Fri. May 3rd, 2024
ചെന്നൈ:

സമുദ്രാതിർത്തി മറികടന്നുവെന്ന്​ ആരോപിച്ച്​ 12 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രണ്ട് മീൻപിടുത്ത ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്​.

രാമേശ്വരത്തുനിന്ന്​ ബോട്ടുകളിൽ മീൻ പിടിക്കാൻ പോയ സംഘത്തിൽപ്പെട്ടവരാണ്​ പിടിയിലായത്​. ഫെബ്രുവരി 12ന്​ അർധരാത്രിയോടെ തലൈമന്നാറിന് വടക്ക് കടലിൽവെച്ചാണ്​ സംഭവം.

തമിഴ്‌നാടിനെ ശ്രീലങ്കയിൽ നിന്ന് വേർതിരിക്കുന്ന പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ ഇഷ്ട മത്സ്യബന്ധന കേന്ദ്രമാണ്. ഈ മാസം ഇത് മൂന്നാം തവണയാണ് ശ്രീലങ്കൻ കടലിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാകുന്നത്.

ഫെബ്രുവരി എട്ടിന് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു.