ബെയ്ജിങ്:
ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ ഇന്‍റർനെറ്റ് ഉപകരണങ്ങൾ കത്തിച്ച യുവാവിന് ഏഴുവർഷം തടവുശിക്ഷ. ചൈനയിലെ തെക്കൻ ഗ്വാങ്സി പ്രവിശ്യയിൽ ഇന്‍റർനെറ്റ് കഫേ നടത്തുന്ന ലാൻ എന്നയാൾക്കാണ് ശിക്ഷ വിധിച്ചത്.
ഇന്‍റർനെറ്റ് കണക്ഷന്‍റെ വേഗത കുറഞ്ഞതിന് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് കേബിളുകൾ അടങ്ങിയ ഒരു ബോക്സാണ് ലാൻ നശിപ്പിച്ചതെന്ന് പ്രാദേശിക കോടതി പറഞ്ഞു.
ലൈറ്റർ ഉപയോഗിച്ച് തന്‍റെ തൂവാല കത്തിക്കുകയും ശേഷം ടെലികമ്യൂണിക്കേഷൻ ബോക്സിന് തീയിടുകയുമായിരുന്നു. ബോക്സ് നശിച്ചതോടെ 4000 ത്തോളം വീടുകളുടെയും ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ഇന്‍റർനെറ്റ് സംവിധാനം 28 മുതൽ 50 മണിക്കൂർ വരെ തടസപ്പെട്ടു.
സംഭവത്തിന് ശേഷം ലാൻ തീയിടാൻ ഉപയോഗിച്ച് ലൈറ്റർ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച പൊതു ഇന്‍റർനെറ്റ് സേവന സംവിധാനം നശിപ്പിച്ചതിന് കോടതി ലാനിന് ഏഴുവർഷം തടവുശിക്ഷ വിധിച്ച് ഉത്തരവിട്ടു.