Sat. Jan 18th, 2025

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ നസീമാണ് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായും, തലകീഴായി പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കിയതായും പരാതി നൽകിയത്. സംഭവത്തിൽ മൂന്നു പേരെ പോത്തൻകോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. ഓട്ടോയിലെത്തിയ നാലംഗ സംഘം കടയിലുണ്ടായിരുന്ന നസീമിനെ ബലമായി ഓട്ടോയിൽ കയറ്റുകയും, വട്ടപ്പാറ കുറ്റിയാണിയിലുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയുമായിരുന്നു. അടുത്തുണ്ടായിരുന്ന പൊട്ടക്കിണറ്റിൽ നസീമിനെ തലകീഴായി കെട്ടി തൂക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട നസീം നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലാണ്. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോത്തൻകോട് പൊലീസ് പറഞ്ഞു.