Mon. Sep 9th, 2024

ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോട്ടയം കിളിരൂര്‍ സ്വദേശി രശ്മി മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പ്രഹസനമാവുകയാണ് എന്ന ആക്ഷേപം വീണ്ടും ശക്തമാവുകയാണ്. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടല്‍ രണ്ട് മാസം മുന്‍പ് വ്യാപക പരാതി ഉണ്ടായതിനെ തുടര്‍ന്ന് പരിശോധന നടത്തി പൂട്ടിയിരുന്നു. ക്രിസ്തുമസിന് തലേന്ന് വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് രശ്മിയുടെ മരണം. ഇതോടെ  ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന പരിശോധനകള്‍ ഉണ്ടായില്ല എന്ന  ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടല്‍ വീണ്ടും തുറന്നതെന്ന് കോട്ടയം അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ വോക്ക് മലയാളത്തോട് പറഞ്ഞു. വീണ്ടും ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുകയും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഈ ഹോട്ടലിനെതിരായി ഇപ്പോള്‍ നിരവധി പരാധികള്‍ ലഭിച്ചിട്ടുണ്ട് ഇവയും കൃത്യമായി അന്വേഷിച്ച് വരുകയാണെന്നും. ജില്ലയില്‍ എല്ലാ സ്ഥാപനങ്ങളിലും പരിശോധന കര്‍ശമാക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

.

എവിടെ നിന്ന് എന്ത് വിശ്വസിച്ച് കഴിക്കും

സംസ്ഥാനത്തുടനീളം ഹോട്ടല്‍ ഭക്ഷ്യ വിഷബാധയുടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടര്‍കഥയായതോടെ പുതിയ ആപ്പ് ഇറക്കി ഒരു പരിധി വരെ ജനങ്ങളെ സുരക്ഷിതമാക്കാം എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം

‘ജനങ്ങള്‍ക്ക് സുരക്ഷിതമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ആപ്പ് പുറത്തിറക്കുന്നുതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ് വോക്ക് മലയാളത്തോട് പറഞ്ഞു. നല്ല ഹോട്ടലുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് ആപ്പ് വലിയ സഹായമാകും. ശുചിത്വം, ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍, തുക എന്നിവയുടെ അടിസ്ഥാനത്തില്‍ റെസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റിയുടെ റെയ്റ്റിങ്ങ് നല്‍കും. ഈ റെയ്റ്റിങ്ങിന്റെ ആടിസ്ഥാനത്തില്‍ ആപ്പിലൂടെ മികച്ച ഭക്ഷണസ്ഥലങ്ങള്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് വി ആര്‍ വിനോദ് വോക്ക് മലയാളത്തോട് വ്യക്തമാക്കി.

ആപ്പ് ഇതുവരെ പൂര്‍ണമായിട്ടില്ല. പൂര്‍ണമാകുന്ന മുറയ്ക്ക് ജനങ്ങള്‍ക്ക് ആപ്പ് ലഭ്യമാക്കും. ജനുവരി 15 ഓടെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാക്കാനാണ് എഫ്എസ്എസ്എഐ ശ്രമിക്കുന്നത്. കേരളത്തിലെ ചെറിയ ഭക്ഷണശാലകള്‍ മുതല്‍ നക്ഷത്ര ഹോട്ടലുകള്‍ വരെയുള്ള എല്ലാ സ്ഥാപനങ്ങളെയും പട്ടികപ്പെടുത്തും. ഭക്ഷണശാലകള്‍ അവയുടെ ശുചിത്വ റേറ്റിംഗ് അനുസരിച്ച് കളര്‍ കോഡ് നല്‍കും. 2006ലെ എഫ്എസ്എസ്എഐ ആക്ടിന്റെ ഷെഡ്യൂള്‍ 4ലെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കോഡ് നല്‍കുക. ഹോട്ടലുകള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഈ ആപ്പിലൂടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശീലനം ലഭിച്ച ജീവനക്കാരും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകളുടെ ആനുകാലിക പരിശോധനയും ആവശ്യമാണ് ഇവ അംഗീകൃത ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് ഏജന്‍സി വഴി റേറ്റിംഗ് നേടാം. ഏകദേശം 800 ബിസിനസുകള്‍ റേറ്റിംഗ് നേടിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദ് പറഞ്ഞു.

ഹോട്ടലുകള്‍ കളര്‍ കോഡില്‍

റേറ്റിംഗിന്റെ അടിസ്ഥാനത്തില്‍ കളര്‍ കോഡിലായിരിക്കും ഹോട്ടലുകളെ അടിസ്ഥാനപ്പെടുത്തുന്നത്. ഏറ്റവും ശുചിത്വമുള്ള സ്ഥാപനങ്ങളെ 5 സ്റ്റാര്‍ റേറ്റിംഗില്‍ പച്ചനിരത്തിലാവും നല്‍കുക. 4 സ്റ്റാര്‍ റേറ്റിംഗിലുള്ള സ്ഥാപനങ്ങളെ മഞ്ഞ, 3 സ്റ്റാര്‍ റേറ്റിംഗിലുള്ള സ്ഥാപനങ്ങള്‍ക്ക് പിങ്ക്, അവസാന ക്യാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്ക് നീല നിറത്തിലുമാകും നല്‍കുക എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി.

ഈ ആപ്പില്‍ ഓരോ സ്ഥാപനത്തെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍, ഫോട്ടോ ഗ്യാലറി, നിരക്കുകളുടെ അവലോകനം, ഹോട്ടലുകളില്‍ എത്തിച്ചേരാനുള്ള എളുപ്പവഴി എന്നിവയുണ്ടാകുമെന്ന് വിനോദ് പറഞ്ഞു. കേരളത്തില്‍ 2 മുതല്‍ 3 ലക്ഷം വരെ എഫ്എസ്എസ്എഐയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുണ്ട്. ഈ ആപ്പ് ഹോട്ടലുകളെ കൂടുതല്‍ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കാന്‍ സഹായകരമാക്കുമെന്നും കമ്മീഷണര്‍ ചൂട്ടികാട്ടി.

പരാതി നല്‍കാം

ഭക്ഷ്യവിഷബാധ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിനും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലും പരാതി നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗത്തിനു പരാതി നല്‍കിയാല്‍ അവരും പരിശോധന നടത്തും. കുറ്റക്കാരെന്നു കണ്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതിനു ശുപാര്‍ശ ചെയ്യുകയാണ് പതിവ് എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.