Sat. Jan 18th, 2025
കൊച്ചി:

നഗരത്തിലെ കൊതുകു ശല്യം തടയുന്നതിൽ എൽഡിഎഫ് ഭരണ സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിഷേധ തിരുവാതിരയുമായി യുഡിഎഫ് കൗൺസിലർമാർ. കൊതുകിനെ കൊല്ലുന്ന ബാറ്റും കയ്യിലേന്തിയാണു യു‍‍ഡിഎഫ് വനിത കൗൺസിലർമാർ പ്രതിഷേധ തിരുവാതിരയുടെ ചുവടുകൾ വച്ചത്. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ കൗൺസിലറും കെപിസിസി ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർഗീസിനു കൊതുകിനെ കൊല്ലുന്ന ബാറ്റ് നൽകി പ്രതിഷേധ തിരുവാതിര ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം ജി അരിസ്റ്റോട്ടിൽ അധ്യക്ഷത വഹിച്ചു. കൊതുകു നാശിനികൾ, ഫോഗിങ് മെഷീനുകൾ, സ്പ്രേയറുകൾ, വാഹനങ്ങൾ എന്നിവ ആവശ്യത്തിനു ലഭ്യമാക്കാത്തതു മൂലം കൊതുകു നിവാരണ പ്രവർത്തനങ്ങളുടെ താളം തെറ്റിയെന്നു ആന്റണി കുരീത്തറ പറഞ്ഞു. മോണിറ്ററിങ് സംവിധാനമില്ലാത്തതു കൊതുകു നിവാരണ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നവംബർ‍‍‍– ഡിസംബർ മാസങ്ങളിൽ കൊതുകു ശല്യം രൂക്ഷമാകുമെന്ന് അറിയാമെങ്കിലും ഒരുക്കങ്ങൾ നടത്തിയില്ല. ഡെങ്കിപ്പനിയും മലേറിയയും ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ടു ചെയ്തിട്ടും കോർപറേഷൻ ഒന്നും ചെയ്യുന്നില്ല. കൊതുകു നിവാരണ പ്രവർത്തനങ്ങൾ മേയർ ഇടപെട്ടു കാര്യക്ഷമമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നു യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു.