Fri. May 3rd, 2024

സജി ചെറിയാന്റെ മന്ത്രിസഭ പുനപ്രവേശനത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ മന്ത്രിസഭാ പ്രവേശനം ഒരു സാധാരണ വിഷയമല്ലെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താല്‍ മതിയെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. സര്‍ക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ സ്വയം ബോധ്യപ്പെടുംവരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ കോടതി കുറ്റാരോപിതന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.

ഭരണഘടനാ തത്വങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. നാലിന് സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനം നിയമപരമാണോ എന്ന് പരിശോധിക്കാനാണ് സ്റ്റാന്റിംഗ് കൗണ്‍സിലിനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. 

മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനോട് കൂടുതല്‍ വ്യക്തത തേടാം. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.