വാഷിങ്ടണ്‍:
ഉക്രെയ്നെതിരെ ഏതു നിമിഷവും റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് പ്രചരിപ്പിച്ച് മേഖലയെ ആയുധമണിയിച്ച് അമേരിക്ക. യൂറോപ്പില്‍ നാറ്റോ സേനയ്ക്ക് ഒപ്പം 8500 അമേരിക്കന്‍ സൈനികരെ വിന്യസിച്ചു.
ഉക്രെയ്നിലേക്ക് അമേരിക്ക സൈന്യത്തെ അയയ്ക്കില്ലെന്നും എന്നാല്‍ എല്ലാ രാഷ്ട്രീയ പിന്തുണയും നല്‍കുമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രഖ്യാപിച്ചു. റഷ്യന്‍ ഭാഗത്തുനിന്ന് അധിനിവേശം ഉടന്‍ ഉണ്ടാകില്ലെന്ന് ഉക്രെയ്‌ൻ നേതാക്കൾ പ്രഖ്യാപിക്കുമ്പോഴാണ് അമേരിക്കയുടെ യുദ്ധനീക്കം.
യൂറോപ്യൻ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും റഷ്യന്‍ നീക്കം ചെറുക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഉക്രെയ്നിലെ അമേരിക്കന്‍ എംബസിയിലുള്ളവരോടും കുടുംബങ്ങളോടും എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശിച്ചു. എംബസി ജീവനക്കാരെ ബ്രിട്ടനും തിരിച്ചുവിളിച്ചു.
എന്നാല്‍, ഭീഷണിയുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കി പറഞ്ഞു.