ആദിച്ചനല്ലൂർ:
പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉഗ്രൻകുന്ന് കോളനി, ശാസ്താംപൊയ്ക, മാർത്തോമ്മാ പള്ളിക്ക് മുകൾ ഭാഗം വരുന്ന പ്രദേശം, കുമ്മല്ലൂർ ആലുവിള, കട്ടച്ചൽ ഏലാ എന്നിവിടങ്ങളിൽ വേനൽക്കാലത്തെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തം. ഉഗ്രൻകുന്ന് കോളനിയിൽ ഏതു കാലത്ത് വെള്ളം എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർക്ക് ഉറപ്പു പറയാനും ആകുന്നില്ല. വേനൽ കടുത്തതോടെ ഇവിടത്തെ കിണറുകളെല്ലാം വറ്റി.
പഞ്ചായത്ത് അധികൃതർ വാഹനത്തിൽ കൊണ്ടു വരുന്ന കുടിവെള്ളം ഒന്നിനും തികയില്ല. ദിവസേന 500 രൂപ കൊടുത്തു ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാർ. കലക്ടർ, എംഎൽഎ, വാട്ടർ അതോറിറ്റി എന്നിവരോടു പരാതി പറഞ്ഞു മടുത്തു.
ജല ജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ പൈപ്പ് തുറന്നാൽ വെള്ളത്തിനു പകരം ശബ്ദം മാത്രമാണ് കേൾക്കുന്നതെന്ന് ഉഗ്രൻകുന്ന് കോളനി നിവാസികൾ പറയുന്നു. നെടുമ്പന-ആദിച്ചനല്ലൂർ പഞ്ചായത്ത് അതിർത്തിയിലുളള ഉഗ്രൻ കുന്ന് കോളനിയിൽ താമസിക്കുന്നത് കൂടുതൽ പേരും സാധാരണക്കാരാണ്.
കൂലി വേല ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്. ദിവസേന കിട്ടുന്ന കൂലിയുടെ പകുതി പണം വെള്ളത്തിനു നൽകണം. കോവിഡ് രൂക്ഷമായതോടെ തൊഴിലുമില്ല. കട്ടച്ചൽ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ നിന്നാണ് വെള്ളം ഒൻപതാം വാർഡിലേക്ക് എത്തിക്കുന്നത്.
എന്നാൽ ഇൗ ജലസംഭരണിയിൽ നിന്നും വേണ്ടത്ര വെള്ളം വാർഡിൽ എല്ലായിടത്തും എത്തുന്നില്ല. ശാസ്താംപൊയ്ക ഭാഗത്ത് പത്തിലധികം വീട്ടുകാർ കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയാണ്. കെഐപി കനാൽ കാട് മൂടി പാഴ് മരങ്ങൾ വളർന്ന നിലയിലാണ്. വേനൽ കടുത്ത് 2 മാസം ആയിട്ടും കനാൽ വഴി വെള്ളം എത്തിയില്ല.