Mon. Dec 23rd, 2024

മുംബൈ: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ വെറുതെ വിട്ട് കോടതി. മുംബൈ സ്‌പെഷ്യല്‍ സിബിഐ കോടതിയാണ് സൂരജിനെ വെറുതെ വിട്ടത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി സൂരജിനെ വെറുതെ വിട്ടത്. ബോളിവുഡ് താരദമ്പതികളായ ആദിത്യ പാഞ്ചോളിയുടെയും സെറീന വഹാബിന്റെയും മകനാണ് സൂരജ് പാഞ്ചോളി. ജിയാ ഖാന്റെ മരണം നടന്ന് 10 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അടുത്ത ദിവസം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ആരോപിച്ച് ജിയയുടെ അമ്മ റാബിയ ഖാന്‍ രംഗത്തെത്തി. ജിയാ ഖാന്‍ എഴുതിയ ആറുപേജുള്ള ആത്മഹത്യ കുറിപ്പും ഫ്‌ളാറ്റില്‍ നിന്ന് മൂന്ന് ദിവസത്തിന് ശേഷം കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ജിയയുടെ കാമുകനായ സൂരജ് പഞ്ചോളിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് 22 ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം സൂരജ് പഞ്ചോളിക്ക് ജൂലൈയില്‍ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ സൂരജ് മകളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പറഞ്ഞ ജിയയുടെ അമ്മ റാബിയ ഒക്ടോബറില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം