യാംഗോൻ:
തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് സൈന്യം ഭരിക്കുന്ന മ്യാന്മറിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പ്രവർത്തകരെ പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ചു. കോ ജിമ്മി എന്ന ക്യാവ് മിൻ യു, മൗങ് ക്യാവ് എന്ന ഫിയോ സെയാർ തവ് എന്നിവരെയാണ് രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഓങ്സാൻ സൂചി സർക്കാറിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം വധശിക്ഷയ്ക്ക് വിധിച്ചതിൽ ഏറ്റവും പ്രമുഖരായ ആക്ടിവിസ്റ്റുകളാണിവർ. അടച്ചിട്ട പട്ടാളക്കോടതിയിൽ നടപടികൾ നടന്നതിനാൽ വിചാരണയുടെ വിശദാംശങ്ങൾ ലഭ്യമല്ല.
മുൻ സൈനിക സർക്കാറിനെ സ്ഥാനഭ്രഷ്ടനാക്കുന്നതിൽ പരാജയപ്പെട്ട 88 ജനറേഷൻ വിദ്യാർഥി സംഘ നേതാക്കളിൽ ഒരാളായ ക്യോ മിൻ യു ഒക്ടോബർ 23നാണ് അറസ്റ്റിലായത്. സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയുടെ മുൻ നിയമസഭാംഗമായ ഫിയോ സെയാർ താവ് നവംബർ 18നാണ് അറസ്റ്റിലായത്.