റായ്പൂർ:
സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചായി വെട്ടിച്ചുരുക്കാനുള്ള നിർണായക തീരുമാനവുമായി ഛത്തീസ്ഗഡ് സർക്കാർ. 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസവും രണ്ട് അവധി ദിവസവുമാക്കുന്നത് ഉൾപ്പെടെ സുപ്രധാന നയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.
“സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഛത്തീസ്ഗഡ് സർക്കാർ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പിലാക്കുന്നു. പെൻഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്‍റെ വിഹിതം 10ൽ നിന്ന് 14 ശതമാനമായി വർധിപ്പിക്കും” ബാഗേൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബസ്തർ ജില്ലയിലെ ലാൽബാഗ് മൈതാനിയിൽ ഭൂപേഷ് ബാഗേൽ ദേശീയ പതാക ഉയർത്തി.