Tue. Jan 28th, 2025
priya varghese

കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒന്‍പത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട്

നുണകള്‍ പറക്കുന്നു, സത്യം അതിന്‍റെ പിന്നാലെ മുടന്തി വരുന്നു. ഇന്നത്തെ മുഖ്യധാര മാധ്യമ പ്രവര്‍ത്തനങ്ങളുടെ പൊതുരീതിയെ ജൊനാഥന്‍ സ്വിഫ്റ്റിന്‍റെ  ഈ വരികളിലൊതുക്കാം. ഈ സത്യാനന്തര കാലഘട്ടത്തിലും ജനാധിപത്യത്തിന്‍റെ നാലാം തൂണായി നാം മാധ്യമങ്ങളെ പരിഗണിക്കുമ്പോഴും സത്യങ്ങള്‍ക്ക് മുകളില്‍ അസത്യത്തെ പ്രചരിപ്പിക്കാന്‍ ചില മുന്‍നിര മാധ്യമങ്ങളടക്കം അമിത താല്പര്യം കാണിക്കുന്നത് വലിയ പ്രശ്നം തന്നെയാണ്. ആദ്യ കാലങ്ങളില്‍ വാര്‍ത്ത മാധ്യമങ്ങളായിരുന്നു (പ്രധാനമായും പത്രങ്ങള്‍) വിവരങ്ങള്‍ പൊതുജന മധ്യത്തിലേക്ക് എത്തിക്കാനുണ്ടായിരുന്ന ഏക വഴി. എന്നാല്‍ സാങ്കേതിക വിദ്യകളുടെ വരവുകളോടെ വിവരങ്ങള്‍ കൈമാറാന്‍ വ്യത്യസ്തങ്ങളായ വഴികളുണ്ടായി. അച്ചടിയില്‍ നിന്നും ദൃശ്യങ്ങളിലേക്കുള്ള വാര്‍ത്താ മാധ്യമങ്ങുടെ വളര്‍ച്ച വാര്‍ത്താ മാധ്യമ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ മാറ്റങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. ഈ മാറ്റങ്ങള്‍ ഒരു തരത്തില്‍ ഗുണകരമാണെങ്കിലും ഇതോടൊപ്പം വളര്‍ന്ന പ്രശ്നങ്ങള്‍ വളരെയേറെയാണ്. ഇന്ത്യന്‍ വാര്‍ത്താമാധ്യമങ്ങളുടെ ഇപ്പോഴത്തെ സഞ്ചാരം ഈ വിധം പ്രശ്നമേഖലയിലേക്കാണ്.

വാര്‍ത്താ മാധ്യമങ്ങളുടെ പിറവി തന്നെ കൃത്യമായ രാഷ്ട്രീയ ആശയ പ്രചാരണങ്ങളില്‍ നിന്നുള്ളതാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയ ആശയങ്ങള്‍ക്ക് വിധേയപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം വാര്‍ത്താമാധ്യമങ്ങള്‍ മാത്രമേ ഇന്ന് ലോകത്ത് തന്നെയുള്ളൂ. രാഷ്ട്രീയ താല്പര്യങ്ങള്‍ വിവരങ്ങളുടെ സത്യാവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന അനേകം സാഹചര്യങ്ങള്‍ ഇന്നത്തെ വാര്‍ത്താ മാധ്യമങ്ങളില്‍ കാണാം. അതില്‍ അവസാനത്തേതാണ് പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമന വാര്‍ത്തകള്‍. വാര്‍ത്താ മുറികളില്‍ സ്വയം ജഡ്ജി ചമയുന്ന അവതാരകരുടെ നീണ്ടനിര തന്നെ ഇന്ന് മലയാളത്തിലുണ്ട്. ഇവര്‍ അധികവും മാധ്യമ തലവന്മാരുടെ കടിഞ്ഞാണ്‍ പേറുന്ന കുതിരകളായി പ്രവര്‍ത്തിക്കുകയാണ്.

media ethics
മീഡിയ എത്തിക്സ് Screen-grab, Copyrights: media ethic and society

മാധ്യമങ്ങളുടെ ഇടതുപക്ഷ വിരോധം

വാര്‍ത്താ മാധ്യമങ്ങള്‍ എല്ലാം തന്നെ ഇന്ന് കോര്‍പ്പറേറ്റ് മുതലാളിമാരുടെ കീഴിലാണ്. അതുകൊണ്ടുതന്നെ ആശയപരമായി ഇടതുപക്ഷം എതിര്‍ നില്‍ക്കുകയും വലതുപക്ഷങ്ങളും ലിബറലുകളും മുതലാളിമാരോടൊപ്പം ഒരേ ചേരിയിലാകുകയും ചെയ്യും. ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്താ അവതരണ രീതികള്‍ പ്രകടമായ ഇടതുപക്ഷ വിരോധം കാണിക്കുന്നുണ്ട്. ഈ കഴിഞ്ഞ മാസങ്ങളില്‍ മാത്രം പ്രൈംടൈമില്‍ നടന്ന വാര്‍ത്താ ചര്‍ച്ചകളുടെ വിഷയങ്ങള്‍ മാത്രം ഇതിനായി പരിഗണിച്ചാല്‍ മതിയാകും.

സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികളെ ഗൗരവപൂർവം വിശകലനം ചെയ്ത്, ജനങ്ങളുടെ ലോകബോധത്തെയും വൈജ്ഞാനിക ധാരണകളെയും പുതുക്കുകയെന്ന ദൗത്യം മറന്നുകൊണ്ട് പകരം സെൻസേഷണലിസത്തിന്‍റെയും വിവാദപരതയുടെയും (ചിലപ്പോഴൊക്കെ ഇക്കിളികളുടെയും) ലോകമായി വാർത്താവിനിമയത്തെ മാറ്റിത്തീർക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ പണിപ്പെടുന്നത്. അടിസ്ഥാനപരമായി രണ്ടു രീതിയാണ് ഇതിലുള്ളത്. ഒന്ന്: വലതുപക്ഷ രാഷ്ട്രീയത്തെ മറയില്ലാതെ പിന്തുണയ്ക്കുകയും ഇടതുപക്ഷത്തെ പരമാവധി കടന്നാക്രമിക്കാനായി പച്ചക്കള്ളങ്ങൾപോലും പ്രചരിപ്പിക്കുകയും ചെയ്യുക. രണ്ട്: മൂലധനതാല്പ്പര്യങ്ങൾക്ക് നിരുപാധികമായ പിന്തുണ ഉറപ്പാക്കുകയും അതിലേർപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തോട് പരമാവധി കൂറുകാണിക്കുകയും ചെയ്യുക.

മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ -പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലെ വലതുപക്ഷപ്രീതി ഏറ്റവും നന്നായി വെളിപ്പെട്ടുവരുന്ന ഒരു സന്ദർഭം വാർത്താവതരണങ്ങളുടേതാണ്. മൂന്നു തലമായാണ് ഈ വലതുപക്ഷവൽക്കരണം അരങ്ങേറുന്നത്. ആദ്യത്തേത് പ്രകടവും ബാക്കി രണ്ടും പരോക്ഷവുമാണ്. പ്രകടമായ വലതുപക്ഷതാൽപ്പര്യം തിരിച്ചറിയാൻ എളുപ്പമാണെങ്കിലും രണ്ടും മൂന്നും സമീപനം അങ്ങനെയുള്ളവയല്ല. പുറമേക്ക് നിഷ്പക്ഷമെന്നോ, ഇടതുപക്ഷമെന്നോ ഉള്ള പ്രതീതികൾ ഉളവാക്കിക്കൊണ്ടാണ് അവ വലതുപക്ഷരാഷ്ട്രീയം വാർത്താവിതരണത്തിന്‍റെ ഭാഗമാക്കി മാറ്റുന്നത്. ഫലത്തിൽ, ആദ്യത്തേതിനേക്കാൾ അപകടകരമാണ് രണ്ടും മൂന്നും തലങ്ങള്‍. അതുകൊണ്ടുതന്നെ കൂടുതൽ ആഴത്തിൽ തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതുമായ ഒന്നായി അത് മാറിത്തീരുകയും ചെയ്യുന്നു.

priya varghese
പ്രിയ വര്‍ഗ്ഗീസ് Screen-grab, Copyrights: kerala kaumudi

സമൂഹത്തിന് മാധ്യമങ്ങളിലൂടെ കൈവരേണ്ട അവബോധം വിവരം, വ്യാഖ്യാനം, വിമർശം എന്നീ മൂന്നു വാക്കിൽ ചുരുക്കിപ്പറയാനാകും. വായനസമൂഹത്തിന് പ്രാഥമികവസ്തുതകൾ എത്തിച്ചുകൊടുക്കുക എന്നതിനെയാണ് വിവരം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരം വിവരങ്ങളെ മുൻനിർത്തി സംഭവങ്ങളെയും സ്ഥിതിവിശേഷങ്ങളെയും വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സമൂഹത്തിന് പ്രാപ്തിയുണ്ടാക്കലാണ് വ്യാഖ്യാനം. നിലവിലുള്ള സമൂഹത്തെയും അതിന്‍റെ അറിവുകളെയും വിമർശാത്മകമായി നോക്കിക്കാണാനും അതിനെ മറികടക്കാനും പ്രേരണചെലുത്തുന്നതാണ് വിമർശം. വിമർശാവബോധരൂപീകരണമാണ് മാധ്യമപ്രവർത്തനത്തെ അടിസ്ഥാനപരമായി ഇടതുപക്ഷപരമാക്കുന്നതെന്നും പറയാം.

പ്രാഥമികവിവരങ്ങളുടെ വിതരണം പ്രത്യക്ഷത്തിൽ നിഷ്പക്ഷമായി അനുഭവപ്പെടാവുന്ന ഒന്നാണ്. എന്നാൽ, വ്യാഖ്യാനവും വിമർശാവബോധ രൂപീകരണവും പ്രകടമായിത്തന്നെ രാഷ്ട്രീയനിലപാടുകൾ ആവശ്യപ്പെടുന്നുണ്ട്. ഒരു മാധ്യമത്തിന്‍റെ രാഷ്ട്രീയനിലപാട് മനസ്സിലാക്കാനാകുക വിമർശാവബോധ രൂപീകരണത്തിൽ അവ എന്തു പങ്കുവഹിക്കുന്നു എന്നതിനെ മുൻനിർത്തിയാണ്. വാർത്താവിനിമയത്തിന്‍റെ ഈ അടിസ്ഥാനപ്രകൃതത്തെ അട്ടിമറിച്ചുകൊണ്ടാണ് മാധ്യമമണ്ഡലത്തിന്‍റെ വലതുപക്ഷവൽക്കരണം ഇപ്പോൾ അരങ്ങേറുന്നത്. വിവരം, വ്യാഖ്യാനം, വിമർശം എന്നതിൽനിന്ന് വിവരം, വിവാദം, വിനോദം എന്ന പുതിയൊരു ത്രിത്വത്തിലേക്ക് മുഖ്യധാരാ മാധ്യമജീവിതം വഴുതിക്കഴിഞ്ഞു. വാർത്താവിതരണത്തിന്‍റെ പ്രാഥമിക ദൗത്യമായ വിവരവിനിമയത്തിന്‍റെ തലത്തിൽത്തന്നെ നമ്മുടെ മാധ്യമമണ്ഡലം അങ്ങേയറ്റം വിഭാഗീയമായാണ് നിലകൊള്ളുന്നത്.

സമൂഹജീവിതത്തെ ആഴത്തിൽ ബാധിക്കുന്ന പ്രശ്നങ്ങളെ മറച്ചുപിടിക്കുകയും കെട്ടുകഥകളെയും ക്ഷുദ്രതകളെയും വലിയ തോതിൽ ആഘോഷിക്കുകയും ചെയ്ത് ഒരു ജനതയുടെ സാമൂഹ്യാവബോധത്തെതന്നെ അട്ടിമറിക്കാനും വലതുപക്ഷവൽക്കരിക്കാനുമാണ് ഇന്ന് മുഖ്യധാരാ മധ്യമങ്ങള്‍ പണിപ്പെടുന്നത്. വാർത്താവിശകലനത്തിന്‍റെ മുഖംമൂടിയണിഞ്ഞെത്തുന്ന അപവാദങ്ങൾ, ഗോസിപ്പുകൾ, വ്യക്തിഹത്യകൾ തുടങ്ങിയവയിലൂടെ വികസിച്ചുവരുന്ന ക്ഷുദ്രതയുടെ വഴി. മൂന്നാംകിട വിവാദങ്ങളും ഇക്കിളികളും പൊതുജീവിതത്തിന്‍റെ കേന്ദ്രമാണെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നു. പൊതുസമൂഹത്തിന്‍റെ ആശയവിനിമയമണ്ഡലത്തെ അപ്പാടെ വലതുപക്ഷ യുക്തികൾക്ക് അടിമപ്പെടുത്തുന്നതാണ് ഈ സമീപനം. മാധ്യമങ്ങളിൽ വരുന്ന പ്രകടമായ പച്ചക്കള്ളങ്ങളേക്കാൾ ദീർഘകാലസ്വാധീനവും ഫലവും സമൂഹജീവിതത്തിൽ ഉളവാക്കുന്ന ഒന്നാണിത്.

kannur university
കണ്ണൂര്‍ സര്‍വ്വകലാശാല Screen-grab, Copyrights: discover kannur

സെന്‍സേഷണലിസവും കോടതിയും

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചൂടുപിടിച്ച വിവാദമായിരുന്നു കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്‍റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം. ഇന്‍റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനത്തെ ചോദ്യം ചെയ്ത് ആദ്യം രംഗത്തു വന്നിരുന്നത്. പിന്നീട് ഇത് മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് വിവാദമാക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയാണ് പ്രിയ വര്‍ഗ്ഗീസ് എന്നതിനാല്‍ വലിയ രാഷ്ട്രീയ ഭൂകമ്പം തന്നെ ഈ വിഷയത്തില്‍ പിന്നീട് സംഭവിച്ചിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരന്‍ നിയമനം റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു

യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് അവരെ നീക്കണമെന്നുമാണ് ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് നേടിയെടുക്കാനും ഇതുവഴി ജോസഫ് സ്‌കറിയയ്ക്ക് സാധിച്ചു. ഈ വിധി വന്നതോടെ ഇടതുപക്ഷ സര്‍ക്കാറിനെതിരെ വലിയ രീതിയിലുള്ള കടന്നാക്രമണമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത്.

priya varghese
പ്രിയ വര്‍ഗ്ഗീസ് Screen-grab, Copyrights: onmanorama

മുഖ്യമന്ത്രിയുടെ ഓഫീസ് അധികാര ദുര്‍വിനിയോഗം ചെയ്ത് ബന്ധുനിയമനം നടത്തിയെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യം ഇതോടെ ശക്തമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ ഉള്‍പ്പെടെയുള്ള സകല ഇടതുപക്ഷ വിരുദ്ധരും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയുണ്ടായി. എരി തീയിലെ എണ്ണയെന്ന പോലെ ഗവര്‍ണ്ണര്‍ തന്നെ രംഗത്തു വന്നതും കേരളം കണ്ട അസാധാരണ കാഴ്ചകളായിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയശേഷം സര്‍ക്കാറും സി.പി.എമ്മും ഏറ്റവും അധികം പ്രതിരോധത്തിലായിപ്പോയ വിഷയത്തിലാണിപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിയിലൂടെ അനുകൂലമായിരിക്കുന്നത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍ മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയ വര്‍ഗീസിന്‍റെ വാദമാണ് ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരു തിരിച്ചടി തന്നെയാണിത്. പ്രിയ വര്‍ഗീസിന്‍റെ നിയമനം മുന്‍ നിര്‍ത്തി സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരെ വാര്‍ത്തകളുടെ പ്രളയം സൃഷ്ടിച്ച മാധ്യമങ്ങള്‍ക്കും വലിയ പ്രഹരമാണ് ഹൈക്കോടതി ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്.

വാര്‍ത്താകളും പൊതുധാരണകളും

പ്രിയ വര്‍ഗ്ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ വിശകലനം ചെയ്‌താല്‍ മുഖ്യാധാരാ വാര്‍ത്താ മാധ്യമങ്ങള്‍ വച്ചു പുലര്‍ത്തുന്ന പുരുഷാധിപത്യത്തിന്‍റെയും വലതുരാഷ്ട്രീയത്തിന്‍റെയും കല്ല്‌ കണ്ടെത്താവുന്നതാണ്. ഇത്രയൊക്കെ സാമൂഹികമായി വളര്‍ന്നിട്ടും ഒരു സ്ത്രീയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ മലയാളികള്‍ക്ക് ഇന്നും സാധിച്ചിട്ടില്ല. അഥവാതന്നെ സ്ത്രീ നേതൃത്വത്തിലേക്ക് വന്നാല്‍ പുരുഷന്‍റെ ബിനാമിയായോ നേതാക്കളുടെ ബിനാമിയായോ കാണാനാണ് പൊതു സമൂഹത്തിനു താല്പര്യം. ഈ മനോഭാവത്തിന്‍റെ തുടര്‍ച്ച തന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളിലും കാണാന്‍ കഴിയുന്നത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ ആര്‍. ബിന്ദു മത്സരിച്ചപ്പോഴുണ്ടായ പ്രധാന ചര്‍ച്ച അന്നത്തെ പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറിയുടെ ബിനാമിയെന്ന നിലയ്ക്കാണ്. സ്ത്രീകള്‍ ഉയര്‍ന്നു വരുന്നത് അവര്‍ക്കുള്ള പ്രിവിലേജിന്‍റെ ബലത്തില്‍ മാത്രമാണെന്ന ധാരണ മാറേണ്ടത് തന്നെയാണ്. ആര്‍ ബിന്ദുവിന്‍റെ കാര്യമെടുത്താല്‍ ചെറുപ്പകാലം മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തനത്തിന്‍റെ ചരിത്രം അവര്‍ക്ക് സ്വന്തമായുണ്ട്. എങ്കിലും അതിനെ മുഴുവന്‍ തമസ്ക്കരിച്ച് “നേതാവിന്‍റെ ഭാര്യ” എന്ന ടാഗ്ഗില്‍ മാത്രം മാധ്യമങ്ങള്‍ കാണുന്നത് തെറ്റു തന്നെയാണ്. ഇതേ കാര്യങ്ങള്‍ വലതുപാര്‍ട്ടികളില്‍ നടക്കുമ്പോള്‍ ഈ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാട് വളരെ മൃദു സ്വഭാവമുള്ളതായിരിക്കുകയും ചെയ്യും.

r bindhu
ആര്‍ ബിന്ദു Screen-grab, Copyrights: onmanorama

പ്രിയ വര്‍ഗീസിനു സംഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനവും ഈ മനോഭാവത്തിന്‍റെ എതിര്‍ദിശ സഞ്ചാരം തന്നെയാണ്. സാമൂഹികമായി സ്ത്രീകള്‍ നേടുന്ന ഏത് നേട്ടത്തെയും വില കുറച്ചു കാണുന്നതും അവരുടെ അധ്വാനത്തെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന നിലപാട് ഇന്നോ ഇന്നലെയോ രൂപപ്പെട്ടതല്ല. 2012 മാര്‍ച്ച് 14 മുതല്‍ കോളേജ് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന പ്രിയാ വര്‍ഗീസിനു അപേക്ഷ നല്‍കുന്ന സമയത്ത് ഒന്‍പത് വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പരിചയമുണ്ട്. കൂടാതെ 2001 മുതല്‍ 2003 വരെ, കണ്ണൂര്‍ യൂണിവേഴ്സിറ്റി ബിഎഡ് സെന്‍ററില്‍നിന്നുള്ള രണ്ടു വര്‍ഷത്തെ അധ്യാപന പരിചയവും ഉണ്ട്. യുജിസി മാനദണ്ഡമനുസരിച്ചാകട്ടെ എട്ടു വര്‍ഷം മാത്രമാണ് യോഗ്യത വേണ്ടത്. കണക്കനുസരിച്ച് പ്രിയ വര്‍ഗ്ഗീസിനു 11 വര്‍ഷത്തിലേറെയാണ് അധ്യാപന പരിചയമുളളത്. ഈ തെളിവുകളെല്ലാം നിലനില്‍ക്കെ തന്നെ അതിനെ അതിനെ മറച്ചു വെച്ച് രാഷ്ട്രീയ അധികാരം മാത്രം മുതലെടുത്ത്‌ നേടിയ സ്ഥാനമാണെന്ന വായന കടുത്ത ഇടതുപക്ഷ വിരുദ്ധതയുടെയും സ്ത്രീവിരുദ്ധതയുടെയും ഭാഗമായുണ്ടാകുന്നതാണ്.

ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി വന്ന ശേഷവും തങ്ങളെടുത്ത നിലപാടുകള്‍ തിരുത്താന്‍ ഇതുവരെ ഒരു മുഖ്യധാര മാധ്യമങ്ങളും തയ്യാറായിട്ടില്ല. പ്രിയ വര്‍ഗ്ഗീസിന് ആശ്വാസമെന്ന ഒറ്റ ശ്രുതി മാത്രമേ മുഖ്യധാരാ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുള്ളൂ. ഇതുവരെ പ്രചരിപ്പിച്ച കള്ളങ്ങളെല്ലാം അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന പാഠം ഇനിയും മുഖ്യധാരാ വാര്‍ത്താ സ്ഥാപനങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഓരോ തെറ്റുകളും തിരുത്തുക തന്നെ വേണം. സത്യം പറയുന്ന മാധ്യമം എന്നത് കേവലം ക്യാപ്ഷനുകളില്‍ ഒതുങ്ങേണ്ട കാര്യമല്ല.

kerala high court
കേരള ഹൈക്കോടതി Screen-grab, Copyrights: Bar and Bench

സത്യത്തെ ഇനി മുതല്‍ വേഗത്തില്‍ ചെരുപ്പണിയിച്ച് പുറത്തിറക്കേണ്ടതുണ്ട്. നുണകള്‍ക്ക് മുന്‍പ് സത്യങ്ങള്‍ നടന്നു തുടങ്ങേണ്ടതുമുണ്ട്. വാര്‍ത്താസ്ഥാപനങ്ങള്‍ അതിന്‍റെ സത്യസന്ധത കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതിനെ തടയാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യധാരകളുടെ അസത്യങ്ങള്‍ മാത്രം വിഴുങ്ങി മയങ്ങുന്ന ഒരു സമൂഹമായി നാം മാറും. മാധ്യമ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള കോടതി പരാമര്‍ശങ്ങളെ ജുഡീഷ്യല്‍ ആക്ടിവിസം എന്ന നിലയ്ക്ക് മാത്രം കണ്ട് തള്ളിക്കളയുന്ന പ്രവണതകളും മാറേണ്ടത് തന്നെയാണ്. ജനാധിപത്യത്തിന്‍റെ നാലാം തൂണായി മാധ്യമങ്ങളെ ജനങ്ങള്‍ തുടര്‍ന്നും അംഗീകരിക്കണമെങ്കില്‍ അത് സത്യങ്ങളെ മറയില്ലാതെ തുറന്നു പറയുന്നതിലൂടെ മാത്രമേ സാധിക്കൂ.

By Sabindas A C

വോക് മലയാളത്തില്‍ കണ്ടന്‍റ് റൈറ്റര്‍. മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടി