Wed. Apr 17th, 2024

യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ചതോടെ ലോകരാജ്യങ്ങളും ആഗോള വിപണിയും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.  യുദ്ധം തുടങ്ങിയാൽ യുറോപ്പിലെ എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നതിനാൽ വിപണിയിലെ എണ്ണ വില കുത്തനെ ഉയരുകയാണ്. ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പത്തിലേക്കാണ് നയിക്കുന്നത്. അതേ സമയം ആഗോള ഓഹരി വിപണി തുടർച്ചയായി തകർച്ചയിലേക്കും പോവുകയാണ്. 

ആഗോള തലത്തില്‍ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി മതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യൂറോപ്പിന്റെ വന്‍ റിഫൈനറികളിലേക്കുള്ള ഭൂരിഭാഗം എണ്ണയും, യൂറോപ്പിലേക്ക് 35 ശതമാനം പ്രകൃതിവാതകങ്ങളും റഷ്യയാണ് വിതരണം ചെയ്യുന്നത്. വ്ളാദ്മിർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതു മുതൽ ഉയരാൻ തുടങ്ങിയിരുന്ന അസംസ്‌കൃത ക്രൂഡ് ഓയിലിന്റെ വില 25 ശതമാനം വർദ്ധനവോടെ 2014 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തിക്കഴിഞ്ഞു. നിലവിൽ ബാരലിന് നൂറ് ഡോളർ പിന്നിട്ട ക്രൂഡ് ഓയിലിന്റെ വില, 150 ഡോളറിൽ വരെ എത്തുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. അങ്ങനെ വന്നാൽ ആഗോള ഡിജിപി വളർച്ച 0.9 ശതമാനമാക്കി ചുരുങ്ങും. ഇത് ഇന്ത്യയിൽ വൈദ്യുതി, സിഎൻജി എന്നിവയുടെ നിരക്ക് വർദ്ധനവിനും, മണ്ണെണ്ണ, എൽ. പി. ജി എന്നിവയുടെ സബ്‌സിഡി വർദ്ധനവിനും കാരണമാകുമെന്നും വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആഗോള ഓഹരി വിപണയിലും ഇന്ത്യന്‍ വിപണികളിലും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്സ് 1,428.34 പോയിന്റ് താഴ്ന്ന് 55,803.72ലും നിഫ്റ്റി 413.35 പോയിന്റ് താഴ്ന്ന് 16,647.00ലും എത്തി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ബിഎസ്ഇയിലെയും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെയും (എന്‍എസ്ഇ) ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ക്ക് തിരിച്ചടിയായിരുന്നു. എസ് ആന്റ് പി ബിഎസ്ഇ സെന്‍സെക്സ് 68.62 പോയിന്റ് (0.12 ശതമാനം) ഇടിഞ്ഞ് 57,232.06 ലെത്തിയപ്പോൾ നിഫ്റ്റി 50 28.95 പോയിന്റ് (0.17 ശതമാനം) ഇടിഞ്ഞ് 17,063.25 ലെത്തി. 

യുക്രൈൻ – റഷ്യൻ യുദ്ധം ഇന്ത്യയിലെ പെട്രോൾ ഡീസൽ വില വർദ്ധനവിനും കാരണമാകും. നവംബറിൽ പത്തു രൂപ കുറച്ച ഇന്ധനവില, യുദ്ധ സാഹചര്യത്തിൽ ഏഴ് രൂപയോളം കൂടുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. അസംസ്‌കൃത എണ്ണയ്ക്ക് നാലു ശതമാനം വർദ്ധനവാണ് ഈ മാസം ഇരുപത്തിരണ്ടാം തീയ്യതി മാത്രം ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ ഈ വിലവർദ്ധനവ്  ഇന്ത്യയെ കാര്യമായി ബാധിക്കും. ഇന്ധനവില വർദ്ധനവ് അവശ്യവസ്തുക്കളുടെ വില വർദ്ധനവിലേക്ക് നയിക്കും. 

ആഗോള സ്വർണ്ണ വിലയും കുത്തനെ ഉയരുകയാണ്. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയും ഗ്രാമിന് 4685 രൂപയുമായി.

ആഗോള ഗോതമ്പ് ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ള രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. ഈ രണ്ടു രാജ്യങ്ങളും ചേർന്നാണ് ലോകത്തിന്റെ മൊത്തം ഗോതമ്പ് കയറ്റുമതിയുടെ നാലിലൊന്നും നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ഗോതമ്പിന്റെ ലഭ്യതയെയും, വില വർദ്ധനവിനെയും ബാധിക്കും. 

ലോഹവിപണിയാവും പ്രതിസന്ധിയിലാവുന്ന മറ്റൊരു മേഖല. മൊബൈൽ ഫോൺ, പുകക്കുഴൽ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പലാഡിയം എന്ന ലോഹം ലോകത്ത് ഏറ്റവും കൂടുതൽ  കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. യുദ്ധം തുടങ്ങിയാൽ ഇവയുടെ വില കൂട്ടുന്നത് റഷ്യക്ക് മികച്ച പ്രതിരോധ മാർഗ്ഗമാക്കാം. ചെമ്പിന്റെയും കോബാൾട്ടിന്റെയും പ്രധാന ഉല്പാദകരം റഷ്യ. അതുകൊണ്ട് തന്നെ ചെമ്പിന്റെ കയറ്റുമതിയിൽ കുറവ് വന്നാൽ വൈദ്യുത വാഹനങ്ങള്‍, കാറ്റാടികള്‍, സൗരോര്‍ജ പാനല്‍, പവര്‍ ഗ്രിഡ് എന്നിവയുടെ നിർമ്മാണത്തെ സാരമായി ബാധിക്കും.

7 ലക്ഷം ടൺ അലുമിനിയം 2021 ൽ ഉത്പാദിപ്പിച്ച റഷ്യയാണ് ഏറ്റവും കൂടുതൽ അലുമിനിയം കയറ്റുമതി ചെയ്യുന്നത്. ഈ വർഷം  ഇതുവരെ 15 ശതമാനം വിലവർദ്ധനവ് അലുമിനിയത്തിനു ഉയർത്തിയിട്ടുണ്ട്. ആഗോള ഉത്പാദനത്തിന്റെ 17 ശതമാനം വരുന്ന 63,900 കോടി ക്യുബിക് മീറ്റര്‍ പ്രകൃതി വാതകമാണ്  2021 ൽ റഷ്യ ഉത്പാദിപ്പിച്ചത്. യുദ്ധമുണ്ടായാൽ ഇവയുടെ വിതരണം തകരാറിലാവുകയും, ഇത് സാധനങ്ങളുടെ ദൗർലഭ്യതയിലേക്കും, വില വർദ്ധനവിലേക്കും നയിക്കുകയും ചെയ്യും. 

കോവിഡ് മഹാമാരിക്ക് ശേഷം തകർന്നുപോയ സാമ്പത്തിക മേഖലയ്ക്ക് ഏൽക്കുന്ന ഏറ്റവും വലിയ അടിയാകും റഷ്യ- യുക്രൈൻ യുദ്ധം. ചുരുക്കത്തിൽ ലോക രാജ്യങ്ങൾ മുതൽ സാധാരണ ജനങ്ങളുടെ ദൈന്യംദിന ജീവിതത്തിലെ എല്ലാ മേഖലകളെയും വരെ യുദ്ധം സാരമായി ബാധിക്കും.