Sat. Jan 18th, 2025

മിഴ്‌നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. അതിന് തിരികൊളുത്തിയിരിക്കുന്നത് ബിജെപിയും. തമിഴ്‌നാട് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ പരസ്പരം പോര്‍വിളി മുഴക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും ബിജെപിയെയും ശക്തമായി എതിര്‍ക്കുന്ന സ്റ്റാലിന്‍ മന്ത്രിസഭയിലെ വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തുകൊണ്ടാണ് തമിഴ്‌നാട് സര്‍ക്കാരിനെ പ്രതിരോധത്തിനാക്കാനുള്ള ആദ്യ ചുവടുവെയ്പ്പ് ബിജെപി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

ഡിഎംകെ മന്ത്രിസഭയിലെ ഒരംഗം അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് മാത്രമല്ല കണ്ടത്, അതിന്റെ പേരില്‍ ബിജെപിയെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിക്കുന്ന എം കെ സ്റ്റാലിനെയും കണ്ടതാണ്. സെന്തില്‍ ബാലാജിയുടെ അറസ്റ്റിലൂടെ തമിഴ്‌നാട് സര്‍ക്കാരും ബിജെപിയും തമ്മിലുള്ള ഒരു തുറന്ന പോരിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ തീരുമാനം. ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ 2015 ല്‍ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് ഇപ്പോള്‍ എം കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ സെന്തില്‍ ബാലാജിയെ ഇഡി പിടികൂടിയത്.

സെന്തില്‍ ബാലാജി Screen-grab, Copyrights: india today

17 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ഇഡിയുടെ അറസ്റ്റ്. ജൂണ്‍ 13 ന് രാവിലെ മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലും കരൂരിലെ വീട്ടിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും അടക്കം ആറിടങ്ങളിലായിരുന്നു ഇഡിയുടെ പരിശോധന. നാടകീയ മൂഹൂര്‍ത്തങ്ങള്‍ക്കായിരുന്നു ജൂണ്‍ 13 ന് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചതെന്ന് പറയാം. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസിലെത്തിയ ഇഡി സംഘം മന്ത്രിയുടെ ചേംബര്‍ ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷം മൂന്നു മണിക്കൂറോളമാണ് പരിശോധന നടത്തിയത്. സെക്രട്ടറിയേറ്റിന്റെ ചരിത്രത്തിലെ തന്നെ അസ്വാഭാവികമായ നടപടിയായിരുന്നു അത്.

17 മണിക്കൂറോളം നീണ്ടു നിന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ പുലര്‍ച്ചെ 1.30 ഓടെ സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ച മന്ത്രിയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്നായിരുന്നു റിപ്പോര്‍ട്ട്. ബാലാജിയുടെ ഹൃദയത്തില്‍ ബ്ലോക്കുകള്‍ ഉണ്ടെന്നും അടിയന്തര ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

അറസ്റ്റിലായ മന്ത്രിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുScreen-grab, Copyrights: Hindustan Times

ജൂണ്‍ 28 വരെ ബാലാജിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കൊണ്ട് ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തു. സെന്തില്‍ ബാലാജിയോട് ഇഡി ക്രൂരമായാണ് പെരുമാറിയതെന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ട ശേഷമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ബാലാജിയുടെ അറസ്റ്റെന്നും സ്റ്റാലിന്‍ പറഞ്ഞു.

മന്ത്രിയുടെ അറസ്റ്റിനെത്തുടർന്ന്  തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമാണ് നടന്നത്. സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്ക് കൃത്യമായ മുന്നറിയിപ്പുമായിട്ടായിരുന്നു വീഡിയോ സന്ദേശവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിനെത്തിയത്. ”ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കൂ. ബാലാജിക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ്. ബാലാജി ജനങ്ങളാല്‍ തിരഞ്ഞെടുത്ത എംഎല്‍എ ആണെന്ന് മറക്കരുത്. ആര്‍ക്കു മുമ്പിലും തലക്കുനിക്കില്ല, ഞങ്ങള്‍ക്കും എല്ലാ രാഷ്ട്രീയവും അറിയാം. ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നായിരുന്നു” സ്റ്റാലിന്‍ പറഞ്ഞത്.

പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അന്വേഷണ ഇടപെടലുകള്‍ ഉണ്ടായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐക്കുള്ള പൊതുസമ്മതവും സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതുമാത്രമല്ല, വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുന്ന കാഴ്ചയാണ് കാണുന്നത്.

ചെന്നൈയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ട് ‘തമിഴ്‌നാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി വേണ്ടേ’ എന്ന തമിഴരുടെ വികാരം ഉണര്‍ത്തിക്കൊണ്ട് അമിത് ഷാ പ്രസംഗിച്ചതിന് പിറ്റേദിവസമാണ് ഇഡിയുടെ നാടകീയ പരിശോധനയും അറസ്റ്റുമൊക്കെ നടക്കുന്നത്.  2024ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്  25 സീറ്റ് പാര്‍ട്ടി നേടുമെന്നും സംസ്ഥാനത്ത് നിന്നുള്ളവര്‍ കാബിനറ്റ് മന്ത്രിമാരാകുകയും ചെയ്യുമെന്നിങ്ങനെ നീളുന്നതായിരുന്നു അമിത് ഷായുടെ പ്രസംഗം.

സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന അസ്വഭാവികമായ സംഭവങ്ങളായിരുന്നു കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയത്. മന്ത്രിയുടെ അറസ്റ്റിന് പിന്നാലെയുള്ള ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നീക്കങ്ങളും ഇവയ്ക്ക് ആക്കം കൂട്ടുന്നവയാണ്. ക്രിമിനല്‍ നടപടി നേരിടുന്നതിനാലും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളതിനാലും സെന്തില്‍ ബാലാജിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിനുള്ള അനുമതി ഗവര്‍ണര്‍ നിഷേധിക്കുകയാണുണ്ടായത്.

തമിഴ്നാട് ഗവർണർ ആർ എന്‍ രവി Screen-grab, Copyrights: static toiimg

ബാലാജിയെ മന്ത്രി പദവിയില്‍ നിന്ന് ഒഴിവാക്കരുതെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഗവര്‍ണര്‍ തള്ളിക്കളയുകയായിരുന്നു. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ഏതൊക്കെ മന്ത്രിമാര്‍ക്ക് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ അധികാരത്തിലും ഗവര്‍ണര്‍ കൈകടത്തി. ബാലാജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തങ്കം തേനരസനും എസ് മുത്തുസ്വാമിക്കും കൈമാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കാന്‍ ആദ്യം വിസമ്മതിച്ച ഗവര്‍ണര്‍ ഒടുവില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപോലെ തന്നെ വൈദ്യുതി വകുപ്പ് നിലവിലെ ധനമന്ത്രി തങ്കം തേനരസനും എക്‌സൈസ് ഭവനവകുപ്പ് മന്ത്രി മുത്തുസ്വാമിക്ക് നല്‍കികൊണ്ട് ഉത്തരവിറക്കി.

എന്നാല്‍ ഗവര്‍ണര്‍ക്ക് മറുപടിയെന്നോണം മുഖ്യമന്ത്രി സ്റ്റാലിന്‍ സെന്തില്‍ ബാലാജിയെ വകുപ്പില്ലാ മന്ത്രിയായി പ്രഖ്യാപിച്ച് പിന്നീട് ഉത്തരവിറക്കുകയും ചെയ്തു. ഏതൊക്കെ വകുപ്പുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം ഗവര്‍ണര്‍ നിയന്ത്രിക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇതാദ്യമല്ല, മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് ഗവര്‍ണര്‍ ആര്‍ എന്‍ രവി തടസം നില്‍ക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി പേരറിവാളനെ ജയിലില്‍ നിന്ന് വിട്ടയയ്ക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നില്ല. ഈ നടപടിയില്‍ സുപ്രീംകോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനവും അദ്ദേഹം നേരിട്ടിരുന്നുവെന്നതാണ് വാസ്തവം.

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നിലെ കാരണം

ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇപ്പോഴത്തെ അറസ്റ്റിനുള്ള സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്ന് സെന്തില്‍ ബാലാജി പണം കൈപ്പറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലാജിക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്കു ശേഷം 2021 ജൂലൈയില്‍ മന്ത്രിക്കും മറ്റു ചിലര്‍ക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. അഴിമതിക്കേസില്‍ സെന്തില്‍ ബാലാജി പണം കൈപ്പറ്റിയെന്നാണ് ഇഡിയുടെ റിപ്പോര്‍ട്ട്. സെന്തില്‍ ബാലാജിയുടെ അക്കൗണ്ടില്‍ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 29.55 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ശക്തനായ ഡിഎംകെ നേതാവായതുകൊണ്ടാണ് സെന്തില്‍ ബാലാജിക്ക് നേരെ ആദ്യം കരുനീക്കിയത്. കൊങ്കു മേഖലയില്‍ അണ്ണാ ഡിഎംകെ, തമിഴ്‌നാട് സ്വീധീനത്തിന് വെല്ലുവിളിയായി മാറിയ നേതാവായിരുന്നു അദ്ദേഹം. 2006 മുതല്‍ എഐഎഡിഎംകെയില്‍ എംഎല്‍എ. ജലലളിതയുടെ മന്ത്രിസഭയിലിരിക്കെ അഴിമതിക്കേസില്‍ കുറ്റാരോപിതനായി. ജയലളിതയുടെ മരണത്തിന് ശേഷം അദ്ദേഹം ടി ടി വി ദിനകരനെ പിന്തുണച്ച് എഎംഎംകെയിലേക്ക് പോയി.

അവിടെ നിന്നും 2018 ല്‍ ഡിഎംകെയിലെത്തി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 2021 ല്‍ എം കെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും വിജയിച്ച് തന്റെ നേതൃത്വത്തിന്റെ കരുത്ത് കാട്ടിയ നേതാവാണ് സെന്തില്‍ ബാലാജി.

മുഖ്യമന്ത്രി സ്റ്റാലിനും സെന്തില്‍ ബാലാജിയും Screen-grab, Copyrights: gumlet. assettype

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ തമിഴ്‌നാട് മേഖല എന്നറിയപ്പെടുന്ന കൊങ്കുനാട് മണ്ഡലത്തില്‍ മാത്രമാണ് ഡിഎംകെയ്ക്ക് സ്വാധീനം ചെലുത്താന്‍ കഴിയാതിരുന്നത്. കൊങ്കുനാട് മേഖലയില്‍ 50 മണ്ഡലങ്ങളില്‍ 36 എണ്ണവും എഐഎഡിഎംകെ സഖ്യമാണ് സ്വന്തമാക്കിയത്. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ കരൂര്‍ മാത്രം ഡിഎംകെ പിടിച്ചെടുത്തു. സെന്തില്‍ ബാലാജിയുടെ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ നാല് സീറ്റും പാര്‍ട്ടി നേടിയത്.

തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനായി ബിജെപിയും ലക്ഷ്യമിട്ടിരിക്കുന്നത് ഈ കൊങ്കുനാടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ച നാല് മണ്ഡലങ്ങളില്‍ രണ്ടെണ്ണവും ഈ മേഖലയില്‍ നിന്നായിരുന്നു. എഐഎഡിഎംകെയെയും ബിജെപിയെയും ഒരുപോലെ നേരിടുക എന്ന ദൗത്യമായിരുന്നു സെന്തില്‍ ബാലാജി ഏറ്റെടുത്തത്. അതില്‍ ഏറെക്കുറെ അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. ബാലാജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും കരൂരില്‍ നിന്നുള്ളവരാണ്. ആരോപണ പ്രത്യാരോപണങ്ങളെ തുടര്‍ന്ന് ഇരുവരും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്.

കര്‍ണാടകയില്‍ കണക്കുകള്‍ പിഴച്ച ബിജെപി, ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണ് തമിഴ്‌നാട്ടില്‍ പയറ്റുന്നത്. സെന്തില്‍ ബാലാജിയുടെ കൈവശം നല്ലൊരു വോട്ട് ബാങ്കുണ്ടെന്ന ഉദ്ദേശത്തോടെയാണ് അദ്ദേഹത്തിന് കുരുക്കുമുറുക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. സാമ്പത്തിക അഴിമതിക്കേസ്സില്‍പ്പെടുത്തി അദ്ദേഹത്തെ നിശബ്ദനാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്തെന്നാല്‍ അഴിമതിക്കേസിലൂടെയും അറസ്റ്റിലൂടെയും മന്ത്രിമാരെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയ്ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്തുക എന്ന ലക്ഷ്യമാകണം മോദിക്കും ബിജെപിക്കുമുള്ളത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം