Sat. Nov 23rd, 2024
നാലാം മൈൽ:

മാന്നാർ– ചെന്നിത്തല പഞ്ചായത്ത് അതിർത്തിയിലുള്ള പിഐപി കനാൽ തകർച്ചയും ചോർച്ചയും കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടെ പാടശേഖരങ്ങളിൽ വെള്ളമെത്തുന്നില്ല. പമ്പാ ഇറിഗേഷൻ പദ്ധതിയുടെ ചെന്നിത്തല ഇടതു കര കനാൽ അവസാനിക്കുന്ന ഭാഗത്തെ ജനങ്ങളാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി ബുദ്ധിമുട്ടനുഭവിക്കുന്നത്.

വർഷങ്ങളായി വാർഷിക അറ്റകുറ്റ പണികൾ പോലും ചെയ്യാതെ ഈ കനാൽ വിവിധയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. സംസ്ഥാന പാതയിലെ കോയിക്കൽ ജംക്‌ഷനു തെക്കു പെട്രോൾ പടിഞ്ഞാറു ഭാഗം വരെ അടുത്തിടെ അറ്റകുറ്റ പണികൾ ചെയ്തു. ശേഷിക്കുന്ന ഭാഗമെല്ലാം തകർന്നു കിടക്കുന്നത്.

കനാലിന്റെ  കോൺക്രീറ്റു പൊട്ടി ഇളകി പോയി, ഈ കോൺക്രീറ്റ് ഇളകിയ ഭാഗത്തെ തുരുമ്പെടുത്തു ദ്രവിച്ച കമ്പികളെല്ലാം പുറത്തു കാണാം. പാടശേഖരത്തിലൂടെ കടന്നു പോകുന്ന കനാൽ കോൺക്രീറ്റു ചെയ്താണ് നിർമിച്ചിരിക്കുന്നത്.

കനാൽ വെള്ളം തുറന്നു വിട്ടാൽ സമീപത്തെ വീടുകളിൽ വെള്ളം കയറുന്നതു പതിവാണ്. പാടശേഖരങ്ങളിൽ വെള്ളമില്ലാതെ വരുമ്പോൾ കർഷകർ മുറവിളി കൂട്ടും. ഉടനെ പിഐപി അധികൃതർ കനാൽ തുറന്നു വിടുമെങ്കിലും പാടത്തുവെള്ളമെത്താറില്ല.

ചോർച്ച കാരണം കനാലിന്റെ സമീപത്തെ വീടുകളുടെ പരിസരവും കിണറുകളും ശുചിമുറിയടക്കം മുങ്ങി. ഈ വെള്ളം ഒഴുകി പോകാൻ മാർഗമില്ലാത്തതിനാൽ ആഴ്ചകളോളം കെട്ടിക്കിടക്കുന്നതാണ് പതിവെന്നും ഇവിടുത്തുകാർ പറഞ്ഞു. 5 വർഷം  മുൻപ് ഇവിടെ കനാലിന്റെ ഒരു ഭാഗം പൊട്ടിപൊളിഞ്ഞു നിലംപൊത്തിയതാണ്. ഏറെ നാൾ കഴിഞ്ഞാണ് പിന്നീട് ശരിയാക്കിയത്. നേരാം വണ്ണം കനാൽ ജലമെത്തിയാൽ കാർഷിക മേഖലയ്ക്കൊപ്പം, ശുദ്ധജലക്ഷാമത്തിനും പരിഹാരമാകും.