Tue. Sep 26th, 2023

“ഞാനൊരു ഹൃദോഹിയാണ്. എനിക്ക് ഡോക്ടറെ കാണാൻ പോകണമെങ്കിൽ പോലും ഇപ്പോൾ വലിയ ബുദ്ധിമുട്ടാണ്. ഈ വഴി ഇല്ലാത്തതിനാൽ മെയിൻ റോഡിലേക്ക് വന്നാൽ മാത്രമേ വണ്ടിയിൽ പോകാൻ കഴിയൂ. അതും നഗരം മൊത്തം ചുറ്റി പോകേണ്ട അവസ്ഥയാണ്.” മിഷൻ സ്കൂൾ തെക്കുംഭാഗത്ത് താമസിക്കുന്ന എ. അയ്യപ്പന്റെ മാത്രം അവസ്ഥയല്ല ഇത്. തൃപ്പുണിത്തറ അന്ധകാരതോട് പാലത്തിന്റെ പുനർനിർമ്മാണം അനന്തമായി നീളുന്നത് മൂലം യാത്രക്കാരും കച്ചവടക്കാരുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടിലാണ്. 

മൂന്നു മാസം കൊണ്ട് പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്ന് ഉറപ്പോടെയായിരുന്നു ജനുവരിയിൽ അന്ധകാരതോട്ടിനു കുറുകെയുണ്ടായിരുന്ന പാലം പൊളിച്ചത്. കഴിഞ്ഞ മാസം ഇവിടെ അപകടത്തിൽപ്പെട്ട് ഒരു യുവാവിന്റെ ജീവൻ നഷ്ടമായിട്ടും, നിർമ്മാണം മന്ദഗതിയിൽ തന്നെയാണ്. 

തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിലെ അന്ധകാരതോടിനു കുറുകെയുണ്ടായിരുന്ന പാലം, ബലക്ഷയം, റോഡിനു വീതികൂട്ടൽ എന്നീ കാരണങ്ങൾ കാണിച്ചായിരുന്നു പൊളിച്ചിരുന്നത്. എന്നാൽ പാലം പൊളിക്കാൻ പോകുന്നത് തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് ചില നാട്ടുകാർ പറയുന്നത്. 

ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും, കൃത്യമായ നിർമ്മാണ മേൽനോട്ടമില്ലാത്തതുമാണ് പണി വേഗത്തിൽ നടക്കാത്തതെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. അധികദിവസങ്ങളിലും നാലു തൊഴിലാളികൾ മാത്രമാണുള്ളത്. മഴ കൂടെ കനത്തതോടെ ഇവർ ചില ദിവസങ്ങളിൽ പണി നിർത്തിവെയ്ക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. നിർമ്മാണത്തിന് ആരുടെയും കൃത്യമായ മേൽനോട്ടമില്ലാത്തത് കരാറുകാരന്റെയും പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുള്ള വീഴ്ച തന്നെയാണ്. 

ജൂൺ നാലിന് പുലർച്ചെ പാലത്തിനോട് ചേർന്നുള്ള ഗർത്തത്തിൽ വീണ് ബൈക്ക് യാത്രികനായ ഒരു യുവാവ് മരിക്കുകയും മറ്റൊരു യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെടുകയും നാല് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കരാറുകാരനെയും ഉദ്യോഗസ്ഥരെയും പോലീസ് അറസ്റ്റും ചെയ്തു.

സംഭവത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് പാലം പണി ഉടനെ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് മണിക്കൂർ ധർണ നടത്തിയിരുന്നു. ഇതേ തുടർന്നാണ് പണി നടക്കുന്നതിനു ചുറ്റും സൂചനപോസ്റ്ററുകളും വെച്ചതും വഴി ബ്ലോക്ക് ചെയ്തതും. അതിനുശേഷം നേരിയ രീതിയിലെങ്കിലും പ്രവർത്തനം പുരോഗമിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

നിലവിൽ പുതിയകാവിൽ നിന്നും മാർക്കറ്റിലേക്ക് പോകുവാൻ വാഹനങ്ങൾ തൃപ്പൂണിത്തുറ നഗരം ചുറ്റി സ്റ്റാച്യു – കിഴക്കേക്കോട്ട – ചന്ത വാതിൽ റോഡിലൂടെ പോകേണ്ട സാഹചര്യമാണ്. ഈ വഴി വൺവേ ആയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. “പാലത്തിനടുത്ത സ്ഥലങ്ങളിലെല്ലാം രാവിലെയും വൈകീട്ടും വലിയ ബ്ലോക്ക് ആണ്. തൊട്ടടുത്തുള്ള മിഷൻ സ്കൂളിൽ പഠിക്കുന്ന മക്കളെ കൊണ്ടാക്കാൻ ചുറ്റി പോകേണ്ട അവസ്ഥയാണ്. ബ്ലോക്കും  കൂടിയാകുമ്പോൾ എന്നും നേരം വൈകും. രാവിലെ കോട്ടയം ഭാഗത്ത് നിന്നുള്ളവരൊക്കെ സിപോർട്ട് – എയർപോർട്ട് റോഡിലേക്കെത്താൻ പാലം പണി നടക്കുന്നത് അറിയാതെ ഇതിലൂടെ വരാറുണ്ട്. പണി നടക്കുന്നത് കണ്ട് ഈ വണ്ടികളെല്ലാം തൊട്ടടുത്ത വഴിയിലൂടെ തിരിച്ചു പോകുന്നതാണ് ബ്ലോക്കിന് പ്രധാന കാരണം.” ഔട്ടോ തൊഴിലാളിയും പ്രദേശവാസിയുമായ ഫരീദ് എംഎം പറയുന്നു. 

പാലത്തിനോട് ചേർന്നുള്ള മിഷൻ സ്കൂൾ തെക്കുഭാഗത്തെ പ്രദേശവാസികളാണ് പാലത്തിന്റെ പണി പൂർത്തിയാകാത്തതിനാൽ ഏറെ കഷ്ടപ്പെടുന്നത്.  ഈ വഴികളിലൂടെ ഇരുചക്ര വാഹനമല്ലാതെ മറ്റൊന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്നില്ല. രോഗികളായ പല പ്രദേശവാസികളും ആശുപത്രിയിൽ പോകാൻ പോലും റോഡിലേക്ക് നടന്നു വരേണ്ട അവസ്ഥയാണ്. ഇവിടെയുള്ളവർക്ക് മാർക്കറ്റ് റോഡിലേക്ക് കടക്കുന്നതിനായി പാലത്തിനു കുറുകെ തെങ്ങുംതടി വെച്ച് താത്കാലിക പാലം ഉണ്ടാക്കിയിരുന്നെങ്കിലും, ഈ ഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട ദുർഗന്ധം കാരണം നടക്കാനാകില്ല. സ്കൂളിലേക്കുള്ള കുട്ടികളും, പ്രായം ചെന്നവരും മറ്റും ഉറപ്പില്ലാത്ത ഈ താത്കാലിക പാലം വഴി പോകുന്നതും അപകടകരമാണ്. 

പതിനൊന്നു കോടിയോളം മുടക്കി 2018 ൽ തുടങ്ങിയ അന്ധകാരത്തോടിന്റെ പുനരുദ്ധരണം പാതിവഴിയിൽ നിൽക്കെയാണ്, പാലം പുനർനിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്. തോട് ഇപ്പോഴും ചെടികൾ വളർന്ന്, കാട് മൂടി കിടക്കുകയാണ്. മാലിന്യം തള്ളാതിരിക്കാൻ കനാലിന്റെ ഇരുവശത്തും അവിടവിടങ്ങളിലായി ഇരുമ്പിന്റെ വല വെച്ച്, അതിനു സമാന്തരമായുള്ള റോഡുകൾ പകുതി വരെ ഇന്റർ ലോക്ക് ചെയ്തു എന്നുമല്ലാതെ മറ്റൊരു പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. 

ഒരാഴ്ച കൊണ്ട് പാലം പണി തീരുമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. എന്നാൽ രണ്ടു പ്രവൃത്തികളും എന്ന് തീരുമെന്ന് ഇപ്പോഴും നിശ്ചയമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇതിനൊപ്പം മഴ കനക്കുന്നതും നിർമ്മാണത്തിന് തിരിച്ചടിയാവും. എന്തായാലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പാലം പണി ഇത്രത്തോളം നീണ്ടതെന്നും, നൂറു കണക്കിന് ആളുകൾ ഇതിന്റെ ദുരന്തം ദിവസേന അനുഭവിക്കുന്നതെന്നും മാത്രം നിസ്സംശയം പറയാം.