Fri. May 3rd, 2024
എടക്കര:

പകൽ സമയങ്ങളിൽപോലും കാട്ടാനകൾ ഭീതി പടർത്തുന്ന ഉൾക്കാട്‌. ചെങ്കുത്തായ മലയോരം. കാലൊന്ന്‌ തെറ്റിയാൽ എല്ലാം അവസാനിച്ചേക്കാവുന്ന കാട്ടുവഴികൾ.  എങ്കിലും കരുളായി ഉള്‍വനത്തിലെ പൂച്ചപാറ ട്രൈബൽ കോളനിയിലെ മണി, ഒമ്പതുകാരി മകള്‍ മീനാക്ഷിയുമായി അഞ്ചുദിവസം നടന്ന്‌ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി.

ഹൈഡ്രോ കെസഫാലസ്‌ (തലയ്ക്ക് നീരുവച്ച്‌ തലച്ചോര്‍ ചുരുങ്ങിപ്പോകുന്ന രോഗം) ആണ്‌ മീനാക്ഷിക്ക്‌. കാലിന്‌ ജന്മനാലുള്ള വൈകല്യവുമുണ്ട്‌. സമഗ്ര ശിക്ഷാ കേരളം ബിആർസി കോ–ഓർഡിനേറ്റർ എം മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന സര്‍വേയിലാണ് അപൂര്‍വമായി കാണപ്പെടുന്ന ഹൈഡ്രോ കെസഫാലസ് രോഗം ബാധിച്ച് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത മീനാക്ഷിയെ കണ്ടെത്തിയത്‌.

ആദ്യഘട്ടത്തിൽ ചികിത്സയോട് വിമുഖത കാണിച്ച കുടുംബം പി വി അൻവർ എംഎൽഎയുടെയും ബിആർസി, ആരോഗ്യവകുപ്പ്‌ എന്നിവയുടെയും നിരന്തര ഇടപെടലിനെ തുടർന്നാണ്‌ ചികിത്സിക്കാൻ തയ്യാറായത്‌. പൂച്ചപ്പാറ കോളനിയിൽനിന്ന്‌ ഒമ്പത്‌ കിലോമീറ്റർ നടന്ന്‌ അഞ്ചു ദിവസംകൊണ്ടാണ്‌ കണ്ണിക്കയിലെത്തിയത്‌.  മണിയും ഭാര്യയും മകൾ മീനാക്ഷിയും ആറുമാസം പ്രായമുള്ള കുഞ്ഞുമടക്കം ഏഴുപേരാണ്‌ മലയിറങ്ങിയത്‌. 

കണ്ണിക്കയിൽനിന്ന്‌ 23 കിലോമീറ്റർ ഉൾവനത്തിലൂടെ വാഹനത്തിൽ യാത്രചെയ്‌ത്‌ കരുളായിയിൽ എത്തി. ഇവിടെ വനംവകുപ്പിന്റെ ക്വാർട്ടേഴ്‌സിൽ താമസസൗകര്യം ഒരുക്കി. ശനിയാഴ്ച രാവിലെയാണ്‌ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശനം നേടിയത്‌.

നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി എൻ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം ചികിത്സ ആരംഭിച്ചു.  രണ്ട് ആരോഗ്യ വള​ന്റിയർമാരെ പട്ടിക വർഗ വകുപ്പ് സഹായത്തിനും നിയോഗിച്ചിട്ടുണ്ട്.
ചികിത്സ ഉറപ്പുവരുത്തി മന്ത്രിമാർ
പൂച്ചപ്പാറ കോളനിയിലെ മീനാക്ഷിക്ക്‌ വിദഗ്‌ധ ചികിത്സ ഉറപ്പുവരുത്താൻ മന്ത്രിമാരായ കെ രാധാകൃഷ്ണനും വീണാ ജോർജും അധികൃതർക്ക്‌ നിർദേശം നൽകി.  പി വി അൻവർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണിത്‌.