Mon. Dec 23rd, 2024
ദില്ലി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ജലന്ധറിൽ പൊലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്.

ജനുവരി അഞ്ചിന് ഫിറോസ്പൂരിൽ പ്രധാനമന്ത്രിയെ റോഡിൽ തടഞ്ഞ് വെച്ച് കർഷക സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്ക് പിന്നാലെ വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകൾ ഒരുങ്ങുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എത്തും. ഇന്ന് ജലന്ധറിലും ഫെബ്രുവരി 16 ന് പത്താൻകോട്ടിലും ഫെബ്രുവരി 17 ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുന്നത്.

മോദിക്കെതിരെ പ്രതിഷേധം നടത്താന്‍ കർഷക സംഘടനകള്‍ തീരുമാനം എടുത്തിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള പഞ്ചാബിലെ 23 കർഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നായിരുന്നു വിവരം. എല്ലാ റാലികളിലും പ്രതിഷേധം സംഘടിപ്പിക്കുകയും, പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും ഭാരതീയ കിസാൻ യൂണിയൻ -ഉഗ്രഹൻ ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിംഗ് കോക്രികാലൻ അറിയിച്ചിരുന്നു.