Mon. Dec 23rd, 2024

കൊച്ചി:

റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായ ഭാഷയിലാണ് കേരള ഹെെക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്. ഒരു മഴ പെയ്താൽ വെള്ളം നനഞ്ഞാലുടൻ റോഡ് പൊട്ടിപൊളിയുന്നതിനെ കോടതി പരിഹസിക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ റോഡ് പശവെച്ചാണോ നിർമിച്ചതെന്നായിരുന്നു ഹെെക്കോടതിയുടെ പരിഹാസം. പൊതുമരാമത്ത് വകുപ്പിനെയും കൊച്ചി കോർപറേഷനെയും ഹെെക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങൾക്കും ഇതേ ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത്.

റോഡിന്റെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞ് മടുത്ത കൊച്ചിക്കാർ ഇനിയെന്ത് പറയാൻ, ആരോട് പറയാൻ , ഇനി അനുഭവിക്കുക തന്നെയെന്ന് പറയുന്ന സാഹചര്യത്തിലേക്ക് എത്തി. കാരണം റോഡ് തകർച്ചയെ കുറിച്ചും യാത്രാ ദുരിതത്തെ കുറിച്ചും പലകുറി പറഞ്ഞിട്ടും യാതോരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ വെെകാരിക പ്രതികരണം.

കൊച്ചിയിലെ റോഡുകളെല്ലാം ശോചനീയാവസ്ഥയിലാണെന്നും വെെറ്റിലയിലാകട്ടെ രാത്രിയെന്നോ പകലെന്നോയില്ലാതെ ​ഗതാ​ഗത കുരുക്ക് രൂക്ഷമാണെന്നും വെെറ്റിലയിലെ ASADI കോളജ് വിദ്യാർത്ഥിയായ ബിജോ വർ​ഗീസ് പറയുന്നു. കൊച്ചിയിലെ റോഡുകളുടെ നിർമാണെത്തെ കുറിച്ചുള്ള ഹെെക്കോടതിയുടെ പരിഹാസം വളരെ ശരിയാണെന്നും ബിജോ വർ​ഗീസ് പറയുന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ആയി കിടക്കുന്നതിനാൽ ബെെക്കോടിച്ച് കോളേജിലേക്ക് എത്തുമ്പേഴേക്കും വളരെ വെെകുമെന്നും എല്ലാ ദിവസം വെെകിയാണ് കേളേജിലേക്ക് എത്തുന്നതെന്നും ഈ  വിദ്യാർത്ഥി പറയുന്നു

ഈ മഴക്കാലത്ത് വാട്ടർ അതോറിറ്റി പെെപ്പ് ഇടാനായി റോഡ് കുത്തിപ്പൊളിച്ചിട്ട് നിർമാണം പൂർ‌ത്തിയാകാത്തതാണ് റോഡ് പൊട്ടിപ്പെളിയാനും റോഡ് കുണ്ടും കുഴിയും ആകാനും കാരണം എന്നാണ് പൊതുജനം പറയുന്നത്. റോഡ് വെട്ടിപ്പൊളിച്ച് നശിപ്പിട്ടിച്ചിരിക്കുകയാണെന്ന് വെെറ്റില മൊബിലിറ്റി ഹബ്ബിനടുത്ത് കട നടത്തുന്ന റഷീദ പറയുന്നു.

ഒരുപാട് അപകടങ്ങൾ ദിനംപ്രതി ഉണ്ടാകാറുണ്ട് ഇവിടെ. മന്ത്രിമാരും സർക്കാരും ഇങ്ങനെയായൽ എന്ത് ചെയ്യാനാണ് സാധാരണക്കാർ. എല്ലാം സഹിക്കുക തന്നെ. പിന്നെ ആരോടാണ് ഇതേകുറിച്ച് പറയേണ്ടത്. പറഞ്ഞിട്ടും ഒരു നിവൃത്തിയും ഇല്ലെന്നും റഷീദ വോക്ക് മലയാളത്തോട് പറഞ്ഞു. റോഡ് ഇങ്ങനെയായത് മൂലം മാസങ്ങളായി ദുരിതമനുഭവിക്കുകയാണെന്നും മക്കൾ ബസ്സിൽ പോകുമ്പോൾ സ്കൂളിൽ സമയത്ത് എത്തുന്നില്ലെന്നും  ചിറ്റൂർ സ്വദേശിയായ രമേശ് പറയുന്നു. 8. 30 ജോലിക്ക് എത്തണമെങ്കിൽ രണ്ടര മണിക്കൂർ മുമ്പ് ഇറങ്ങേണ്ട സാഹചര്യമാണെന്നും രമേശ്  പറഞ്ഞു.

മഴ ശക്തിപ്രാപിക്കുമ്പോൾ‌  ഈ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഇനിയും ഇങ്ങനെ യാത്ര ചെയ്യേണ്ട ​ഗതികേടോർത്ത് നെടുവീർപ്പിടുകയാണ് പൊതുജനം

By Binsha Das

Digital Journalist at Woke Malayalam