Fri. Nov 22nd, 2024

ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതു ആശങ്കയാകുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.

യുഎസില്‍ വീണ്ടും അതിവേഗ വ്യാപനത്തിനു കാരണമാകുന്ന ഒമിക്രോണിന്റെതന്നെ ‘എക്സ്ബിബി.1.5′ ഉപവിഭാഗത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ജനിതകമാറ്റങ്ങള്‍ ഇതിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കി എന്നാണ് പഠനങ്ങള്‍. യുഎസില്‍ ഡിസംബര്‍ 24 വരെയുള്ള ആഴ്ച ആകെ കേസുകളുടെ 21.7% മാത്രമായിരുന്നു എക്സ്ബിബി.1.5 സാന്നിധ്യം. ഇപ്പോഴത് 40% ആയി. ഇന്ത്യയിലും സിംഗപ്പൂരിലും നേരത്തേ കണ്ടെത്തിയ എക്സ്ബിബി ഉപവിഭാഗത്തില്‍ നേരിയ മാറ്റങ്ങള്‍ സംഭവിച്ചതാണ് എക്സ്ബിബി.1.5.

ഇപ്പോഴും 0.17% മാണ് ഇന്ത്യയിലെ  കോവിഡ് സ്ഥിരീകരണ നിരക്ക്. എക്സ്ബിബി വകഭേദം ഭീകരനല്ലെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ വിശദീകരിച്ചെങ്കിലും എക്സ്ബിബി.1.5ന്റെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ഇന്ത്യയില്‍ എക്സ്ബിബി റിപ്പോര്‍ട്ട് ചെയ്തത് ബംഗാള്‍, ഒഡീഷ, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ലാണ്. അടുത്ത 40 ദിവസം നിര്‍ണായകമാണെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ അധ്യക്ഷതയില്‍ ഇന്നു യോഗം നടക്കും.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.