്റ് അനിത സാവലെ അക്രമത്തിന് നേതൃത്വം നല്‍കിയ സംഭാജി ഭിഡെയ്ക്കും മിലിന്ദ്‌ എക്‌ബോട്ടേയ്ക്കുമെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. അക്രമസംഭവവുമായി ബന്ധപ്പെട്ട് 22 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്, അതിലൊന്ന് സുധീര്‍ ധവാലെയെയും കബീർ കലാ മഞ്ച് (കെകെഎം) ആക്ടിവിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തിയുള്ളതായിരുന്നു.

bhima koregaon
ഭീമ കൊറേഗാവ് കലാപം Screen-grab, Copyrights: live law

അധികം താമസിക്കാതെ തന്നെ മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളിലേക്കും അക്രമം വ്യാപിച്ചിരുന്നു. ഇതിന്‍റെ പ്രതികരണമായി, ദലിത് സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും ജനുവരി 3 ന് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുകയും ചെയ്തു. ബന്ദിനെ അനുകൂലിക്കാന്‍ സവര്‍ണ്ണ സമൂഹം തയ്യാറല്ലായിരുന്നു. പോലീസിന്‍റെ ഭാഗത്ത് നിന്നുപോലും എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ട് ബന്ദ്‌ ദിവസം നടന്ന റാലി കടുത്ത പോലീസ് മര്‍ദ്ദനത്തില്‍ കലാശിച്ചു. പ്രായഭേദമന്യേ മുംബൈയിൽ മാത്രം 300-ലധികം ദലിതരാണ് അറസ്റ്റിലായത്, ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു.

2018 ജൂണ്‍ മുതലുള്ള വേട്ടയാടല്‍

2018 ജൂണിൽ, യുഎപിഎ ആക്ട് പ്രകാരം ഭീമ-കൊറേഗാവ് സംഭവത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച്, ദളിത് പ്രവർത്തകനും എൽഗാർ പരിഷത്ത് സമ്മേളനത്തിന്‍റെ സഹസംഘാടകനുമായ സുധീർ ധവാലെ, മുതിർന്ന അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, നാഗ്പൂർ സർവകലാശാലയിലെ പ്രൊഫസറായ ഷോമ സെൻ, മനുഷ്യാവകാശ പ്രവര്‍ത്തകനായ റോണ വിൽസൺ എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകരെ പൂനെ പോലീസ് പിടികൂടി. ഇവരുടെമേല്‍ ആയുധക്കടത്ത്, മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് ധനസഹായം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും രാജ്യത്തിനെതിരെ കലാപം സൃഷ്ടിക്കാന്‍ പദ്ധതിയിട്ടുവെന്നൊക്കെയുള്ള നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. അതേസമയം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും എൽഗാർ പരിഷത്തിലോ ഭീമ കൊറേഗാവ് അനുസ്മരണത്തിലോ പങ്കെടുത്തിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

രണ്ട് മാസത്തിന് ശേഷം, 2018 ഓഗസ്റ്റ് 28 ന്, ആക്ടിവിസ്റ്റുകളായ സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, അരുൺ ഫെരേര, വരവര റാവു, വെർനൺ ഗോൺസാൽവസ് എന്നിവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് വിവിധ സ്ഥലങ്ങളിലായി മറ്റൊരു റൗണ്ട് അറസ്റ്റുകൾ നടത്തുകയും ചെയ്തു. ഇത് നിരവധി നിയമപോരാട്ടങ്ങൾക്കും കോടതി തർക്കങ്ങളിലേക്കും നയിച്ചു. ഈ കാലയളവിൽ, 2018 ജനുവരി 2 ലെ ഏക്‌ബോട്ട്, ഭിഡെ എന്നിവർക്കെതിരായ എഫ്‌ഐ‌ആർ റദ്ദ് ചെയ്തു കളയാനും പൂനെ പോലീസ് തീരുമാനിക്കുകയുണ്ടായി.

bhima koregaon
വരവര റാവൂ , സുധീര്‍ ധവാലെ Screen-grab, Copyrights: outlook india

കേസിന്‍റെ വഴിവിട്ട വളര്‍ച്ച

കെട്ടിച്ചമച്ച തെളിവുകളും സാക്ഷിമൊഴികളും കൊണ്ട് ആദ്യം മുതല്‍ക്കെ കേസ് കുത്തഴിഞ്ഞ അവസ്ഥയിലായിരുന്നു. എങ്കിലും വിചാരണ വൈകിപ്പിക്കുന്നതിലും അന്വേഷണ പുരോഗതിയില്ലാത്തതിനാല്‍ ജാമ്യം നിഷേധിക്കുന്നതിലും പോലീസ് പ്രത്യേകം ശ്രദ്ധയര്‍പ്പിച്ചിരുന്നു.

അമേരിക്ക ആസ്ഥാനമായുള്ള ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനമായ ആഴ്സനല്‍ കണ്‍സള്‍ട്ടന്‍സിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹാജരാക്കിയ തെളിവുകൾ റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഒടുവില്‍ സ്റ്റാന്‍സ്വാമി വരെയുള്ളവരുടെ കമ്പ്യൂട്ടറുകളിൽ ബോധപൂർവം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണെന്ന് തെളിഞ്ഞു. ബികെ – 16 എന്നറിയപ്പെടുന്ന അറസ്റ്റു ചെയ്യപ്പെട്ട 16 ആക്ടിവിസ്റ്റുകള്‍ക്കെതിരെ ഉപയോഗിച്ച സ്പൈവെയറിന്‍റെ വാർത്തകൾ അധികം താമസിയാതെ പുറത്ത് വന്നു. അതോടൊപ്പം റോണ വിൽസൺ, വരവര റാവു, ഹാനി ബാബു എന്നിവരെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് കാമ്പെയ്‌നും പൂനെ പോലീസും തമ്മിലുള്ള ബന്ധം അമേരിക്കയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതോടെ കേസില്‍ ശേഖരിച്ച തെളിവുകളുടെ ആധികാരികതയിലും സത്യസന്ധതയിലും ഗുരുതരമായ സംശയങ്ങളാണ് ഉയർന്നു വന്നത്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തിയെന്നത് ഉള്‍പ്പെടെയുള്ള ഈ ആരോപണങ്ങൾ പരിഹരിക്കാൻ, ഉന്നതതല അന്വേഷണം നടത്താൻ സുപ്രീം കോടതി 2021 ഒക്ടോബർ 27-ന് ഒരു സാങ്കേതിക സമിതിക്ക് രൂപം നൽകി.

അമേരിക്കയിലെ പ്രമുഖ മാഗസിനായ വയേര്‍ഡ് (WIRED) ആയിരുന്നു സുരക്ഷാ സ്ഥാപനമായ സെന്‍റിനല്‍ വണ്‍ ഹാക്കര്‍മാരും പൂനെ പോലീസും തമ്മിലുള്ള ബന്ധം പുറത്തുവിട്ടത്. സെന്‍റിനല്‍ വണ്ണിലെ സുരക്ഷാ ഗവേഷകനായ ജുവാൻ ആന്ദ്രെസ് ഗുറേറോ-സാഡെ ഇങ്ങനെ ശേഖരിച്ച വിവരങ്ങളുടെ അധാര്‍മ്മികതയെക്കുറിച്ചുള്ള ആശങ്കയും പങ്കുവച്ചിരുന്നു. പക്ഷെ ഇരകളെ സഹായിക്കാന്‍ ശാസ്ത്രീയമായ എന്തുസഹായവും ഗവേഷകര്‍ വാഗ്ദാനം ചെയ്തിരുന്നു.

bhima koregaon
ഭീമ കൊറേഗാവ് Screen-grab, Copyrights: india today

എൽഗാർ പരിഷത്തുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് ഗൂഢാലോചന എന്ന ആദ്യ ആരോപണം ഒരിക്കലും പൂനെ പോലീസിന്‍റെ ബുദ്ധിയായിരുന്നില്ല, മറിച്ച് പൂനെ ആസ്ഥാനമായുള്ള ഫോറം ഫോർ ഇന്‍റര്‍ഗ്രേറ്റഡ് നാഷണൽ സെക്യൂരിറ്റി എന്നറിയപ്പെടുന്ന താരതമ്യേന അവ്യക്തമായ സുരക്ഷാ ചിന്താധാരയിൽ നിന്നാണെന്നത് കേസിനെ കൂടുതൽ കൗതുകകരവും ദുരൂഹവുമാക്കുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെയും (ആർഎസ്എസ്) ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) ദേശീയ നിർവാഹക സമിതിയുടെയും പ്രമുഖ അംഗമായ ശേഷാദ്രി ചാരി അതിന്‍റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി പ്രവർത്തിക്കുന്നത് ശ്രദ്ധേയമാണ്.

സ്ഥാവരമായ അനീതി

വൈകിയ നീതി 84 കാരനായ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്ക്ക് സമ്മാനിച്ചത് മരണമായിരുന്നു. ബോംബൈ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയിലായിരുന്നു സ്റ്റാന്‍ സ്വാമിയുടെ മരണം. വളരെ വൈകിയായിരുന്നു അദ്ദേഹത്തിന് ഹോളി ഫാമിലി ആശുപത്രിയില്‍ ചികിത്സയ്ക്കായുള്ള അനുവാദം പോലും ലഭിക്കുന്നത്. ഒടുവില്‍ ബാന്ദ്രയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

തലോജ ജയിലിൽ കഴിയുമ്പോഴാണ് സ്വാമിയുടെ ആരോഗ്യനില വഷളാകാന്‍ തുടങ്ങുന്നത്. തുടർന്ന് ജാമ്യം തേടാനുള്ള ശ്രമങ്ങള്‍ അഭിഭാഷകര്‍ ആരംഭിച്ചു. പക്ഷെ സംസ്ഥാനത്തിന്‍റെ തുടർച്ചയായുള്ള എതിർപ്പിനെ തുടര്‍ന്ന് എൻഐഎ കോടതി ജാമ്യം നിരസിക്കുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബാന്ദ്രയിലെ ചാരിറ്റബിൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്. പാർക്കിൻസൺസ് രോഗം ബാധിച്ചതിന് പുറമേ, ജയിലിൽ വെച്ച് അദ്ദേഹത്തിന് കോവിഡ് -19 ബാധിച്ചിരുന്നു. പാർക്കിൻസൺസ് രോഗം മൂര്‍ച്ചിച്ച് സാധാരണ നിലയ്ക്ക് വെള്ളം പോലും കുടിക്കാനാവാതെ വന്നിട്ടുപോലും ഫാ. സ്റ്റാന്‍ സ്വാമിക്ക് വെള്ളം കുടിക്കാൻ സ്ട്രോ സിപ്പർ ഉള്ള ഒരു മഗ്ഗ് പോലും അധികൃതരും നിയമവും നിഷേധിച്ചുവെന്നത് എന്‍ഐഎയുടെ ക്രൂര മുഖം വെളിവാക്കുന്നതാണ്. ഇത്രയും ക്രൂരമായി ഒരു മനുഷ്യനോട് പെരുമാറാന്‍ ജനാധിപത്യ ഇന്ത്യയില്‍ സാധിക്കുന്നു എന്നത് വലിയ ഞെട്ടലോടെയല്ലാതെ ഉള്‍ക്കൊള്ളാനാകില്ല. നിരന്തരമായി നേരിടേണ്ടി വന്ന അനീതികളുടെയും അവഗണനകളുടെയും ഫലമായി 2021 ജൂലൈ 5 ന് സ്റ്റാന്‍ സ്വാമി ഈ ലോകത്തോട് വിട പറഞ്ഞു.

stan swamy
സ്റ്റാന്‍ സ്വാമി Screen-grab, Copyrights: bbc

ഭീമ കൊറേഗാവ് 16

ബികെ16 ലെ ഓരോ കുടുംബങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരോട് കാണിക്കുന്ന അനീതിക്കെതിരെ ശബ്ദമുയർത്തി രംഗത്ത് വന്നിട്ടുണ്ട്. തങ്ങൾ നേരിട്ട നഷ്ടങ്ങളെക്കുറിച്ച് അവർ അശ്രാന്തമായും ധീരമായും സംസാരിച്ചുകൊണ്ടിരുന്നു. ജയിലില്‍ കഴിയുന്ന പ്രൊഫ. ഷോമ സെന്നിന്‍റെ മകള്‍ കോയല്‍ സെന്‍ തന്‍റെ അമ്മയെ അന്യായമായി തടവിലാക്കിയതിനെ കുറിച്ച് പറയുന്നതിങ്ങനെയാണ്. ‘ഈ അറസ്റ്റുകൾ സംസ്ഥാനത്തിന്‍റെ യഥാർത്ഥ മുഖം കാണിക്കുന്നു. ഇന്ന് ആരെയും ‘അർബൻ നക്സൽ’ എന്ന് വിളിക്കാം’.

BK 16
ബികെ 16 Screen-grab, Copyrights: the wire

സുധ ഭരദ്വാജിന് തന്‍റെ മകൾ മായിഷ എഴുതിയ ഹൃദയസ്പർശിയായ കത്തിലെ വരികള്‍ ഇങ്ങനെയാണ്, “ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണെങ്കിൽ, തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുകയാണെങ്കിൽ, അടിച്ചമർത്തലിനും ചൂഷണത്തിനും എതിരെ പോരാടുകയാണെങ്കില്‍, ജീവിതം മുഴുവൻ ഉപേക്ഷിക്കുക തന്നെ വേണം. അധികാരികളെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു നക്‌സലൈറ്റാണ്, അപ്പോൾ നക്‌സലൈറ്റുകൾ നല്ലവരാണെന്ന് ഞാൻ കരുതുന്നു.

ജയില്‍ മോചിതയായ ശേഷം സുധ ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞത് ‘സമൂഹത്തിന് പുറത്തുള്ള എല്ലാ മുൻവിധികളും ജയിലിൽ തീവ്രമായ രൂപത്തിലുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും’,എന്നാണ്.

കോവിഡ് 19 പടര്‍ന്നു പിടിച്ച ഒരു ഘട്ടത്തിൽ, ഹാനി ബാബുവിന് കണ്ണിലെ ബ്ലാക്ക്‌ ഫംഗസ് അണുബാധ മാരകമായി പിടിപെട്ടിരുന്നു, പ്രധാനമായും ജയിലിലെ വൃത്തിയില്ലാത്ത ചുറ്റുപ്പാടും ഭക്ഷണവും കാരണമായിരുന്നു രോഗം പിടിപെട്ടത്. ഹാനി ബാബുവിന്‍റെ ഭാര്യ ഡോ. ജെന്നി റൊവേന ഭര്‍ത്താവിന്‍റെ വൈദ്യസഹായത്തിനായി ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകേണ്ടിവന്നു. രോഗം പടർന്നുപിടിച്ച ഹാനി ബാബുവിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടുമെന്ന നിലയിലായിട്ടും ജാമ്യം നിഷേധിക്കപ്പെട്ടു.

ജയില്‍ ശിക്ഷയില്‍ നിന്ന് താല്ക്കാലികമായി സുധ ഭരദ്വാജും ഡോ. ആനന്ദ് തെൽതുംബ്ഡെയും മോചിപ്പിക്കപ്പെട്ടെങ്കിലും ബികെ 16 ബാക്കിയെല്ലാവരും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഈ സംഭവങ്ങളുടെ തുടക്കം മുതല്‍ പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പല മാധ്യമങ്ങളും നേരായ രീതിയില്‍ ഈ വിഷയത്തെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. അന്യയമായി കുറെ മനുഷ്യരെ കാലങ്ങളായി തടവിലാക്കി അവരെ ചിത്രവധം ചെയ്യുകയും ചെയ്യുന്ന അധികാരികളുടെ സമീപനം ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അതിനെ നിരന്തരം വിമര്‍ശിച്ചു കൊണ്ടേയിരിക്കണം.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി