Mon. Dec 23rd, 2024

ഇസ്‌ലാമാബാദ്: ഇന്ത്യക്കും പാകിസ്താനുമിടയിലെ അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ടെലിവിഷന്‍ സംവാദത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിനിടെ റഷ്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കൊപ്പം ഒരു സംവാദത്തിലേര്‍പ്പെടാന്‍ താൻ ഇഷ്ടപ്പെടുന്നതായി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. 

രാജ്യങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ സംവാദത്തിലൂടെ പരിഹരിക്കപ്പെടുകയാണെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു ബില്യണിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപകാരമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

രണ്ട് പതിറ്റാണ്ടിനിടയില്‍ റഷ്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. മോസ്‌കോയിലെത്തിയ അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും ചര്‍ച്ച നടത്തും. ഉക്രൈന്‍ വിഷയം കത്തിനില്‍ക്കെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം ചർച്ചയാകുന്നുണ്ട്.