ഐക്യരാഷ്ട്രസഭ:
ഭീകരപ്രവർത്തനങ്ങളുടെ സൂത്രധാരകരെ ലോകം തിരിച്ചറിയണമെന്നും അവരുടെ ചെയ്തികളുടെ ഉത്തരവാദിത്തം അവരിൽ തന്നെ എത്തണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ. ജനങ്ങളെ വിഡ്ഢികളാക്കാൻ അത്തരക്കാരെ അനുവദിക്കരുതെന്നും ഭീകരതയുടെ ഇരകളാണ് തങ്ങളെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്ന അവരുടെ തന്ത്രം തിരിച്ചറിയണമെന്നും പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ച് ഇന്ത്യ തുറന്നടിച്ചു.
2008ലെ മുംബൈ ഭീകരാക്രമണം, പത്താൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങൾക്കെല്ലാം ലോകം സാക്ഷ്യം വഹിച്ചുവെന്നും ഈ ആക്രമണങ്ങൾ നടത്തിയവർ എവിടെനിന്നാണ് എത്തിയതെന്ന് നമുക്കെല്ലാവർക്കും അറിയാമെന്നും യു എന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ കൗൺസലർ രാജേഷ് പരിഹാർ തിങ്കളാഴ്ച വിശദീകരിച്ചു.
തെക്കൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഭീകരവിരുദ്ധ കമ്മിറ്റി എക്സിക്യൂട്ടിവ് ഡയറക്ടറേറ്റിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം പാകിസ്താനെതിരെ രൂക്ഷവിമർശനം നടത്തിയത്.