Sat. May 4th, 2024

പാലക്കാട്: പാലക്കാട് തളികകല്ലില്‍ ഉള്‍വനത്തില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. തളികക്കല്ല് ആദിവാസി കോളനിയിലെ കണ്ണന്റെ ഭാര്യ സുജാത വ്യാഴാഴ്ചയാണ് വനത്തില്‍ പ്രസവിച്ചത്. ഊരില്‍ വെള്ളമില്ലാത്തതിനാല്‍ സുജാതയും കണ്ണനും ഉള്‍വനത്തില്‍ പോയി താമസിക്കുകയായിരുന്നു. മാസം തികയും മുമ്പേ ആണ് സുജാത കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് ശേഷം ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അമ്മയെയും കുഞ്ഞിനെയും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് 680 ഗ്രാം മാത്രമായിരുന്നു തൂക്കം. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഈ മാസം പതിനേഴിന് സുജാതയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മതിയായ പരിചരണം കിട്ടാത്തതിനാല്‍ വീണ്ടും വനത്തിലെത്തി താമസം തുടരുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം