Wed. Dec 18th, 2024
hariyana

ചണ്ഡീഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് രാജസ്ഥാന്‍ യുവാക്കളെ ചുട്ടുകൊന്ന കേസില്‍ പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ അവശനിലയിലായപ്പോള്‍ പൊലീസിന് മുന്നില്‍ എത്തിച്ചിരുന്നുവെന്നാണ് മൊഴി. സംഭവത്തില്‍ അറസ്റ്റിലായ ബജ്‌റംഗ്ദല്‍ പ്രവര്‍ത്തകനായ റിങ്കു സൈനിയുടേതാണ് വെളിപ്പെടുത്തല്‍. ബുധനാഴ്ച രാത്രിയില്‍ കശാപ്പിനായി പശുക്കളെ കടത്തിയെന്നരോപിച്ച് നാലു പേരടങ്ങുന്ന സംഘം നസീറിനെയും ജുനൈദിനെയും അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ്്പറയുന്നത്. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരും അവശരായപ്പോള്‍ സമീപത്തെ ഫിറോസ്പൂര്‍ ജിര്‍ക്ക പൊലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി പശുക്കളെ കടത്തവേ പിടികൂടിയതാണെന്ന് അറിയിച്ചു.

എന്നാല്‍ യുവാക്കളുടെ അവസ്ഥ കണ്ട പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ സമ്മതിച്ചില്ലെന്നും തിരിച്ചയക്കുകയാണ് ഉണ്ടായതെന്നുമാണ് റിങ്കു സൈനിയുടെ മൊഴി. പിറ്റേദിവസമാണ് ഇരുവരെയും വാഹനത്തിനകത്ത് കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്. അതേസമയം, പ്രതിയുടെ മൊഴി പരിശോധിക്കുകയാണെന്നും കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ഹരിയാനയിലെ ബജ്‌റംഗ്ദല്‍ നേതാവ് മോനു മനേസര്‍ ഉള്‍പ്പടെ നാല് പേരാണ് ഒളിവിലുള്ളത്. കഴിഞ്ഞ ദിവസം കുറ്റം നിഷേധിച്ച് പ്രതികള്‍ വീഡിയോ പുറത്തിറക്കിയിരുന്നു. മോനു മനേസഫിനെയും കൂട്ടാളികളെ പിടികൂടുന്നതുവരെ കൊല്ലപ്പെട്ട നസീറിന്റെ ജുനൈദിന്റെയും ഖബറിനരികിലെ പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതേസമയം, പ്രതികള്‍ക്ക് പിന്തുണയുമായി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും റാലി നടത്തി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം