Fri. Nov 22nd, 2024
ബെയ്ജിങ്:

മൂന്നു കുട്ടികളാവാമെന്ന നയം പ്രോത്സാഹിപ്പിച്ചിട്ടും 2021ൽ ചൈനയിലെ ജനനനിരക്ക് ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ താഴ്ചയിൽ. 1000 പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നതെന്ന് നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

1949നുശേഷം ആദ്യമായാണ് ജനനനിരക്ക് ഇത്രയും താഴുന്നത്. 2020ൽ 1000 പേർക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. 2021ൽ 10.62 ദശലക്ഷം കുട്ടികളാണ് ജനിച്ചത്. അതേകാലയളവിൽ 10.14 ദശലക്ഷം ആളുകൾ മരിച്ചു. ആയിരത്തിൽ 7.18 ആണ് മരണനിരക്ക്. അതായത് ജനസംഖ്യ വളർച്ച നിരക്ക് ആയിരം ആളുകൾക്ക് 0.34 മാത്രം.

ശക്തമായ കുടുംബാസൂത്രണ നിബന്ധനകളാണ് ജനനനിരക്ക് കുറയാനുള്ള കാരണമായി കണക്കാക്കുന്നത്. ചൈനയിൽ ജനസംഖ്യ കുറയുന്നത് തടയാൻ മൂന്നു കുട്ടികൾ വരെയാകാമെന്ന നിയമം കൊണ്ടുവന്നിരുന്നു. യുവാക്കളുടെ എണ്ണം കുറയുന്നത് കണ്ട് 2016ലാണ് രാജ്യത്ത് ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച് ദമ്പതികൾക്ക് രണ്ടു കുട്ടികളാവാമെന്ന നിയമം കൊണ്ടുവന്നത്​.

എന്നാൽ, വർധിക്കുന്ന ജീവിതച്ചെലവ്​ താങ്ങാൻ കഴിയാത്തതുകൊണ്ട് പല ദമ്പതികളും രണ്ടാമതൊരു കുട്ടി വേണ്ടെന്ന് വെക്കുകയായിരുന്നു. ഉയർന്ന ജോലിസമ്മർദമടക്കമുള്ള കാരണങ്ങളും ജനനനിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.