Sat. Apr 27th, 2024

കരുത്തരായ വെസ്റ്റ്ഇൻഡീസിനെ തോൽപിച്ച് പരമ്പര സ്വന്തമാക്കി അയർലാൻഡ്. ആദ്യമായാണ് ഐ സി സിയുടെ ഒരു മുഴുവൻ സമയ അംഗത്തെ അയർലാൻഡ് എവെ ഗ്രൗണ്ടിൽ വെച്ച് തോൽപിക്കുന്നത്. ജമൈക്കയില്‍ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റിനായിരുന്നു അയർലാൻഡിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അയർലാൻഡ് 2-1ന് സ്വന്തമാക്കുകയായിരുന്നു.

ആദ്യ മത്സരം വെസ്റ്റ്ഇൻഡീസ് 24 റൺസിന് ജയിച്ചു. രണ്ടാം മത്സരം കോവിഡ് കാരണം നീട്ടി. തുടർന്ന് മത്സരം നടന്നെങ്കിലും മഴ മൂലം കളി ഡക്ക്‌വർത്ത്‌ ലൂയിസ് നിയമത്തിലേക്ക് എത്തുകയായിരുന്നു. മത്സരം അയര്‍ലാന്‍ഡ് വിജയിച്ചു.

അതോടെ മത്സരം 1-1 എന്ന നിലയിലായി. മൂന്നാം ഏകദിനത്തിൽ അയർലാൻഡ് രണ്ട് വിക്കറ്റിന് വിജയിച്ചതോടെ പരമ്പര സ്വന്തമാക്കുകയായിരുന്നു. മൂന്നാം ഏകദിനത്തിൽ ടോസ് നേിയ അയർലാൻഡ് വെസ്റ്റ്ഇൻഡീസിനെ ബാറ്റിങിന് അയക്കുകയായിരുന്നു. 44.4 ഓവറിൽ വെസ്റ്റ്ഇൻഡീസിന്റെ എല്ലാവരെയും അയർലാൻഡ് പുറത്താക്കി.

53 റൺസെടുത്ത ഓപ്പൺ ഷായ് ഹോപ്പാണ് വെൻഡീസിന്റെ ടോപ് സ്കോറര്‍. ബാക്കിയുള്ളവരെല്ലാം അയർലാൻഡിന്റെ കണിശതയാർന്ന ബൗളിങിന് മുന്നിൽ വീഴുകയായിരുന്നു. ജേസൺ ഹോൾഡർ വാലറ്റത്ത് നടത്തിയ രക്ഷാപ്രവർത്തനമാണ് വിൻഡീസ് സ്‌കോർ 200 കടന്നത് തന്നെ. നാല് വിക്കറ്റ് വീഴ്ത്തിയ ആൻഡി മക്ബ്രിൻ ആണ് വിൻഡീസിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്.

മറുപടി ബാറ്റിങിൽ 44.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി അയർലാൻഡ് വിജയിക്കുകയായിരുന്നു. നായകൻ പോൾ സ്റ്റിർലിങ്(44) ആൻഡി മക്‌ബ്രൈൻ(59) ഹാരി ടെക്ടർ(52) എന്നിവർ ടീമിനെ വിജയത്തിലെത്തിച്ചു. വിക്കറ്റുകൾ വീണത് അയർലാൻഡിനെ വിറപ്പിച്ചെങ്കിലും വിട്ടുകൊടുക്കാൻ സമ്മതമല്ലായിരുന്നു.