പന്തളം:
അച്ചൻകോവിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ആറ്റിൽ പരിശോധന നടത്തി ഫിഷറീസ് വകുപ്പ് അധികൃതരും പൊലീസും പോയതിനുപിന്നാലെ മീൻ പിടിത്തക്കാർ വീണ്ടും ആറ്റിൽ വിഷം കലക്കി. തോട്ടക്കോണം ഭാഗത്താണ് കഴിഞ്ഞ രാത്രി ഇവർ വീണ്ടും വിഷം കലക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മങ്ങാരം മുളമ്പുഴ ഭാഗങ്ങളിലാണ് ആറ്റിൽ ഇവർ വിഷം കലക്കിയത്. ഈ ഭാഗത്തുള്ള നാട്ടുകാർ ഇവരെ ഓടിച്ചുവിട്ടതോടെ മുളമ്പുഴ മണപ്പാട്ട് കടവിൽ രണ്ട് വള്ളങ്ങളും കെട്ടിയിട്ട് ഇവർ പോകുകയായിരുന്നു.
കഴിഞ്ഞ രാത്രിയിൽ ഇവർ വീണ്ടുമെത്തി വള്ളവും വലയും ഇവിടെനിന്ന് തോട്ടക്കോണം ഭാഗത്തേക്ക് കൊണ്ടുപോകുകയും അവിടെ ആറ്റിൽ വിഷപദാർഥം കലക്കുകയും ചെയ്യുകയായിരുന്നു. ഇവർ വെള്ളത്തിൽ കലർത്തുന്ന വിഷപദാർഥം കാരണം ജലജീവികൾ പൂർണമായും ചത്തുപൊങ്ങുകയാണ്. വീര്യമേറിയ ഏതോ വിഷപദാർഥമാണ് ഉപയോഗിക്കുന്നതെന്നാണ് ആമകളും ചത്തുപൊങ്ങുന്നതിൽനിന്ന് വ്യക്തമാകുന്നത്. ഇവരുടെ വള്ളങ്ങളും വലയും ആറ്റിന്റെ തീരത്ത് കെട്ടിയിട്ടിരിക്കുന്നതും കാണാം.