Wed. Jan 22nd, 2025

തെഹ്‌റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാന്‍. തങ്ങളുടെ സൈനിക കമാന്‍ഡറെ വധിച്ചതിന് തിരിച്ചടി നല്‍കാനാണ് ഇറാന്റെ നീക്കം. 1650 കിലോമീറ്റര്‍ പരിധിയുള്ള ഒരു ബാലിസ്റ്റിക് മിസൈല്‍ അടുത്തിടെ ഇറാന്‍ വികസിപ്പിച്ചതായി റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി അമീറലി ഹാജിസദേഹ് പറഞ്ഞു. ഇത് വളരെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സുലൈമാനിയെ വധിച്ചതിന് പകരം വീട്ടുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പറയുന്നത്.

പാവപ്പെട്ട സൈനികരെ കൊലപ്പെടുത്താന്‍ ഇറാന് യാതൊരു താല്‍പര്യവുമില്ലെന്നും സുലൈമാനിയെ വധിക്കാന്‍ ഉത്തരവിട്ട ട്രംപിനെയും മുന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയെയും സൈനിക ഉദ്യോഗസ്ഥരെയും വധിക്കാന്‍ അവസരം കാത്തിരിക്കുകയാണെന്നും ടെലിവിഷന്‍ പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി. 2020 ല്‍ ബാഗ്ദാദില്‍ വെച്ച് യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. യുഎസിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഭീഷണി പ്രതിരോധിക്കാന്‍ ഇറാന്‍ സമീപ കാലത്ത് മിസൈല്‍ പദ്ധതി വിപുലീകരിച്ചിരുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങുന്നതിനു മുമ്പ് റഷ്യക്ക് ഡ്രോണുകള്‍ നല്‍കിയ കാര്യവും ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം