Mon. Dec 23rd, 2024

യുവസംവിധായിക നയന സൂര്യന്റേത് കൊലപാതകമായിരുന്നു എന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ആരെ സംരക്ഷിക്കാനാണ് പൊലീസ് ഈ നാടകമൊക്കെ കളിച്ചത് എന്ന സംശയം സ്വഭാവിമായി ഉയരുന്നുണ്ട്. ആലപ്പാട് എന്ന തീരദേശ ഗ്രാമത്തില്‍ നിന്ന് സിനിമ പലവിധ തഴയലുകളെയും പുറംതള്ളലുകളെയും അതിജീവിച്ച് നടത്തിയ യാത്ര ഇത്ര വേഗം അവസാനിച്ചത് എങ്ങിനെയാണ്.

മരണം

2019 ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ നയന സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്‘ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു. ഗുരു ലെനിന്‍ രാജേന്ദ്രന്റെ മരണം നടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം.

വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന നയന ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു പൊലീസ് നിഗമനം. പ്രമേഹരോഗിയായ നയനയുടെ ഷുഗര്‍ താഴ്ന്ന് മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിച്ചതാകാമെന്നും അനുമാനിച്ചിരുന്നു.

ദുരൂഹത

നയനയുടെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്ത് നയനയുടെ മൂന്നാം ചരമ വാര്‍ഷികം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തോന്നിയ സംശയങ്ങളാണ് പുതിയ വഴിത്തിരിവിന് കാരണമായത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. അതേസമയം പൊലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും അത് സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന് ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടു എന്നാണ് മഹസറിലുള്ളത്. അതേസമയം ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുമില്ല. മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വാതില്‍ കൈകൊണ്ട് തള്ളിത്തുറന്നു എന്നും മൊഴിയിലുണ്ട്. ഏറേ വിചിത്രമായ മറ്റൊരു വാദം നയന  സ്വയം കഴുത്ത് ഞെരിച്ചത് ആകാമെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം ഉള്ളതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്‌സിയോഫീലിയ‘ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന ‘കണ്ടെത്തല്‍’ നയനയുടെ കാര്യത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ല എന്ന് സുഹൃത്തുക്കള്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്.  സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിരളമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പാരമര്‍ശത്തെ സാധൂകരിക്കാന്‍  ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അവസ്ഥയാക്കി മാറ്റിയതാണ് എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.

വിദഗ്ധാഭിപ്രായം

നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൊലപാതക സൂചനയിലേക്കാണ് വ്യക്തതമായും നയിക്കുന്നത് എന്ന് റിട്ടയേര്‍ഡ് എസ് പി ജോര്‍ജ്ജ് ജോസഫ് വോക്ക് മലയാളത്തോട് പറയുന്നു. അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. എന്നാല്‍ കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതവും സംശയാസ്പദമാണ്. ഇത് കൊലപാതകത്തിന്റെ സൂചനയാണെന്ന് ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. സ്വയം കഴുത്ത് ഞെരിച്ച് മരിച്ചു എന്നുള്ള വാദം തീര്‍ത്തും അസംബന്ധമാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി വിദേശ രാജ്യങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യമാണത്. ഒരാള്‍ സ്വയം കഴുത്ത് ഞെരിക്കുമ്പോള്‍ തന്നെ ബോധം പോവുകയും കൈകള്‍ക്ക് ശക്തിയില്ലാതായി തീരുകയും ചെയ്യും. നയനയുടെ കാര്യത്തില്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി പരിശോധിക്കുമ്പോള്‍ ഇത്തരമൊരു വാദം നിലനില്‍ക്കില്ലെന്നും ജോര്‍ജ്ജ് ജോസഫ് ചുണ്ടിക്കാട്ടുന്നു. നയന ചെയ്യാനിരുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ എന്ന പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വെല്ലുവിളികള്‍ ഏറേ

മൂന്ന് വര്‍ഷത്തിനിപ്പുറം കേസ് പുനരന്വേഷണത്തിന് വിധേയമാക്കുമ്പോള്‍ അന്വേഷണ സംഘത്തിന് വെല്ലുവിളികള്‍ ഏറേയാണ്. നയന തമസിച്ചിരുന്ന വീട് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി. വിരലയടാളം അടക്കം നിരവധി നിര്‍ണ്ണായകമായ തെളിവുകള്‍ ഇതിനോടകം നഷ്ട്‌പ്പെട്ടിട്ടുണ്ടാകാം എന്ന് ജോര്‍ജ്ജ് ജോസഫ് ചുണ്ടിക്കാട്ടുന്നു. ഒപ്പം താമസിച്ചിരുന്ന പെണ്‍ക്കുട്ടി അടക്കമുള്ള അടുത്ത സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ആരെങ്കിലും നയനയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കൊന്നതാണോ എന്ന് പോലീസ് പരിശോധിക്കണം. വാജൈനല്‍ സ്വാബ് പരിശോധന ഫലം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. വീടിനകത്ത് നിന്നാണ് വാതില്‍ പൂട്ടിയിരിക്കുന്നത് എങ്കിലും പുറത്ത് നിന്ന് ആര്‍ക്കെങ്കിലും വാതില്‍ അകത്ത് പൂട്ടാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. മൊബൈല്‍ഫോണ്‍ വിശദമായ പരിശോധനയക്ക് അയക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ജോര്‍ജ്ജ് ജോസഫ് പറഞ്ഞു.

കുടുംബത്തിന്റെ നഷ്ടം

ആലപ്പാട് തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയാണ് നയനയുടെ അച്ഛന്‍ അഴീക്കല്‍ സൂര്യന്‍ പുരയിടത്തില്‍ ദിനേശന്‍. നയന മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും അത് വായിച്ച് മനസ്സിലാക്കാന്‍ പ്രാപ്തിയില്ലാത്ത സഹോദരന്‍ മധു പോലീസിന്റെ വാക്കുകള്‍ അപ്പാടെ വിശ്വസിച്ച് മറ്റാരേയും സമീപിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മറ്റാരേയും കാണിക്കാനും തോന്നിയില്ല എന്ന് സഹോദരന്‍ മധു വോക്ക് മലയാളത്തോട് പറയുന്നു. നയനയുടെ മരണത്തിനുശേഷം പലവട്ടം കേസന്വേഷിച്ച തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പോയിരുന്നതായി സഹോദരന്‍ മധു പറഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ നല്ല രീതിയിലാണ് പെരുമാറിയത്. മരണത്തില്‍ അസ്വാഭാവികതയൊന്നും ഉള്ളതായി തോന്നുന്നില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. അതുകൊണ്ടാണ് മറ്റു പരാതിയുമായി മുന്നോട്ടു പോകാതിരുന്നത്. ശത്രുക്കളാരെങ്കിലും ഉണ്ടായിരുന്നതായി നയന ഒരിക്കല്‍പ്പോലും പറഞ്ഞിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു. എല്ലാവരോടും നല്ല സൗഹൃദം സൂക്ഷിക്കുന്ന സ്വഭാവമായിരുന്നു നയനയ്ക്ക്.  എന്നാല്‍, പൊലീസിന്റെ പെരുമാറ്റത്തില്‍ ഇപ്പോള്‍ ദുരൂഹത തോന്നുന്നതായും സഹോദരന്‍ ആരോപിക്കുന്നു. നയനുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം. നയന സൂര്യയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകളിലുടെ അറിഞ്ഞത് മുതല്‍ തളര്‍ന്ന അവസ്ഥയിലാണ് അമ്മ ഷീലയും ബന്ധുക്കളും.

നയനയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയരുമ്പോള്‍ തലസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിയാതെ ഈ കേസന്വേഷണം അട്ടിമറിക്കപ്പെടില്ല എന്നുറപ്പാണ്. ഏതെങ്കിലും ഒരു ജൂനീയര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ പ്രതികളെ സംരക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ ആരെ സംരക്ഷിക്കാനായിരുന്നു ഈ നാടകം എന്ന ചോദ്യം ബലപ്പെടുകയാണ്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പുതിയ തിരകഥക്കൊരുങ്ങുന്നത് ഇതിനുള്ള വിദൂര സാധ്യതകള്‍ പോലുമില്ലെന്നും നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും സംശയം പ്രകടിപ്പിക്കുന്നതും ഇത് കൊണ്ടൊക്കെയാണ്. കൂടുതല്‍ വിചിത്രമായ വാദങ്ങളുണ്ടാക്കി വീണ്ടും ഇരയെയും കുടംബത്തെയും അപമാനിക്കുന്നതിന് പകരം നീതി ന്യായ വ്യവസ്ഥയിലുള്ള സാധാരണക്കാരന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാനെങ്കിലും എന്താണ് യഥാര്‍ത്ഥത്തിൽ നടന്നതെന്ന് കണ്ട് പിടിക്കണം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.