സുൽത്താൻ ബത്തേരി:
മീനങ്ങാടി ബസ്സ്റ്റാൻഡിൽ പാർക്കിങ് കേന്ദ്രത്തിനു സമീപം, ചെറിയ പാർക്കിനു സമാനമായ വിശ്രമസ്ഥലം പരിപാലിക്കുന്നില്ലെന്ന് ആക്ഷേപം. തണൽമരങ്ങളുടെ സാന്നിധ്യമുള്ളതിനാൽ യാത്രക്കാർ കൂടുതൽ എത്തുന്നുണ്ടെങ്കിലും ചപ്പുചവറുകളും മറ്റ് അവശിഷ്ടങ്ങളും അലോസരമുണ്ടാക്കുന്നു. ബസുകൾ പാർക്ക് ചെയ്യുന്നതിന് പിറകിൽ അട്ടക്കൊല്ലി ചിറയുടെ മതിലിനോടു ചേർന്നാണ് നീളത്തിൽ യാത്രക്കാർക്ക് കയറിനിൽക്കാവുന്ന രീതിയിൽ സൗകര്യമൊരുക്കിയിട്ടുള്ളത്.
പുല്ല് വെച്ചുപിടിപ്പിച്ചതിനാൽ ആദ്യമൊക്കെ ആളുകൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. പിന്നീട് അത് മാറ്റി. നീളത്തിൽ സിമന്റ് ഇരിപ്പിടങ്ങളുമൊരുക്കി. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, തണൽമരങ്ങളിൽനിന്നുള്ള കരിയിലകൾ, കേടായ ഉന്തുവണ്ടി, വീണുകിടക്കുന്ന മരം, തെരുവുനായ്ക്കൾ എന്നിവയൊക്കെ യാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
കൃത്യമായി എല്ലാ ദിവസവും ശുചീകരിച്ചാൽത്തന്നെ മാറ്റമുണ്ടാകുമെങ്കിലും ആരും താൽപര്യം കാണിക്കുന്നില്ല. പാർക്കിങ് ഏരിയയിൽനിന്ന് അൽപം ഉയരത്തിൽ കെട്ടി, തണൽമരങ്ങൾ വെച്ചുപിടിപ്പിച്ചുള്ള നിർമിതിക്ക് വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് നല്ലൊരു തുക ചെലവഴിച്ചതാണ്.