റഷ്യയുമായി ഇന്ത്യക്കുള്ള മികച്ച ബന്ധം പരിഗണിച്ച് റഷ്യൻ ആക്രമണത്തിൽ പ്രശ്ന പരിഹാരത്തിനായി ഇന്ത്യയുടെ ഇടപെടൽ തേടി യുക്രൈൻ. ഈ നിമിഷത്തിൽ, ഞങ്ങൾ ഇന്ത്യയുടെ പിന്തുണയ്ക്കായി അപേക്ഷിക്കുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തിനെതിരെ ഏകാധിപത്യ ഭരണകൂടത്തിന്റെ ആക്രമണമുണ്ടാവുമ്പോൾ അതിന്റെ ആഗോള വ്യാപ്തി കണക്കിലെടുത്ത് ഇന്ത്യയോട് ഇടപെടണമെന്നും യുക്രെെൻ അംബാസഡർ ഇഗോൾ പൊലിഖ ആവശ്യപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തനും ആദരണീയനുമായ നേതാക്കളിൽ ഒരാളാണ് മോദി ജി എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി ഇന്ന് പോയ എയർ ഇന്ത്യ വിമാനം, റഷ്യന്‍ സൈനിക നീക്കത്തിന്റെ ഭാഗമായി തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതായി യുക്രൈന്‍ അറിയിച്ചതോടെ തലസ്ഥാനമായ കിവിൽ നിന്നും മടക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്നും പോയ എഐ 1947 വിമാനമാണ് മടങ്ങിയത്. അതെ സമയം യുക്രൈനിൽ കുടുങ്ങിയവരെ കരമാർഗ്ഗം രക്ഷിക്കാനുള്ള നീക്കവും ഇന്ത്യ തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഇതിനായി ഇന്ത്യ മധ്യേഷ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ്.