ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്ന കൊളിജീയം സംവിധാനത്തില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊളിജീയത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കേന്ദ്ര നിയമമന്ത്രി കത്ത് നല്‍കി. കൊളിജീയത്തില്‍ ഉന്നത ജുഡിഷ്യറിയും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ നിര്‍ദേശം.
എന്താണ് വിവാദം
ജഡ്ജി നിയമനത്തില്‍ കൊളിജീയം ആവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് കൊളീജീയം സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതില്‍ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് മൂന്നാമതും നല്‍കി കൊണ്ടാണ് അസാധാരണ നടപടി ഉണ്ടായത്.
1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. നവംബറില്‍ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊല്‍ക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കിയത്.
എന്താണ് കോളിജീയം
സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ആര്‍ക്കായിരിക്കണം മേല്‍ക്കൈ എന്ന തര്‍ക്കത്തിന് ഭരണഘടനാ നിര്‍മ്മാണ കാലത്തോളം പഴക്കമുണ്ട്. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്നും അതല്ല, ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും ഭരണഘടനാ അസ്സംബ്ലിയില്‍ തന്നെ രണ്ടഭിപ്രായം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയമിക്കട്ടെ എന്ന വാദഗതിക്കാണ് അന്ന് മേല്‍ക്കൈ ലഭിച്ചത്. ഇതുപ്രകാരം 1993 വരെ നിയമനാധികാരം സര്‍ക്കാരിനായിരുന്നു. 1993ല്‍ ഉന്നത ജഡ്ജിമാരുടെ നിയമനത്തിനുള്ള അധികാരം കൊളീജിയത്തില്‍ നിക്ഷിപ്തമാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 1981ല്‍ ജഡ്ജിമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട എസ് പി ഗുപത് കേസില്‍ എക്‌സിക്യുട്ടിവിന് കൂടുതല്‍ പ്രധാന്യം നല്‍കണമമെന്നായിരുന്നു നിര്‍ദ്ദേശം. 1993ല്‍ അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡും യുണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ 9 അംഗ ബെഞ്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിനായിരിക്കണം പ്രാധാന്യം എന്ന് വ്യക്തമാക്കി. 1998ല്‍ ഇത് വീണ്ടും മറ്റൊരു കേസില്‍ സുപ്രിംകോടതി ആവര്‍ത്തിച്ചു. 1998ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണണന്റെ റഫറന്‍സിനുള്ള അഭിപ്രായത്തിലൂടെയാണ് കൊളിജീയത്തിന്റെ രുപീകരണം ഇറക്കുന്നത്. അന്ന് മുതല്‍ ചീഫ് ജസ്റ്റിസ് തലവനും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അംഗങ്ങളുമായ കൊളീജിയമാണ് ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനമെടുക്കുന്നത്. ഇതനുസരിച്ച് കൊളീജിയം നിര്‍ദേശിക്കുന്ന പേരുകള്‍ അംഗീകരിക്കാനേ കേന്ദ്ര സര്‍ക്കാറിന് കഴിയൂ. അങ്ങനെ നിര്‍ദേശിക്കുന്നയാളുടെ പേരില്‍ എന്തെങ്കിലും കേസുകളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കുകയുമാകാം. അത്രമാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പങ്ക്.
നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍
ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നത് ശരിയല്ലെന്ന വാദത്തില്‍ 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം സംവിധാനത്തിനു പകരമായി നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്‌സ് കമ്മീഷന്‍ (എന്‍ ജെ എ സി) കൊണ്ടു വന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അംഗവും ഉള്‍പ്പെടെ ജുഡീഷ്യറിയില്‍ നിന്ന് രണ്ട് പേരും പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സമുഹത്തില്‍ പ്രമുഖരായ രണ്ട് പേരും ഉള്‍ക്കൊള്ളുന്നതാണ് എന്‍ ജെ എ സി. എന്നാല്‍ ഈ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ പ്രാമുഖ്യം കുറയുകയും എക്‌സിക്യൂട്ടീവിന് മുന്‍ഗണന ലഭിക്കുകയും ചെയ്യുന്നതുവഴി ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്രമായ നിലനില്‍പ്പിനെയും ബാധിക്കുമെന്ന ഹർജിയുടെ അടിസ്ഥാനത്തില്‍ 2015ല്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് എന്‍ ജെ എ സി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും കൊളീജിയം സംവിധാനം തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ഗുണവും ദോഷവും
ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളില്‍ ജുഡിഷ്യറിക്ക് മേല്‍ എക്‌സിക്യുട്ടിവിന് മേല്‍ക്കൈ വന്നാല്‍ എങ്ങിന ബൊധിക്കുമെന്നതാണ് പ്രധാന സംശയം. മോദി സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസത്തിന് ജുഡീഷ്യറി വിധേയപ്പെടുന്ന അവസ്ഥയും വന്നു ചേരുമെന്ന സംശയം ബലപ്പെടുന്നത് ഈ സാഹചര്യത്തലാണ്. ഭരണഘടനക്ക് പകരം മനുസ്മൃതിയും ത്രിവര്‍ണ്ണ പതാകയക്ക് പകരം കാവി കൊടിയും വേണമെന്ന് ആഹ്വാനം ചെയത് ആര്‍ എസ് എസ് ഫാസിസം ഇന്ത്യന്‍ ഭരണഘടന തന്നെ അട്ടിമറിക്കുന്നു എന്ന ആരോപണം ശക്തമാകുന്ന കാലത്താണ് കൊളിജീയം മാറണോ എന്ന ചര്‍ച്ച വീണ്ടും ഉയരുന്നത്. ഭരണഘടന നമുക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് റൈറ്റ് ടു കോണ്‍സ്റ്റിറ്റ്യൂഷണൽ റെമഡീസ്. മൗലിക അവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെടുന്ന പൗരന് അവസാന ആശ്വാസമായി കോടതി നിലക്കൊള്ളുമെന്നു ഇത്തരം കേസുകളില്‍ കോടതിക്ക് സ്വമേധയായി ഇടപെടാമെന്നുമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് ഈ മൗലിക അവകാശത്തെ അംബേദ്കര്‍ വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങളില്‍ ഇടപ്പെട്ട നിശിതമായി തിരുത്താന്‍ ഭരണഘനപരമായി കോടതിക്ക് ചുമതലകളുണ്ട്. കൊളിജീയത്തിന്റെ സുതാര്യത സംബന്ധിച്ചും ആരോപണം ഉണ്ട്.
കൊളീജിയത്തിനും എന്‍ ജെ എ എസിക്കും അതിന്റേതായ പരിമിതികളും പോരായ്മകളുമുണ്ട് എന്താണ് വാസ്തവം. കൊളീജിയം മുഖേനയുള്ള നിയമനത്തില്‍ ബാഹ്യതാത്പര്യങ്ങള്‍ കടന്നു വരാന്‍ സാധ്യതയുണ്ട് എന്നതാണ് പ്രധാന ആശങ്ക. 2025 എന്നത് ആര്‍ എസ് എസിനെയും സംഘപരിവാറിനെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വര്‍ഷമാണ്. ആര്‍ എസ് എസ് രൂപികരിക്കപ്പെട്ട 100 വര്‍ഷം തികയുന്ന വേളയില്‍ രാജ്യം ഹിന്ദു രാഷ്ട്രം ആക്കി മാറ്റപ്പെടണമെന്ന അവരുടെ സ്വപ്നത്തിലേുള്ള ചുവട് വെയ്പ്പക്കാണ് സര്‍ക്കരിന്റ ഓരോ നീക്കങ്ങള്‍ക്കും ആക്കം കൂട്ടുന്നത്.
ആശങ്കകളും പരിഹാരവും
ജുഡിഷ്യറിയും ഫാസിസത്തിന്റെ ആയുധമായി മാറുന്ന കാലഘട്ടമാണ്. ക്ഷേത്രങ്ങള്‍ കമ്മ്യുണിസ്റ്റുകാര്‍ തട്ടിയെടുക്കാതെ താന്‍ രക്ഷിച്ചു എന്ന പറഞ്ഞ ഇന്ദു മല്‍ഹോത്രയുടെ പ്രസ്താവന മുതല്‍ നിരവധി നിരപരാധികള്‍ക്കും സ്റ്റാന്‍ സ്വാമിക്കും ജാമ്യം നിഷേധിച്ച നീതി പീഠം കങ്കണ റണൗട്ടിനും അര്‍ണബ് ഗോസ്വാമിക്കും വേണ്ടി ത്വരിത ഇടപ്പെടല്‍ നടത്തി എന്നതടക്കമുള്ള ആരോപണങ്ങള്‍ വരെ ജുഡിഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ച സംഗതികളാണ. കേന്ദ്ര സർക്കാരിനെതിരായ നിരവധി ഹര്‍ജികളില്‍ വരാന്‍ പോകുന്ന സുപ്രിംകോടതി വിധികള്‍ നിര്‍ണ്ണായകമാണ് എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാരണങ്ങളാണ്.
ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ശരിയായ ഉത്തരവാദിത്വ നിര്‍വഹണത്തിനും തടസ്സം സൃഷ്ടിക്കാത്ത, തെറ്റ് പറ്റുമ്പോള്‍ സര്‍ക്കാരുകളെ തിരുത്താനുള്ള ആര്‍ജവം കോടതികള്‍ക്ക് നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമന രീതി. ഭരണ പരിഷ്‌കരണ കമ്മീഷന്‍, ദേശീയ ഉപദേശക സമിതി, ലോ കമ്മീഷന്‍ തുടങ്ങി പല ഉന്നതതല കമ്മീഷനുകളും ജഡ്ജിമാരുടെ നിയമനത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് നേരത്തെ തന്നെ പഠിച്ചിട്ടുണ്ട്. ജുഡീഷ്യറിക്കും എക്സിക്യൂട്ടീവിനും മേല്‍ക്കൈ ഇല്ലാത്ത തീര്‍ത്തും സ്വതന്ത്രമായ നിയമന സമിതിയാവും പരിഹാരം എന്ന നിര്‍ദ്ദേശം മുന്നോട്ട് വരുന്നതും ഈ സാഹചര്യത്തിലാണ്.