ഇല്ലാത്ത ലഹരിക്കേസിന്റെ പേരിൽ ഷീലക്ക് ജയിലിൽ കഴിയേണ്ടി വന്നത് 72 ദിവസമാണ്. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയും അപമാനത്തിലൂടെയുമാണ് താൻ കടന്നുപോയതെന്നും ഇനി മേലിൽ ആർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ലായെന്നും ഷീല വോക്ക് മലയാളത്തോട് പറയുന്നു. എന്താണ് ഷീലയുടെ ജീവിതത്തിൽ സംഭവിച്ചത്?
ചാലക്കുടിയിൽ ഒരു ചെറിയ ബ്യൂട്ടി പാർലർ നടത്തിയിരുന്ന സാധാരണ വീട്ടമ്മയായിരുന്നു ഷീല സണ്ണി. വീടും ബ്യൂട്ടി പാർലറും മാത്രമായിരുന്നു തന്റെ ലോകമെന്ന് ഷീല പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടിയിലെ ഷീല സണ്ണിയുടെ ‘ഷീ സ്റ്റൈൽ ‘ ബ്യൂട്ടി പാർലറിലേക്ക് ഒരു സംഘം എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്നത്. പാർലർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
“ഞാൻ സ്ഥാപനം തുടങ്ങിയിട്ട് ഏഴ് വർഷമായി. ഇതുവരെയും ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. എവിടെ വേണമെങ്കിലും പരിശോധിക്കാൻ ഞാൻ പറഞ്ഞു. പക്ഷേ അവർ പറഞ്ഞത് അവർക്ക് ലഭിച്ച വിവരമനുസരിച്ച് എന്റെ ബാഗിലും വണ്ടിയിലുമാണ് മയക്കുമരുന്ന് ഉള്ളതെന്നാണ്. തുടർന്ന് എന്റെ ബാഗിൽ നിന്നും വണ്ടിയിൽ നിന്നും 12 എൽഎസ്ടി സ്റ്റാമ്പ് കണ്ടെത്തുന്നു.
സ്റ്റാമ്പ് എന്താണെന്നു കൂടി പിടിക്കപ്പെടുന്ന സമയത്താണ് ഞാൻ അറിയുന്നത്. എങ്ങനെയാണ് ഇത് വന്നതെന്ന് അവർ ചോദിച്ചു. എനിക്കാരെയും അപ്പോൾ സംശയം ഉണ്ടായിരുന്നില്ല. ഒരു ചെറിയ ജീവിതം ജീവിക്കുന്ന എനിക്ക് ശത്രുക്കൾ ഉണ്ടാകേണ്ട കാര്യമില്ലല്ലോ, ഷീല പറയുന്നു. തുടർന്ന് ഷീലയെ ചാലക്കുടിയിലെ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി. പിന്നീട് എന്താണ് സംഭവിക്കുന്നതെന്ന് പോലും തനിക്ക് മനസ്സിലായില്ലയെന്ന് ഷീല പറയുന്നു.
മയക്കുമരുന്ന് കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ കീഴ്കോടതികളിൽ നിന്നും ഷീലക്ക് ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ച ശേഷം മെയ് 10 നാണ് ഷീല പുറത്തിറങ്ങുന്നത്. മെയ് 12 ന് കാക്കനാട് റീജിയണൽ ലാബിൽ നിന്നുള്ള സ്റ്റാമ്പിന്റെ പരിശോധനാഫലം വന്നെങ്കിലും ജൂൺ ഒന്നിനാണ് ഇതിന്റെ കോപ്പി ഷീലയ്ക്ക് ലഭിക്കുന്നത്. വീണ്ടും തന്നെ പ്രതിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും വൈകിപ്പിച്ചതെന്ന് ഷീല അവകാശപ്പെടുന്നു.
സംഭവത്തിൽ ബാംഗ്ലൂരിലുള്ള ബന്ധുവാണ് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് ഷീല നേരത്തെ പറഞ്ഞിരുന്നു. ഷീലയുടെ ബാഗിൽ സ്റ്റാമ്പ് വെച്ചുവെന്ന് സംശയിക്കുന്ന ബന്ധുവിനെ ഉടൻ ചോദ്യം ചെയ്യണമെന്നും തനിക്ക് നീതി ലഭിക്കണമെന്നും ഷീല ആവശ്യപ്പെടുന്നു. ജയിൽവാസമനുഭവിക്കുന്ന കാലത്താണ് ഇത്തരം ലഹരിവസ്തുക്കൾ ബാംഗ്ലൂരിൽ നിന്നും ലഭിക്കും എന്ന് മനസ്സിലായത്. സംശയിക്കുന്ന ബന്ധു ബാംഗ്ലൂരിലാണെന്നതും സംഭവം നടക്കുന്നതിന്റെ തലേദിവസം പറയപ്പെടുന്ന വ്യക്തി വീട്ടിൽ ഉണ്ടായിരുന്നതും സംശയത്തിന്റെ ആക്കം കൂട്ടി. മയക്കുമരുന്ന് കണ്ടെത്തിയ വണ്ടി ഉപയോഗിച്ചിരുന്നതും ഇതേ വ്യക്തി ആയിരുന്നു എന്നും ഷീല പറയുന്നു.
നേരത്തെ ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷീലയെ വളരെ കാലമായി നിരീക്ഷിച്ചു വരികയാണെന്നായിരുന്നു അന്ന് എക്സൈസ് പറഞ്ഞ വാദം. ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ്ഐ കെ.എസ് സതീശിന്റെ നേതൃത്വത്തിലാണ് പ്രിവന്റീസ് ഓഫീസര്‍ ജയദേവന്‍, വനിതാ എക്‌സൈസ് ഓഫീസര്‍മാരായ രജിത, സിജി എന്നിവരടങ്ങുന്ന സംഘം ഷീലയെ പിടികൂടുന്നത്.
എന്നാൽ എൽഎസ്ടി സ്റ്റാമ്പ് എന്ന് കരുതപ്പെടുന്ന വസ്തു പിടിച്ചെടുത്തപ്പോൾ അത് കൃത്യസമയത്ത് പരിശോധനയ്ക്ക് അയച്ചിരുന്നില്ലയെന്നത് ഗുരുതര വീഴ്ച തന്നെയാണ്. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞതോടെ കേസ് എടുത്ത എക്സൈസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. വിവരം ലഭിച്ചപ്പോൾ തന്നെ യാതൊരു വിധ അന്വേഷണങ്ങളും നടത്താതെ എടുത്തുചാടിയുള്ള ഒരു നീക്കത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നും അതിൽ സംശയമുണ്ടെന്നും ഷീലയുടെ ഭർത്താവ് സണ്ണി പറയുന്നു.
‘ലോൺ എടുത്തിട്ടാണ് ബ്യൂട്ടി പാർലർ നടത്തിയിരുന്നത്. കേസ് വന്നതോടെ പാർലർ പൂട്ടി. ഇപ്പോൾ മറ്റൊരു വരുമാനവും ഇല്ല. ഇനിയെല്ലാം വീണ്ടും തുടങ്ങണം, ഷീല പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് ഒരു സംഭരംഭകയുടെ ജീവിതം കീഴ്മേൽ മറിച്ച സംഭവിത്തിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടത് അനിവാര്യമാണ്. അതിനുള്ള നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ഷീല പറയുന്നു.