Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്‌ധരുടെ ഉൾപ്പെടെ നിർദേശങ്ങൾ അനുസരിച്ച് തീരുമാനാമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനം നാളത്തെ അവലോകന യോഗത്തിൽ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കലാലയങ്ങളിലെ ക്ലസറ്ററുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെ സാഹചര്യം വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമുണ്ടാകും.

പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നിലവിലെ സാഹചര്യവും മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ എം എ പറഞ്ഞു. വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തിൽ അടച്ചിടലിനെ കുറച്ച് ചിന്തിച്ചാൽ മതിയെന്നും ഡോ സുൽഫി നൂഹു പറഞ്ഞു.

ചിലയിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ അത്തരം സ്ഥാപനങ്ങൾ അടച്ചിടേണ്ട കാര്യമില്ല. ഒമിക്രോൺ കേസുകളുടെ എണ്ണം കുറവാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇപ്പോൾ മറ്റ് നിയന്ത്രണങ്ങൾ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.