Sat. Jan 18th, 2025
വിളയൂര്‍:

ഒരു ഭാഗത്ത് നന്നാക്കുമ്പോള്‍ അടുത്ത സ്ഥലത്ത് പൈപ്പ് പൊട്ടും. വിളയൂര്‍ – എടപ്പലം റോഡിലാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ വ്യാപകമായി പൊട്ടി വെള്ളം ചോരുന്നത്. കഴിഞ്ഞ ദിവസം കണിയറാവിലും പേരടിയൂരിലും വിളയൂരിലും പൊട്ടിയ പൈപ്പുകള്‍ നന്നാക്കി പണി തീരും മുന്‍പെ ഇന്നലെ കൂരാച്ചിപ്പടി ഭാഗത്താണ് പൈപ്പ് കേടായത്.

രാവിലെ പൈപ്പ് പൊട്ടി വൈകിട്ട് വരെയും ജലചോര്‍ച്ചയായിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ റോഡില്‍ വൈകിട്ടു വരെയും വെള്ളം റോഡില്‍ കെട്ടി നിന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വീടുകളുടെ ചുമരുകളിലേക്കും കാല്‍നട യാത്രികരുടെ ദേഹത്തേക്കും ചെളിവെള്ളം തെറിക്കുന്നു എന്ന പരാതി ഉയര്‍ന്നു.

പൈപ്പ് ചോര്‍ച്ചയ്ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം കനത്തതോടെ വൈകിട്ട് അധികൃതര്‍ എത്തി പൈപ്പ് നന്നാക്കി. ഇതോടെയാണ് പ്രദേശവാസികള്‍ക്കു ആശ്വാസമായത്. 25 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ ദിവസമാണ് വിളയൂര്‍ – കൈപ്പുറം റോഡ് അറ്റകുറ്റപ്പണി നടത്തിയത്. രാവിലെ റോഡ് പണിയും രാത്രി റോഡ് പൊളിക്കലും.

ഇതായിരുന്നു വിളയൂര്‍ പഞ്ചായത്തില്‍ ഒരാഴ്ച മുന്‍പു വരെ അവസ്ഥ. വിളയൂര്‍ സെന്റര്‍ മുതല്‍ കൈപ്പുറം വരെ അറ്റകുറ്റപ്പണി നടത്തിയ റോഡിന്റെ പലഭാഗങ്ങളിലും ജലഅതോറിറ്റി റോഡ് കീറിയിരുന്നു. റീ ടാറിങ് നടത്തിയ ഭാഗം പണി തീരും മുന്‍പെ കീറിയതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ റോഡ് പൊളിച്ചത് നന്നാക്കിയെങ്കിലും പണി തീര്‍ത്തു തൊഴിലാളികള്‍ സ്ഥലം വിടും മുന്‍പെ അതും കേടായി.

പാച്ച് വര്‍ക്ക് ചെയ്ത റോഡില്‍ പലയിടത്തും പൈപ്പുകള്‍ ഇടാനായി പൊളിച്ചിട്ടുണ്ട്. പൊളിച്ച ഭാഗങ്ങളില്‍ എവിടെയും റോഡിലെ കുഴികള്‍ നേരാം വണ്ണം നികത്തിയിട്ടില്ല. ഓരോ അമ്പത് മീറ്ററുകള്‍ക്കിടയിലും റോഡില്‍ കുഴികളാണ്.