Fri. Nov 22nd, 2024

ശാസ്ത്രം നുണ പറയുന്നില്ലെന്നും, എന്നാൽ മോദി പറയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച സർക്കാർ കണക്കുകളെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ ഇന്ത്യയിൽ 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് പറയുന്നത്. പക്ഷെ സർക്കാർ അവകാശപ്പെടുന്നത് 4.8 ലക്ഷം കൊവിഡ് മരണങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  

കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം കൊടുക്കണം. മരിച്ച ആളുകളോട് ബഹുമാനം കാണിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് മരണക്കണക്ക്. സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെക്കാൾ പത്തിരട്ടി അധികമാണ് ഇന്ത്യയിലെ കോവിഡ് മരണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെ ഇന്ത്യയിൽ 47 ലക്ഷം പേർ മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. പക്ഷെ വിവിധ രാജ്യങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ 60 ലക്ഷം പേർ മാത്രമാണ് ലോകത്ത് കൊവിഡ് ബാധിച്ചു മരിച്ചത്.