കളമശേരി:
എറണാകുളം ഗവ മെഡിക്കൽ കോളേജ് പരിസരം വൃത്തിയില്ലാത്ത അവസ്ഥയിൽ. ശുചിമുറികളിൽ നിന്നുള്ള മലിനജലം വിദ്യാർത്ഥികൾ കളിക്കുന്ന മൈതാനത്തേക്കു തുറന്നുവിടുന്നു. കൊതുകിന്റെ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നു രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു. മഴക്കാലത്ത് ഈ മാലിന്യം കങ്ങരപ്പടി റോഡിനു സമീപത്തേക്ക് ഒഴുകിയെത്തുന്നു. മാസങ്ങളായി ഇതാണ് അവസ്ഥ. മറ്റൊരിടത്തു പ്ലാസ്റ്റിക് മാലിന്യം കുഴിയെടുത്തു തള്ളുന്നു.
കുഴി നിറയുമ്പോൾ ഇവ മണ്ണിട്ടു മൂടുന്ന അവസ്ഥ തുടരുകയാണ്. ക്യാംപസിൽ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ ശല്യം വർധിച്ചു. കാത്ത്‍ലാബിന്റെയും കാൻസർ റിസർച് സെന്ററിന്റെയും പരിസരങ്ങളിലാണ് മാലിന്യവും മലിനജലവും തള്ളുന്നത്.
കോളജിന്റെ പ്രധാന ഗേറ്റു മുതൽ റോഡ് തകർന്ന അവസ്ഥയിലാണ്. ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് കൂടുകളുമാണു കുഴികളിൽ തള്ളുന്നത്. മാലിന്യം സംഭരിക്കുന്നതിനു നഗരസഭയുമായി മെഡിക്കൽ കോളേജ് കരാറിലേർപ്പെട്ടിട്ടില്ല.
മാലിന്യം ജൈവവും അജൈവവുമായി വേർതിരിച്ചു നൽകണമെന്നാണു നഗരസഭയുടെ ആവശ്യം.
ഇതുവരെ ഈ ആവശ്യം നടപ്പിലാക്കിയിട്ടില്ല. മെഡിക്കൽ കോളേജിൽ എംപി ഫണ്ട് ഉപയോഗപ്പെടുത്തി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
കോളേജിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണു ബയോഗ്യാസ് പ്ലാന്റ് പ്രവർത്തിപ്പിക്കാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മെഡിക്കൽ കോളേജ് ക്യാംപസിൽ വാഹനങ്ങൾക്കു പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പരിമിതമാണ്.