Fri. May 3rd, 2024

ഡല്‍ഹി: ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ദക്ഷിണ ഡല്‍ഹിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ഇ-മെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ 10:49 നാണ് സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിന് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂള്‍ ഒഴിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ വന്‍ജനക്കൂട്ടം തടിച്ചുകൂടിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. ഇതാദ്യമായല്ല സ്‌കൂളിലേക്ക് ബോംബ് ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അജ്ഞാതനില്‍ നിന്ന് സമാനമായ ഇ-മെയില്‍ ലഭിച്ചിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമായി സ്‌കൂളില്‍ പരിശോധന നടത്തുന്നുണ്ട്. സ്‌കൂളില്‍ തിരച്ചില്‍ നടക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം