വെട്ടിമാറ്റി വെട്ടിമാറ്റി ഇനിയെന്താണ് പാഠപുസ്തകങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് പഠിക്കാനുള്ളത് എന്ന ചോദ്യത്തിലെത്തി നില്‍ക്കുകയാണ് നിലവിലെ പാഠപുസ്തക പരിഷ്‌കരണം. ഓരോ ന്യായങ്ങള്‍ പറഞ്ഞ് പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുന്ന എന്‍സിഇആര്‍ടിയുടെ നടപടി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തി ചരിത്രത്തെ തിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംഘടിതമായ ശ്രമമാണിതെന്ന് പറയേണ്ടി വരും. പീരിയോഡിക് ടേബിളും ഊര്‍ജ്ജ സ്രോതസ്സുകളും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളുമാണ് ഒടുവിലായി എന്‍സിഇആര്‍ടി വെട്ടിമാറ്റിയിരിക്കുന്നത്. പഠനഭാരം കുറയ്ക്കാനെന്ന വിചിത്രവാദമാണ് കേന്ദ്രസര്‍ക്കാര്‍ നിരത്തിയിരിക്കുന്നത്.
പുതുതായി പുറത്തിറക്കിയ പത്താംക്ലാസ്സിലെ പാഠഭാഗങ്ങളിലാണ് ഇപ്പോള്‍ എന്‍സിഇആര്‍ടി കൈക്കടത്തല്‍ നടത്തിയിരിക്കുന്നത്. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും അവരുടെ സ്വാഭാവം, പ്രധാന നേതാക്കള്‍ എന്നിവരെക്കുറിച്ചും കുട്ടികള്‍ പഠിക്കണ്ടെന്നും അതൊന്നും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളല്ല എന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ സ്വീകരിച്ചിരിക്കുന്നത്.
ഇതുമാത്രമല്ല, ശാസ്ത്രം, ഊര്‍ജ്ജം പാഠ്യപദ്ധതികളിലും എന്‍സിഇആര്‍ടി കത്രിക വെച്ചിട്ടുണ്ട്. പീരിയോഡിക് ടേബിള്‍ എടുത്തുമാറ്റിയതാണ് ഇതില്‍ പ്രധാനം. കെമസ്ട്രി പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പീരിയോഡിക് ടേബിള്‍ ഇല്ലാതെ പഠനം സാധ്യമല്ല എന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് പീരിയോഡിക് ടേബിള്‍ എടുത്തു മാറ്റിയിരിക്കുന്നത്.
അതുപോലെ ഊര്‍ജ സ്രോസസ്സുകള്‍, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം തുടങ്ങിയവയും ഇത്തവണ പഠിക്കാനില്ല. ഈ വെട്ടിച്ചുരുക്കലിനെതിരെ നാനാഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു. ഇതോടെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകളില്‍ ചോയ്‌സായി ഇവ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി.
പത്താം ക്ലാസിനു ശഷം ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ജനാധിപത്യത്തെക്കുറിച്ചും സയന്‍സ് തിരഞ്ഞെടുക്കുന്നവര്‍ക്ക് പീരിയോഡിക് ടേബിള്‍ പഠിക്കാമെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. ചരിത്രബോധത്തോടും ശാസ്ത്രബോധത്തോടും കുട്ടികള്‍ വളരേണ്ട എന്ന ചിന്തയുടെ അടിസ്ഥാനത്തിലായിരിക്കണം ജനാധിപത്യം, ശാസ്ത്രം തുടങ്ങി പ്രധാനമായും പഠിക്കേണ്ട ഭാഗങ്ങള്‍ പൂര്‍ണമായും വെട്ടിക്കളഞ്ഞിരിക്കുന്നത്.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെയും രാഷ്ട്രീയമായിട്ടുള്ള ചില നിലപാടുകളെയും തുടര്‍ന്നാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുള്ളത്. അതിന് മറ്റൊരു ഉദാഹരണമാണ് ഗാന്ധിവധം, ഗുജറാത്ത് കലാപം, മുഗല്‍ ചരിത്രം, ഡാര്‍വിന്റെ പരിണാമം, അടിയന്തരാവസ്ഥ, ദളിത് എഴുത്തുകാരെക്കുറിച്ചുള്ള ഭാഗങ്ങള്‍, നക്‌സലൈറ്റ് മൂവ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ ആറു മുതല്‍ പ്ലസ് ടു വരെയുള്ള ചരിത്ര പുസ്തകങ്ങളില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
മത്സരബുദ്ധിയോടെ പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് എന്‍സിഇആര്‍ടി. പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ നിന്നും മുഗല്‍ ചരിത്രം എടുത്തുമാറ്റിയത് വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മുഗല്‍ സാമ്രാജ്യത്തെക്കുറിച്ച് പറയാതെ ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് കൃത്യമായ അനുമാനം നല്‍കാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു നിശ്ചിത കാലയളവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പലഭാഗങ്ങളും ഭരിച്ചിരുന്ന മുഗല്‍ സാമ്രാജ്യം ചരിത്രത്തില്‍ നിന്നും എക്കാലത്തും ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ്.
മധ്യകാലഘട്ടത്തിലെ പ്രധാനപ്പെട്ട സാമ്രാജ്യങ്ങളായിരുന്നു മുഗള്‍ സാമ്രാജ്യവും വിജയനഗര സാമ്രാജ്യവും. ചരിത്രത്തില്‍ ഇത്ര പ്രാധാന്യം അര്‍ഹിക്കവെയാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കി വിജയനഗര സാമ്രാജ്യം നില നിര്‍ത്തിക്കൊണ്ടുള്ള എന്‍സിഇആര്‍ടിയുടെ പരിഷ്‌ക്കരണം. പാഠപുസ്തകങ്ങളില്‍ നിന്നും ഒരു കാലഘട്ടം എടുത്തുകളയുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ബന്ധം മനസ്സിലാക്കാന്‍ കഴിയാതെ വരുമെന്നതാണ് വാസ്തവം.
ഗാന്ധിജിയെ കൊലപ്പെടുത്തിയതില്‍ ഹിന്ദു തീവ്രവാദികളുടെ പങ്കിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതാണ് പരിഷ്‌കരണത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. മഹാത്മാഗാന്ധിയും ദേശീയ പ്രസ്ഥാനവും എന്ന അധ്യായത്തില്‍ ‘ഒരു തീവ്ര ഹിന്ദു പത്രത്തിന്റെ എഡിറ്റര്‍’ എന്ന് നാഥുറാം ഗോഡ്സെയെകുറിച്ച് പരാമര്‍ശിച്ചിരിക്കുന്ന ഭാഗം നീക്കം ചെയ്തിട്ടുണ്ട്. ഗാന്ധി മരിച്ചതാണെന്ന് പാഠപുസ്തകത്തില്‍ രേഖപ്പെടുത്തിയതിലും വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. മരിച്ചതല്ല, ഗാന്ധിയെ കൊന്നതാണെന്ന് പറഞ്ഞ് പ്രമുഖ നേതാക്കന്മാരടക്കം രംഗത്തെത്തിയിരുന്നു.
ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു, ഗാന്ധിയുടെ ഹിന്ദു-മുസ്ലിം ഐക്യ ആശയം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു, ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ കുറച്ചുകാലം നിരോധിക്കപ്പെട്ടിരുന്നു’ എന്നീ ഭാഗങ്ങളും പാഠപുസ്തകത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് പാഠപുസ്തകങ്ങളില്‍ നിന്ന് ചില അധ്യായങ്ങളും ഭാഗങ്ങളും ഇല്ലാതാക്കാനുള്ള എന്‍സിആര്‍ടിയുടെ നീക്കം സംഘടിതമായ ലക്ഷ്യങ്ങളുടെ ഭാഗമായിട്ടായിരുന്നുവെന്നാണ്.
വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയവും മതപരവുമായ ചരിത്രം കൃത്യമായി മാറ്റി മറിച്ച സംഭവമാണ് 2002 ല്‍ നടന്ന ഗുജറാത്ത് കലാപം. ഗുജറാത്ത് കലാപത്തില്‍ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ പലപ്പേഴും വലിയ വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വേദിയായ സംസ്ഥാനമാണ് ഗുജറാത്ത്. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമര്‍ശം പതിനൊന്നാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ ‘അണ്ടര്‍സ്റ്റാന്‍ഡിംഗ് സൊസൈറ്റി’യില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലും ചരിത്രത്തിലും ഇത്രയേറെ പ്രാധാന്യമുള്ള ഗുജറത്ത് കലാപം പാഠഭാഗങ്ങളില്‍ നിന്നും നീക്കം ചെയ്തതില്‍ ക്യത്യമായ സംഘപരിവാര്‍ ഇടപെടല്‍ പ്രകടമാകുന്നതാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എടുത്തു മാറ്റുന്നതിലും എന്‍സിഇആര്‍ടി കൈക്കടത്തല്‍ നടത്തിയിരുന്നു. ശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കിയത് പരിഹാസ്യമാണെന്ന് ശാസ്ത്രജ്ഞരും അധ്യാപകരും ശാസ്ത്ര പ്രചാകരും പറഞ്ഞു. ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തല്‍ കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചിന്താ പ്രക്രിയകളില്‍ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം വാദിച്ചു.
പാഠപുസ്തകം തയ്യാറാക്കിയ അധ്യാപകരുമായോ ചരിത്രകാരന്മാരുമായോ കൂടിയാലോചിക്കാതെയാണ് എന്‍സിഇആര്‍ടി അംഗങ്ങള്‍ പാഠഭാഗങ്ങള്‍ ഓരോന്നായി നീക്കുന്നത്. അധ്യാപകരും ചരിത്രകാരന്മാരും നിരന്തരമായ കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നത്. ഈ പാഠപുസ്തകങ്ങളാണ് ഇഷ്ടാനുസൃതം മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ചരിത്രത്തെ തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പാഠപുസ്തകങ്ങളുടെ പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി എന്‍സിഇആര്‍ടിയുടെ മുന്‍ മുഖ്യ ഉപദേഷ്ടാക്കള്‍ രംഗത്തെത്തിയിരുന്നു.
പാഠപുസ്തകങ്ങളില്‍ സേച്ഛാധിപത്യപരവും യുക്തിരഹിതവുമായ വെട്ടിനിരത്തലുകളാണ് എന്‍സിഇആര്‍ടി നടത്തിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്നാണ് ഇവര്‍ രംഗത്തെത്തിയത്. 2006-07 ല്‍ പ്രസിദ്ധീകരിത്ത പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് മുഖ്യ ഉപദേഷ്ടാക്കള്‍ എന്ന നിലയിലുള്ള തങ്ങളുടെ പേരുകള്‍ ഒഴിവാക്കണമെന്ന് ആ വശ്യപ്പെട്ട് യോഗേന്ദ്ര യാദവും സുഹാസ് പാല്‍ഷിക്കറും എന്‍സിഇആര്‍ടിക്ക് കത്തെഴുതി. പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയത് തങ്ങളോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കുകയും ചെയ്തു.
‘ഇതില്‍ യുക്തിസഹമായ എന്തെങ്കിലുമുണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. തിരിച്ചറിയാനാകാത്ത വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. അധികാരികളെ പ്രീതിപ്പെടുത്താന്‍ മാത്രമാണ് പുതിയ മാറ്റങ്ങള്‍. പുതിയ മാറ്റങ്ങളക്കുറിച്ച് ഞങ്ങളോട് ആലോചിക്കുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. ഈ തിരുത്തലുകള്‍ക്ക് മറ്റാരെങ്കിലുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവരോട് പൂര്‍ണമായി വിയോജിക്കുന്നു. ഏതൊരു പാഠപുസ്തകത്തിനും ഒരു ആന്തരിക യുക്തിയുണ്ട്. അനാവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും പാഠപുസ്തകത്തിന്റെ ആത്മാവ് തന്നെ ഇല്ലാതാക്കും. ഈ പക്ഷപാതപരമായ നടപടി വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യാനും, വിമര്‍ശനം ഉന്നയിക്കാനുമുള്ള കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിന്റെ രാഷ്ട്രീയ തത്വങ്ങളും കാലാകാലങ്ങളായി സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളും പഠിക്കാന്‍ ഇപ്പോഴത്തെ പുസ്തകങ്ങളില്‍ നിന്ന് സാധിക്കില്ല. മുഖ്യ ഉപദേഷ്ടാക്കളായി പാഠപുസ്തകത്തില്‍ തങ്ങളുടെ പേരുകള്‍ വച്ചതില്‍ ഇപ്പോള്‍ ലജ്ജ തോന്നുന്നു’- എന്‍സിഇആര്‍ടിക്ക് അയച്ച കത്തില്‍ പറയുന്നതിങ്ങനെയാണ്.
In view of the regularity with which NCERT is ‘rationalizing’, among other books, political science textbooks, our names should not be used as Chief Advisors, I and Yogendra Yadav @_YogendraYadav request NCERT. Wouldn’t that be an appropriate rationalization? pic.twitter.com/J0LA30YMlP
— suhas palshikar (@PalshikarSuhas) June 9, 2023
പാഠപുസ്തകങ്ങളിലെ പരിഷ്‌കരണത്തെക്കുറിച്ച് വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടയില്‍ കൗണ്‍സിലിനെതിരെ തെറ്റായ പ്രചാരണം നടത്തുന്നെവന്ന് ആരോപിച്ച് വൈസ് ചാന്‍സലര്‍മാര്‍ പ്രസ്താവന ഇറക്കിയിരുന്നു. കേന്ദ്ര സര്‍വ്വകാശാല വൈസ് ചാന്‍സലര്‍മാരുള്‍പ്പടെ 73 അക്കാദമിക് വിദഗ്ധര്‍ ചേര്‍ന്നാണ് പ്രസ്താവനയിറക്കിയത്. രാഷ്ട്രീയ അജണ്ടയ്ക്കായി ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍ പ്രസക്തമായ പാഠഭാഗങ്ങള്‍ എന്തുകൊണ്ട് നീക്കം ചെയ്യപ്പെട്ടു എന്നതിനെ കുറിച്ച് ഇവര്‍ മൗനം പാലിക്കുകയാണുണ്ടായത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെയും ശാസ്ത്രത്തെയും തിരുത്താന്‍ ശ്രമിക്കുമ്പോള്‍ അവ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് കേരളം. എന്‍സിഇആര്‍ടി ഒഴിവാക്കിയ മുഗല്‍ ചരിത്രം, ഗുജറാത്ത് കലാപം അടക്കുമുള്ള ഒഴിവാക്കിയ ഭാഗങ്ങള്‍ പഠിപ്പിക്കാനായി എസ്സിഇആര്‍ടി സപ്ലിമെന്ററി പാഠപുസ്തകങ്ങള്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളം. പാഠപുസ്തകങ്ങളില്‍ ചരിത്രം തിരുത്താനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ചരിത്ര സംഭവങ്ങളെ മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തരിച്ചടിയെന്നോണം സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും പാഠഭാഗങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ആറുമുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കന്നഡഭാഷ, സാമൂഹികപാഠ പുസ്തകങ്ങളില്‍ 18 ഓളം മാറ്റങ്ങളാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ആര്‍എസ്എസ് സ്ഥാപകന്‍ഹെഡ്ഗേവാറിനെക്കുറിച്ചുള്ള ‘ഹു ഷുഡ് ബി ആന്‍ ഐഡിയല്‍ മാന്‍’ എന്ന പാഠഭാഗവും സവര്‍ക്കറെക്കുറിച്ചുള്ള കെ ടി ഗാട്ടിയുടെ ‘കലവന്നു ഗെദ്ദവരു’ എന്ന പാഠഭാഗവുമാണ് ഒഴിവാക്കിയവയില്‍ പ്രധാനം.
കൊവിഡ് സൃഷ്ടിച്ച ആഘാതങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങള്‍ ഒഴിവാക്കുക എന്നീ കാരണങ്ങളാലാണ് പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കുന്നതിനും സര്‍ഗ്ഗാത്മക മനോഭാവത്തോടെയുള്ള പഠനത്തിനും അവസരങ്ങള്‍ നല്‍കാന്‍ ഊന്നല്‍ നല്‍കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമാക്കുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ എന്‍സിഇആര്‍ടി തീരുമാനിക്കുകയായിരുന്നു എന്നുമാണ് വെബ്‌സൈറ്റില്‍ പറയുന്നത്.
പുതിയ വിദ്യാഭ്യാസനയത്തിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബിജെപിയെയോ സംഘപരിപാറിനെയും വിമര്‍ശിക്കുന്ന കാര്യങ്ങള്‍ ഉള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. ഇതുവരെ വെട്ടിക്കളഞ്ഞ പാഠഭാഗങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം മനസ്സിലാകാവുന്നതാണ്.
കാലാനുസൃതമായി പാഠഭാഗങ്ങളിലെ പരിഷ്‌കരണം അനിവാര്യമാണ്. പക്ഷേ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന സുപ്രധാന ഭാഗങ്ങള്‍ എടുത്തുമാറ്റിക്കൊണ്ടുള്ള പരിഷ്‌കരണം ഒരിക്കലും സാധ്യമല്ല. ഭൂതകാലത്തെ കുറിച്ച് കൃത്യമായ അറിവുണ്ടെങ്കില്‍ മാത്രമെ വര്‍ത്തമാനം സാഹചര്യത്തെ വിലയിരുത്താനും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് സാധ്യമാവുകയുള്ളു.