ആസ്‌ട്രേലിയ:
ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കിയതിനു പിന്നാലെ താരത്തെ അറസ്റ്റ് ചെയ്യാൻ നടപടികളുമായി ആസ്‌ട്രേലിയ. നാളെ ജോക്കോയെ കുടിയേറ്റ തടവിലേക്ക് മാറ്റുമെന്ന് ആസ്‌ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു.
താരത്തിന്റെ വിസ റദ്ദാക്കിയ ഓസീസ് അധികൃതർ ആസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് മൂന്നു വർഷത്തെ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച ആസ്‌ട്രേലിയൻ ഓപൺ തുടങ്ങാനിരിക്കെയാണ് നാടകീയമായ നടപടികൾ. നിലവിൽ കോടതി വിധിയുടെ പിൻബലത്തിലാണ് ജോക്കോ ആസ്ട്രേലിയയിൽ തുടരുന്നത്. എന്നാൽ, കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് താരത്തിന്റെ വിസ വീണ്ടും റദ്ദാക്കുകയായിരുന്നു.
കൊവിഡ് വാക്സിനെടുക്കാതെ ആസ്ട്രേലിയയിൽ പ്രവേശിച്ചതിനാണ് ദിവസങ്ങൾക്കുമുൻപ് ജോക്കോവിച്ചിനെ മെൽബൺ വിമാനത്താവളത്തിൽ തടയുകയും വിസ റദ്ദാക്കുകയും ചെയ്തത്. തുടർന്ന് താരത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടർന്നാണ് താരത്തെ മോചിപ്പിച്ചത്.