Mon. Sep 9th, 2024

ഏലൂര്‍, എടയാര്‍ വ്യവസായ മേഖലയിലൂടെ ഒഴുകുന്ന തോടാണ് കുഴിക്കണ്ടം തോട്. ഐആര്‍ഇ, എച്ച്‌ഐഎല്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും പുറന്തള്ളിയിരുന്ന രാസ മാലിന്യം വഹിച്ചുകൊണ്ടാണ് കുഴിക്കണ്ടം തോട് പെരിയാറിലേയ്ക്ക് ഒഴുകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

തോട് ശാസ്ത്രീയമായി ശുദ്ധീകരിക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കെ ജൂണ്‍ ഒമ്പതാം തീയ്യതി
ഇറിഗേഷന്‍ ഉദ്യോഗസ്ഥരും ഏലൂര്‍ മുന്‍സിപ്പല്‍ അധികൃതരും ചേര്‍ന്ന് കുഴിക്കണ്ടം തോട് താഴ്ത്തി കോരി അതിലെ മാരക കീടനാശിനികളും ഘനലോഹങ്ങളും ഉള്‍പ്പെട്ട ചെളി അലക്ഷ്യമായി റോഡിലും തോടരികിലുള്ള വയലിലും നിക്ഷേപിച്ചു. മഴക്കാല പൂര്‍വ പ്രവര്‍ത്തിയുടെ ഭാഗമായാണ് തോട് ശുചീകരിച്ചത് എന്നാണ് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എഡി സുജില്‍ പറഞ്ഞത്. എന്നാല്‍ ശാസ്ത്രീയമായല്ല ശുചീകരണം നടന്നത് എന്നിരിക്കെ ഇത് അപകടകരങ്ങളായ മാലിന്യങ്ങളെ സംബന്ധിച്ച നിയമത്തിന്റെയും അതു സംബന്ധിച്ച സുപ്രീം കോടതി ഉത്തരവിന്റെയും നഗ്‌നമായ ലംഘനമാണ്.

കുഴികണ്ടം തോടില്‍ നിന്നും ഇറിഗേഷന്‍ കോരിയിട്ട ചെളി പരിസ്ഥിതി പ്രവര്‍ത്തകര്‍ ശേഖരിക്കുകയും അത് അരൂരിലുള്ള ജിയോകെം ലാബില്‍ പരിശോധനക്ക് നല്‍കുകയും ചെയ്തിരുന്നു. പരിശോധന റിപോര്‍ട്ട് പ്രകാരം DDT യും BHC യും യഥാക്രമം 493 mg/kg bw 17.36mg/kg യുമെന്ന അത്യാപകടകരമായ അളവിലാണ്. 1 mg/kg യാണ് അനുവദനീയമായ അളവെന്നിരിക്കെ എത്രയോ ഇരട്ടിയാണ് മാരക കീടനാശിനികളുടെ തോത്. ഈ മാലിന്യത്തിന്റെ ധൂളികള്‍ വായുവിലൂടെയോ വെള്ളത്തിലൂടെയോ ജീവികളുടെയും മനുഷ്യന്റെയും ശരീരത്തില്‍ എത്തുന്നത് ഗുരുതമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഐആര്‍ഇയുടെ റേഡിയോ വികിരണ മാലിന്യങ്ങളും എഫ്എസിടിയുടെ ജിപ്‌സം കലര്‍ന്ന ആസിഡ് ജലവും എച്ച്‌ഐഎല്ലിന്റെ ന്റെ BHC , DDT, എന്റോസള്‍ഫാന്‍ അടക്കമുള്ള മാരകവിഷങ്ങളുമാണ് കുഴികണ്ടം തോട്ടിലൂടെ ഒഴുകിയിരുന്നത്. അതുകൊണ്ട് തന്നെ അതീവ ഗുരുതരമായ തോതില്‍ തോട് മലിനപ്പെട്ടു.

1990 ല്‍ കുഴിക്കണ്ടം തോട് കത്തിപ്പിടിച്ചത് മുതല്‍ തോട് ശുദ്ധീകരണമാവശ്യപ്പെട്ടുകൊണ്ടുള്ള ജനങ്ങളുടെ സമരങ്ങള്‍ ശക്തമായി തുടങ്ങി. 1999 ല്‍ ഗ്രീന്‍ പീസ് കുഴിക്കണ്ടം തോട് മലിനീകരണത്തിന്റെ ആഴം വ്യക്തമാക്കുന്ന ദി ടോക്‌സിക്‌ഹോട്ട് സ്‌പോട്ട് എന്ന പഠനം പുറത്തിറക്കി. പഠനമനുസരിച്ച് തോട്ടിലെ ചെളിയില്‍ 111 ഓളം രാസ ഘടകങ്ങള്‍ ഉള്ളതായും അതില്‍ 52 എണ്ണം തിരിച്ചറിയാന്‍ കഴിയുന്നതാണെന്നും അതില്‍ തന്നെ 39 എണ്ണം DDT, BHC, എന്റോസള്‍ഫാന്‍ തുടങ്ങിയവയും അവയുടെ വിഘടിതരൂപങ്ങള്‍ അഥവാ സ്ഥാവര കാര്‍ബണിക വിഷവസ്തുക്കളായിരുന്നു. 2002 തുടര്‍ പഠനത്തിലും മലിനീകരണതോത് അധികരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടന്ന നിരവധി ജനകീയ സമരങ്ങള്‍ക്കൊടുവില്‍ 2004 ല്‍ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രിം കോടതി നിരീക്ഷണ സമിതി കുഴിക്കണ്ടം തോട് സന്ദര്‍ശിച്ച് ശൂചികരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2005-ല്‍ വീണ്ടും കുഴിക്കണ്ടം തോട് സന്ദര്‍ശിച്ച് 6 മാസത്തിനുള്ളില്‍ തോട് ശുചീകരിക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് സുപ്രീം കോടതി മോണിറ്ററിംഗ് കമ്മറ്റിയുടെ നിര്‍ദേശ പ്രകാരം ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് കര്‍ണാടക സഹായം ആവശ്യപ്പെടുകയും കുഴിക്കണ്ടം തോടിന്റെ പഠനത്തിനായി ജര്‍മ്മന്‍ ടെക്‌നിക്കല്‍ കോര്‍പറേഷനെ നിയമിക്കുകയും ചെയ്തു. ക്ലമന്റസ് മുള്ളര്‍, ഡോ. ഉള്‍റിച്ച് ഓസ് ബര്‍ഗസ്, ഡോ. വെര്‍ണര്‍ ബൂട് എന്നീ വിദഗ്ദരുടെ നേതൃത്വത്തില്‍ നടത്തിയ പഠനം 2008, 2009 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് പഠന റിപോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ടി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോടിന്റെ വിമലീകരണത്തിന്റെ വിശദമായ പദ്ധതി രേഖ ഉണ്ടാക്കുന്നതിനായി കനേഡിയന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ SENES ഏല്‍പിച്ചു. അവര്‍ 21.32 കോടി രൂപയുടെ പദ്ധതി രേഖയുണ്ടാക്കി. അതിന്റെ ധനസഹായത്തിനായി കേന്ദ്ര പ്ലാനിംഗ് കമ്മീഷനെ സമീപിച്ചു. ശൂചീകരണ ചിലവിന്റെ 60 % ശതമാനം 40% കേന്ദ്രവും മെന്നതായിരുന്നു തീരുമാനം. അതനുസരിച്ച് കുഴിക്കണ്ടം തോട് ശൂചികരണത്തിനായി 26 കോടി രൂപ കണക്കാക്കിയിരുന്നു. കോടതി ഉത്തരവുപ്രകാരം കുഴിക്കണ്ടം തോട് ശുചീകരണ പദ്ധതി ചിലവിനായി ഇതിനകം സംസ്ഥാന സര്‍ക്കാര്‍ എസ്ബിഐയുടെ തിരുവനന്തപുരം പട്ടം ശാഖയില്‍ 11. 22 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി തുക പദ്ധതി നിര്‍വഹണഘട്ടത്തില്‍ നല്‍കി കൊള്ളാമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

 

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.