അടിമാലി പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നൽകിയ കട്ടിൽ വിതരണ ദിവസം തന്നെ ഒടിഞ്ഞ് വീണു. വന്‍തുക ചെലവിട്ട് നടത്തിയ ‘വയോജനങ്ങൾക്കൊരു കട്ടിൽ’ എന്ന പദ്ധതി പ്രകാരമുള്ള കട്ടിലുകളുടെ രണ്ടാംഘട്ട വിതരണ പരിപാടിക്കിടയിലാണ് കട്ടിൽ ഒടിഞ്ഞത്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത കട്ടിലുകൾക്കെതിരെയും വലിയ പരാതികൾ ഉയർന്നിരുന്നു.
60 വയസ്സിനു മുകളിലുള്ള വയോജനങ്ങള്‍ക്ക് കട്ടിൽ നൽകുന്നതായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. അർഹരായ 540 പേർക്ക് കട്ടിൽ വിതരണം ചെയ്യുന്നതിനായി കോട്ടയത്തുള്ള ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് പഞ്ചായത്ത് കരാർ നൽകുകയായിരുന്നു. 2800 രൂപയായിരുന്നു ഒരു കട്ടിലിന്റെ നിർമ്മാണ ചെലവ്. ഇത് പ്രകാരം പദ്ധതിക്കായി 20 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവെച്ചു. ആദ്യഘട്ടത്തില്‍ 161 പേർക്ക് കട്ടിൽ വിതരണം ചെയ്തിരുന്നു. ഇവരിൽ പലരും കട്ടിലിനെ കുറിച്ച് പരാതിയുമായി പഞ്ചായത്തിൽ എത്തിയെങ്കിലും അധികൃതര്‍ അവയെ കാര്യമാക്കി എടുത്തിരുന്നില്ല. പക്ഷെ ഇന്നലെ നടന്ന രണ്ടാം ഘട്ട വിതരണ പരിപാടിക്കിടെ അധികൃതരുടെ മുന്നില്‍ വെച്ച് കട്ടിൽ ഒടിഞ്ഞു വീഴുകയായിരുന്നു.
ഇതേ തുടർന്ന് വിതരണ പരിപാടി നിര്‍ത്തി വെയ്ക്കുകയും, അടിയന്തര കമ്മിറ്റി കൂടി കട്ടില്‍ നിര്‍മ്മാണത്തിന് നല്‍കിയ കരാര്‍ റദ്ദാക്കുകയും ചെയ്തു. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഒട്ടും ബലമില്ലാത്ത തടികൊണ്ടാണ് കട്ടിൽ ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. വിതരണം ചെയ്ത കട്ടിലുകൾ തിരികെ എടുത്ത് മികച്ചത് നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കട്ടിലുകൾ തിരികെ കൊണ്ടു പോകുന്നതിന് കരാറുകാരന് നിർദ്ദേശം നല്‍കുമെന്നും അടിമാലി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്.