Thu. May 2nd, 2024

മഹേന്ദ്രസിങ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സ്  ക്യാപ്റ്റന്‍ പദവിയൊഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ നായകന്‍.  ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെയാണ് ധോണിയുടെ പ്രഖ്യാപനം.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ ധോണിയായിരുന്നു സിഎസ്കെ ക്യാപ്റ്റന്‍. 220 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്ന് ധോണി നേടിയത് 4,746 റണ്‍സ്; സ്ട്രൈക്ക് റേറ്റ് 135.83. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ചെന്നൈ സൂപ്പർ കിങ്‌സ് പരസ്യമാക്കിയത്.

‘മഹേന്ദ്രസിങ് ധോണിയ ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനത്തുനിന്ന് മാറ്റാനും പകരം നായകനായി രവീന്ദ്ര ജഡേജയെ നിയോഗിക്കാനും തീരുമാനിച്ചു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ജഡേജ. ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് ജഡേജ. ഈ സീസണിലും തുടർന്നുള്ള സീസണുകളിലും ധോണി ചെന്നൈയ്ക്കായി കളിക്കും’ – ചെന്നൈ സൂപ്പർ കിങ്‌സ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.