വാഷിങ്ടൺ:
വരും ആഴ്ചകളിൽ റഷ്യ യുക്രെയ്ൻ ആക്രമിക്കുമെന്നത് ഉറപ്പാണെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മാനുഷികദുരിതത്തിലേക്ക് നയിക്കുന്ന യുദ്ധമുണ്ടായാൽ പരിപൂർണ ഉത്തരവാദിത്തം റഷ്യക്കായിരിക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
സാഹചര്യം ഇങ്ങനെയാണെങ്കിലും മികച്ച നയതന്ത്രത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ഇനിയും സമയമുണ്ട്. എന്നാൽ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നയതന്ത്രത്തിന്റെ മാർഗം സ്വീകരിക്കില്ല-ബൈഡൻ സൂചിപ്പിച്ചു. യുക്രെയ്ൻ അതിർത്തിയിൽ ഒന്നരലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്.
ഇത് സൈനികാഭ്യാസത്തിന് വേണ്ടിയാണെന്നും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമുള്ള റഷ്യൻ പ്രസിഡന്റിന്റെ അഭിപ്രായം മുഖവിലയ്ക്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ബൈഡൻപറഞ്ഞു.