Fri. Mar 29th, 2024

വിദേശ ഉത്പന്നങ്ങളുടെ ഉപയോഗം കുറച്ച് പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈൻ വഴി ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നൂതന സാങ്കേതിക വിദ്യയെയും വ്യവസായത്തെയും രാജ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ന് ഓരോ ദിവസവും ഡസൻ കണക്കിന് സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. സ്വാശ്രയ ഇന്ത്യയിലേക്കുള്ള പാതയിലാണ് നമ്മളിപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ഗവൺമെന്റ് ഇ-മാർക്കറ്റിനെ കുറിച്ച് സംസാരിച്ച അദ്ദേഹം, 40 ലക്ഷത്തിലധികം വിൽപ്പനക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ഗവൺമെന്റ് ഇ-മാർക്കറ്റിലൂടെ വിൽക്കുന്നുണ്ടെന്നും അറിയിച്ചു. ഇപ്പോൾ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള ഉത്പാദകർ വരെ അവരുടെ ഉൽപ്പന്നങ്ങൾ സർക്കാരിന് നേരിട്ട് വിൽക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.