ജനിച്ച ദിവസം തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ട അട്ടപ്പാടി മേലെ വെന്തവെട്ടി ഊരിലെ നിഷ സെൽവന്റെ (Nisha Selven) വാക്കുകളാണിത്. ഈ വർഷം അട്ടപ്പാടിയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ഒൻപത് ശിശുമരണങ്ങളുടെ പട്ടികയിൽ പക്ഷേ നിഷ സെൽവന്റെ കുഞ്ഞില്ല. ഗർഭസ്ഥ ശിശുമരണവും, ചാപ്പിള്ളയും, അലസിപ്പോയ ഗർഭങ്ങളും കൂടെ ഔദ്യോഗികമായ രേഖപ്പെടുത്താത്ത മരണങ്ങളും കൂടെ കണക്കിലെടുത്താൽ അട്ടപ്പാടിയിലെ ശിശുമരണ നിരക്കുകൾ ഇനിയും ഉയരും.
PROM (Preterm Premature Rupture of the Membrane) എന്ന അവസ്ഥയായിരുന്നു നിഷയുടേതെന്ന് മെഡിക്കൽ റെക്കോർഡ്‌സിലുണ്ട്. 11.1g/dL നും താഴെ ഹീമോഗ്ലോബിൻ ഉള്ള വിളർച്ച രോഗികളായ ഗർഭിണികൾക്ക് ഈ അവസ്ഥ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നിരിക്കെ ഏഴാം മാസത്തെ പരിശോധനയിൽ നിഷയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 8.7g/dL മാത്രമായിരുന്നു. ചുണ്ടക്കുളം ഊരിലെ പവിത്ര ബാബുരാജ് (Pavithra Baburaj), തൂവ്വയിലെ വള്ളി രാജേന്ദ്രൻ (Valli Rajendran), മേലെ മുള്ളിയിലെ ഗായത്രി രാമൻ (Gayathri Rajan) തുടങ്ങി അട്ടപ്പാടിയിൽ നടന്ന പല ശിശുമരണങ്ങളും പരിശോധിച്ചാൽ അമ്മമാരിൽ പകുതിയിലേറെ പേർക്കും രക്തകുറവുണ്ടായിരുന്നതായി മനസിലാവും. പക്ഷെ ഒറ്റവാക്കിൽ പോഷകാഹാരക്കുറവെന്ന് മാത്രം പറഞ്ഞ് തള്ളിക്കളയാനാവുന്ന കാര്യമല്ല അട്ടപ്പാടിയിലെ ശിശുമരണങ്ങൾ.

നീതി ആയോഗിൽ കേരളം ഒന്നാമതെത്തിയപ്പോൾ പട്ടിണിയോ ദരിദ്രരോ കേരളത്തിൽ ഇല്ലെന്ന് പറഞ്ഞ് അഭിമാനിച്ചവർ മനഃപൂർവം വിസ്മരിച്ച നാടാണ് അട്ടപ്പാടി. യൂറോപ്യൻ രാജ്യങ്ങൾക്ക് തുല്യമായ ശിശുമരണങ്ങൾ ഉള്ള കേരളത്തിൽ ഇപ്പോഴും ഒരു വിഭാഗം മാത്രം ദരിദ്രരായി കഴിയുന്നതും, സമൂഹം അവരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് തന്നെ വിരോധാഭാസമാണ്.
2013-14 ൽ 47 ശിശുമരണങ്ങൾ ഉണ്ടായതിനു ശേഷം വിവിധ വകുപ്പുകളുടെ കീഴിൽ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിക്കുകയും 34,473 ജനങ്ങളുള്ള അട്ടപ്പാടിയിൽ 131 കോടിരൂപ ചിലവഴിക്കുകയും ചെയ്തു. ആദിവാസി വിഭാഗത്തിന് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രി തുടങ്ങി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇതുപോലെ നിരവധി പദ്ധതികളും ഫണ്ടുകളും അട്ടപ്പാടിയിലെത്തി. ഇനിയൊരു ശിശുമരണം അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്ന് 2017 മെയിൽ എൽഡിഎഫ് സർക്കാർ ഉറപ്പു നൽകി. ഇത്രയേറെ പദ്ധതികളുള്ള, ആവശ്യത്തിലേറെ ഫണ്ടുകളുള്ള, നടപ്പിലാക്കാൻ നിരവധി ഉദ്യോഗസ്ഥരുള്ള, സന്നദ്ധ സംഘടനകളുള്ള ഒരേയൊരു ഇടം അട്ടപ്പാടി മാത്രമാവും. പക്ഷേ അട്ടപ്പാടിയുടെ പ്രശ്‍നങ്ങൾ മാത്രം പരിഹരിക്കപ്പെട്ടില്ല.
2013 മുതൽ 2021 വരെ 121 ശിശുമരണങ്ങളാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2013 നു ശേഷം മരണങ്ങളിൽ കുറവുണ്ടായിരുന്നെങ്കിലും എല്ലാ വർഷവും മരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. 2020 ൽ മാത്രം 21.50% ശിശുമരണങ്ങൾ നടന്നിട്ടുണ്ട്. ഒരു ആഴ്ചയ്ക്കിടെ അഞ്ചു ശിശുമരണങ്ങൾ ഈ നവംബറിൽ നടന്നിട്ടില്ലായിരുന്നെങ്കിൽ അട്ടപ്പാടിയിലെ മരണങ്ങൾ ആരും ചർച്ച ചെയ്യാതെ തുടർക്കഥ ആവുമായിരുന്നു.

പോഷകാഹാരക്കുറവെന്ന പ്രശ്നം ഉണ്ടാവുന്നത് തന്നെ തങ്ങളുടെ തനത് ഭക്ഷണരീതികളിൽ നിന്നും മാറി സർക്കാറിന്റെ പൊതുവിതരണ സമ്പ്രദായത്തിൽ ആശ്രയിക്കാൻ തുടങ്ങിയതോടെയാണെന്നാണ് പല ആദിവാസി ജനങ്ങളും പറയുന്നത്.
“അന്നൊക്കെ കൃഷി ചെയ്യുവാനായി ഓരോ കുടുംബത്തിനും ഏക്കറോളം സ്ഥലമുണ്ടായിരുന്നു. അങ്ങനെ കൃഷി ചെയ്തുണ്ടാക്കിയ റാഗി, തിന, ചാമ പോലുള്ള നവധാന്യങ്ങളും, 60 ഇനം ഭക്ഷ്യയോഗ്യമായ ഇലക്കറികളും, എട്ടോളം ഇനം കിഴങ്ങുകളും, വേട്ടയാടിയ കാട്ടുമൃഗങ്ങളും, മീനുകളും ഒക്കെയായിരുന്നു ഞാൻ കുഞ്ഞായിരുന്നപ്പോൾ കഴിച്ചിരുന്നത്. ഭവാനിയിൽ നിന്നും ശിരുവാണി പുഴയിൽ നിന്നുമൊക്കെ എന്റെ അമ്മ മീൻ പിടിക്കുന്നത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ആരോഗ്യമായിരുന്നു. അന്നത്തെ കാലത്തു നിന്നും ആവാസവ്യവസ്ഥയിലും ഭക്ഷണരീതിയിലും വന്ന മാറ്റവും, കൃഷിയുടെ അപചയവുമാണ് ഇന്നുള്ള എല്ലാ പ്രശ്നത്തിന്റെയും അടിസ്ഥാന കാരണം,” തമ്പ് സംഘടനയുടെ പ്രവർത്തകൻ കൂടിയായ കെഎ രാമു (KA Ramu) വ്യക്തമാക്കി.
1962 ൽ അട്ടപ്പാടി ആദിവാസി വികസന ബ്ലോക്ക് വന്നതോടുകൂടിയാണ് സത്യത്തിൽ അട്ടപ്പാടിയിൽ മാറ്റങ്ങളുണ്ടാകുന്നത്. അതിനു ശേഷം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ള നിരവധി ആളുകൾ ഇവിടേക്ക് കുടിയേറാൻ ആരംഭിച്ചു. ഇവർ ആദിവാസി ജനങ്ങളുടെ പക്കലുണ്ടായിരുന്ന ഭൂമി കയ്യേറുകയും, ആദിവാസികൾക്ക് കൃഷി ചെയ്യാനുള്ള ഇടമില്ലാതാവുകയും ചെയ്തു. 1982ലെ സർവേ പ്രകാരം 64% ആദിവാസി ഭൂമിയും കുടിയേറി പാർത്തവരുടെ പക്കലാണെന്നു കണ്ടെത്തിയിരുന്നു. ഏതാണ്ട് 10000 ഏക്കറോളം ആദിവാസി ഭൂമി കുടിയേറി പാർത്തവർ കൈക്കലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇതോടൊപ്പം 1959ൽ 80% ഉണ്ടായിരുന്ന വനഭൂമി ഇപ്പോൾ 20% മാത്രമായി ചുരുങ്ങി. വനനിയമം ശക്തമായതോടെ കാട്ടുമൃഗങ്ങളെ വേട്ടയാടാനും കഴിയാതെയായി.

അതുവരെ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണങ്ങൾ കിട്ടാതെയായെങ്കിലും സർക്കാരിൽ നിന്നുള്ള റേഷൻ ലഭിക്കുന്നതിനാൽ അട്ടപ്പാടിയിൽ പട്ടിണി ഉണ്ടായില്ല. പക്ഷേ കാർബോഹൈഡ്രേറ്റ് അല്ലാതെ ശരീരത്തിനാവശ്യമായ മറ്റൊരു പോഷകങ്ങളും ലഭിക്കാതായതോടെ പോഷകാഹാരക്കുറവ് എല്ലാവരിലുമുണ്ടായി.
2017ൽ ശിശുമരണം വീണ്ടും വിഷയമായപ്പോൾ ഭക്ഷണ രീതിയിൽ വന്ന മാറ്റം ചർച്ചയാവുകയും, ആദിവാസികൾക്കിടയിൽ തനത് കൃഷി രീതിയെയും ഭക്ഷണത്തെയും പ്രോത്സാഹിക്കുന്നതിനായി സർക്കാർ മില്ലറ്റ് ഗ്രാമം പദ്ധതി തുടങ്ങുകയും ചെയ്തു. സർക്കാർ പത്തുകോടി മാറ്റിവെച്ച പദ്ധതി അട്ടപ്പാടിയിലെ 70 ഊരുകളിലായിരുന്നു ആരംഭിച്ചത്. ചാമ, കോറ, റാഗി തുടങ്ങിയവയുടെ വിത്തുകൾ വിതരണം ചെയ്ത പദ്ധതി പക്ഷേ മിക്കയിടത്തും എങ്ങുമെത്താതെ പോയി. വിത്ത് വിതരണം ചെയ്തതല്ലാതെ കൃഷി ചെയ്തോ എന്ന് പോലും ഉദ്യോഗസ്ഥർ അന്വേഷിച്ചില്ലെന്നും, അനുയോജ്യമായ സമയത്തോ മണ്ണിനോ അനുസരിച്ചല്ല വിളകൾ തന്നതെന്നുമാണ് പലയിടങ്ങളിലെയും പരാതി. മില്ലറ്റ് നടപ്പിലാക്കിയ വെട്ടിയൂർ ഊരിൽ ഇപ്പോൾ പദ്ധതിയുടെ ഒരു ബോർഡ് മാത്രമാണ് അവശേഷിക്കുന്നത്.
“അപേക്ഷ കൊടുത്തതിനാൽ കഴിഞ്ഞ വർഷം ചാമ, കാപ്പി, ഇഞ്ചി, പിന്നെ ചില പച്ചക്കറിയുടെയൊക്കെ വിത്തുകളും തൈയും കിട്ടിയിരുന്നു. അതിൽ കുറെയൊക്കെ മഴ കാരണം നശിച്ചു പോയി, പിന്നെ ഉണ്ടായി വന്ന ചില ചെറുധാന്യങ്ങളൊക്കെ കാട്ടുപന്നി വന്നു നശിപ്പിച്ചു. പക്ഷേ വിത്ത് കൊണ്ട് തന്നതല്ലാതെ വേറെ ആരും കൃഷി ഉണ്ടായോ എന്ന് വന്നു നോക്കീട്ടില്ല. ഞങ്ങളുടെ കൃഷി ഏതു നേരത്തു എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്ക് മാത്രമേ അറിയൂ. അല്ലാതെ എപ്പോഴെങ്കിലും കൊണ്ട് വന്ന് തന്നാൽ കൃഷി ചെയ്യാനാവില്ല. ഏത് വിത്താണ് ഇപ്പോൾ കൃഷി ചെയ്യാനാവുക, ഏത് കൃഷിയാണ് മണ്ണിനു പാകമെന്നൊക്കെ ഞങ്ങളുടെ മൂപ്പനോടോ, എസ്ടി പ്രൊമോട്ടറോടോ, മെമ്പറോടോ ചോദിക്കണം. അല്ലെങ്കിൽ ഊരിലേക്ക് വന്ന് നേരിട്ട് ഞങ്ങളോട് ചോദിക്കണം. എന്നിട്ട് വേണം വിത്ത് കൊണ്ടുവരാൻ,” വെട്ടിയൂരിലെ സുനീഷിന്റെ അമ്മ പറഞ്ഞു.

ആദിവാസികളുടെ ആവശ്യമെന്താണെന്നോ, അവരുടെ സാഹചര്യമെന്താണെന്നോ അന്വേഷിക്കാതെയാണ് സർക്കാർ പല പദ്ധതികളും നടപ്പിലാക്കുന്നതെന്നാണ് ഇവയുടെ ഏറ്റവും വലിയ പോരായ്മ. ഇത്തരത്തിൽ ആദിവാസികൾക്ക് യാതൊരു വിധ പ്രയോജനവുമില്ലാത്ത സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിറ്റി കിച്ചൻ അഥവാ സാമൂഹ്യ അടുക്കള. പോക്ഷകാഹാര കുറവിന്റെ പശ്ചാത്തലത്തിൽ പാകം ചെയ്ത ഭക്ഷണം ഗർഭിണികൾക്കും, മുലയൂട്ടുന്ന അമ്മമാർക്കും, കുട്ടികൾക്കും, പ്രായമായവർക്കും എല്ലാ ദിവസവും രണ്ടും നേരം നൽകുക എന്നതായിരുന്നു പദ്ധതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇതിലൂടെ യാതൊരു പോക്ഷകഹാരവും ലഭിച്ചില്ലെന്നും, പകരം പലരെയും മടിയന്മാരാക്കി മാറ്റിയെന്നുമാണ് ഊരുകളിലുള്ളവർ പറയുന്നത്.
“കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടായതു കൊണ്ട് യാതൊരു ഗുണവുമില്ല. സപ്ലൈകോയുടെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന പഴയ സാധനങ്ങൾ കൊണ്ടാണ് അവിടെ ഭക്ഷണമുണ്ടാക്കുന്നത്. അവിടത്തെ മുളക്പൊടി ഉപയോഗിച്ചാൽ അൾസർ വരും. പല ഭക്ഷ്യവസ്തുക്കളും കാലാവധി കഴിഞ്ഞവയുമാണ്. ആ ഭക്ഷണം കഴിച്ചിട്ട് എന്ത് കാര്യമാണുള്ളത്? ഞങ്ങൾ അത് സർക്കാരിനോട് പറയുന്നുണ്ട്. പക്ഷേ സർക്കാരിന് രക്ഷപ്പെടാൻ മറ്റു മാർഗമില്ലാത്തതിനാൽ ഇതൊക്കെ തുടർന്ന് പോവുകയാണ്. സാധനങ്ങൾ കൂടെ ലഭിക്കാതെ വന്നപ്പോൾ അടുക്കള നിർത്താനിരുന്നപ്പോഴാണ് ശിശുമരണം വരുന്നതും, അടുക്കള കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ പറയുന്നതും. സത്യത്തിൽ സർക്കാർ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതാണിത്. ഞങ്ങൾ ഇതിലും നന്നായി നല്ല ഭക്ഷണം പാകം ചെയ്ത് കഴിക്കും.” കമ്മ്യൂണിറ്റി കിച്ചന്റെ ചുമതലയുള്ള കുടുമ്ബശ്രീ ആനിമേറ്റർമാർ തന്നെ പദ്ധതിയുടെ നിജസ്ഥിതി കൃത്യമായി കാണിച്ചു തരുന്നുണ്ട്.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് വേണ്ട പച്ചക്കറികൾ മാത്രം ഭക്ഷണം പാകം ചെയ്യുന്നവർ തന്നെ വാങ്ങണം. ഒരാൾക്ക് മൂന്നു രൂപ തോതിൽ ഉപഭോക്താക്കളുടെ എണ്ണമനുസരിച്ച് പച്ചക്കറി വാങ്ങാം. ഇതിന്റെ ബില്ല് ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ അവർ അക്കൗണ്ടിലേക്ക് ഈ പണം നിക്ഷേപിക്കും. പക്ഷെ കഴിഞ്ഞ ജനുവരി മുതൽ ഈ പണവും ലഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. “ഇവിടെ മൂന്നു- നാല് മാസം രണ്ടു വീട്ടുക്കാർ ചേർന്നാണ് കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്നത്. എനിക്ക് മുന്നേ നടത്തിയ മൂന്നു പേർക്കും പച്ചക്കറി വാങ്ങിയതിന്റെ പൈസ ഇതുവരെ കിട്ടിയിട്ടില്ല,” വെട്ടിയൂർ ഊരിലെ ലീല (Leela) പറഞ്ഞു.

വളരെ കുറച്ച് പച്ചക്കറികൾ കൊണ്ടുണ്ടാക്കിയ സാമ്പാറും ചോറും മാത്രമായിരുന്നു വെട്ടിയൂർ ഊരിൽ 46 വീടുകളിലേക്ക് വിതരണം ചെയ്യാനായി പാകം ചെയ്തിരുന്നത്. കടലയും പരിപ്പും കുറച്ച് പച്ചക്കറികളുമിട്ട ഒരു സാമ്പാറിലൂടെ എന്ത് പോക്ഷകാഹാരമാണ് ലഭിക്കുന്നതെന്നാണ് ഊരിലെ സ്ത്രീകൾ ചോദിക്കുന്നത്. ഒന്നും ചെയ്യാതെ തന്നെ ഭക്ഷണം വീടുകളിലേക്കെത്താൻ തുടങ്ങിയതോടെ പുരുഷന്മാർ പണിക്ക് പോവാതെ മദ്യപാനികളാവാൻ കാരണമായെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഭക്ഷണം പാകം ചെയ്തു തരുകയല്ല മറിച്ച് തൊഴിൽ ചെയ്ത് സ്വയംപര്യാപ്തരാകാനുള്ള ഒരു അവസരമാണ് ഞങ്ങൾക്ക് നൽകേണ്ടതെന്ന് ആദിവാസി ജനങ്ങൾ പറയുന്നുണ്ടെങ്കിലും സർക്കാർ ഇപ്പോഴും അവരെ ആശ്രിതരാക്കി നിർത്തുകയാണ്.
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി തുടങ്ങിയ ജനനി ജന്മരക്ഷ പദ്ധതിയിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ പ്രകടമാണ്. ഗർഭിണിയായ മൂന്നാം മാസം മുതൽ പതിനെട്ടാം മാസം വരെ പോക്ഷകമൂല്യങ്ങൾ അടങ്ങിയ ഭക്ഷണം വാങ്ങുന്നതിനായി ഓരോ മാസവും 2000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. കോവിഡ് സമയത്ത് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അട്ടപ്പടിയിലെ ഗർഭിണികൾക്ക് ഈ പണം നൽകിയിട്ടുണ്ടായിരുന്നില്ല. ശിശുമരണങ്ങൾ അന്വേഷിക്കാനായി മന്ത്രി അട്ടപ്പടിയിൽ എത്തിയ അന്ന് രാത്രി 693 ഉപഭോക്താക്കൾക്ക് 83.92 ലക്ഷം രൂപ വിതരണം ചെയ്തു. അതുവരെ ഇല്ലാതിരുന്ന ഫണ്ട് മന്ത്രിയുടെ വരവോട് എങ്ങനെ വന്നുവെന്ന ചോദ്യം ഇതിനിടെ പലരും ചോദിക്കുന്നുണ്ട്. പക്ഷെ അപ്പോഴും ആറുമാസം പ്രായമായ കുഞ്ഞിന്റെ അമ്മക്കുപോലും ആദ്യത്തെ ആറു മാസത്തെ പണം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതാണ് യാഥാർത്ഥ്യം.
“പോക്ഷക മൂല്യമുള്ള ഭക്ഷണം വാങ്ങുവാൻ വേണ്ടിയാണ് കൊടുക്കുന്നതെങ്കിൽ കൃത്യമായ സമയത്ത് പണം കൊടുക്കണം. അല്ലാതെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ് കൊടുത്തിട്ട് എന്തു കാര്യമാണുള്ളത്? ഇവിടെ ഒരു വയസായ കുഞ്ഞിന്റെ അമ്മയ്ക്ക് ലഭിച്ചത് ഗർഭിണിയായിരിക്കുമ്പോൾ ലഭിക്കേണ്ട പണമാണ്. അതുകൊണ്ട് ഇനി എന്തു കാര്യമാണുള്ളത്? പിന്നെ ഒരുമിച്ച് വലിയ തുകയായി കിട്ടുമ്പോൾ ഇത് മറ്റു ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.” വീട്ടിയൂരിലെ അംഗനവാടി ടീച്ചർ പറയുന്നു.
പദ്ധതി പ്രകാരമുള്ള പണം അർഹരായവർക്ക് നൽകാതെയാണ് എല്ലാ ഗർഭിണികളും പോക്ഷക മൂല്യമുള്ള ഭക്ഷണങ്ങൾ വാങ്ങി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അംഗനവാടി ടീച്ചർമാർക്ക് ഉദ്യോഗസ്ഥർ നിർദേശം നൽകിയത്. കൃത്യമായി പണം നൽകാതെ എങ്ങനെയാണ് അത് ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാകുമെന്നാണ് ടീച്ചർമാർ ചോദിക്കുന്നത്.

സ്ത്രീ-ശിശു വികസന വകുപ്പിന്റെ കീഴിൽ ഗർഭിണികൾക്കും കൗമാരക്കാരായ കുട്ടികൾക്കും എല്ലാ മാസവും അംഗനവാടികൾ വഴി പോക്ഷകഹാരം വിതരണം ചെയ്യുന്നുണ്ട്. ഒരു കിലോ റാഗി, ഒരു കിലോ ഗോതമ്പ്, അര കിലോ ശർക്കര, 250 ഉഴുന്ന്, 250 പൊട്ടുകടല, നെയ്യ് എന്നിവയാണ് ഓരോ ഗർഭിണിക്കും വിതരണം ചെയ്യുന്നത്. കൗമാരക്കാരായ പെൺകുട്ടികൾക്കും ബിഎംഐ (BMI) അടിസ്ഥാനമാക്കി അങ്കണവാടികളിൽ നിന്നും പോക്ഷകാഹാര വിതരണം നടക്കുന്നുണ്ട്.ഒരു കിലോ റാഗി, ഒരു കിലോ അവൽ, അര കിലോ ശർക്കര, 100 പൊട്ടുകടല, 50 ഗ്രാം നെയ്യ് എന്നിവയാണ് ബിഎംഐയിൽ (BMI) 18.5 ൽ കുറവുള്ള കൗമാരക്കാർക്ക് നൽകുന്നത്. എന്നാൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന പെൺകുട്ടികളെ വിലയിരുത്താനോ, ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യാനോ കഴിയാത്തത് വലിയ പ്രശ്നമാണെന്നാണ് കൊറവൻകണ്ടിയിലെ അങ്കണവാടി ടീച്ചറായ വത്സ പറയുന്നത്.
“ഇവിടെയുള്ള കുട്ടികളെ കൃത്യമായി വിലയിരുത്താൻ നമുക്ക് കഴിയാറുണ്ട്. പക്ഷെ ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന കുട്ടികളെ വല്ലപ്പോഴും ലീവിന് വരുമ്പോൾ മാത്രമാണ് നമ്മൾ കാണുന്നത്. കാഴ്ചയിൽ അവർ നല്ല ആരോഗ്യമുള്ളവരാണെന്ന് തോന്നുമെങ്കിലും ഏതാണ്ട് എല്ലാവരും രക്തക്കുറവുള്ളവരാണെന്നാണ് സത്യാവസ്ഥ. ശരിക്കും ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികളിലെ പോഷകാഹാരക്കുറവ് കണ്ടെത്താനും അവർക്ക് ആവശ്യമായ കാര്യങ്ങൾ എത്തിക്കാനും പ്രത്യേക കാര്യങ്ങൾ ചെയ്യണം.”
വിദ്യാലയങ്ങളിൽ പോയി വരാനുള്ള ദൂരക്കൂടുതലും, വാഹനങ്ങളുടെ പരിമിതിയും മൂലം പല ഊരുകളിലെയും വലിയൊരു ശതമാനം കുട്ടികളും ചെറിയ പ്രായം മുതലേ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അതുകൊണ്ട് തന്നെ ടീച്ചർ പറഞ്ഞ കാര്യങ്ങൾ സർക്കാരും ഉദ്യോഗസ്ഥരും കാര്യമായി പരിഗണിക്കേണ്ടതുണ്ട്.
2013 ലെ ശിശുമരണം വാർത്തയായപ്പോൾ കൗമാരക്കാർക്കിടയിലെ രക്തക്കുറവ് കണ്ടെത്താൻ 2015 ൽ വിദ്യാർത്ഥികൾക്കിടയിൽ ഒരു മെഗാ സ്ക്രീനിംഗ് നടത്തിയിരുന്നു. 9000 കൗമാരക്കാർക്കിടയിൽ നടത്തിയ സ്ക്രീനിംഗിൽ 900 പേരും വിളർച്ച രോഗമുള്ളവരായിരുന്നു. അന്ന് അവർക്ക് വേണ്ട മരുന്നുകളും ഭക്ഷണങ്ങളുമെല്ലാം വിതരണം ചെയ്തെങ്കിലും പിന്നീട് ഇതിന്റെ ഒരു തുടർച്ചയും ഉണ്ടായിട്ടില്ല.

“ആദിവാസി വിഭാഗത്തിൽപ്പെട്ട കൂടുതൽ കുട്ടികളും ഹോസ്റ്റലിൽ നിന്നു പഠിക്കുന്നതിനാൽ ഗുണനിലവാരവും പോഷകമൂല്യവുമുള്ള ഭക്ഷണമാണ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്നതെന്ന് നമ്മൾ ഉറപ്പാക്കണം. കൂടാതെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആദിവാസി വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ കൃത്യമായി ഹെൽത്ത് ചെക്ക്അപ്പ് നടത്തി, അവരിൽ വിളർച്ച രോഗമുള്ളവരെ കണ്ടെത്തുകയും, അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും വേണം. എല്ലാ കുട്ടികളെയും ഒരുപോലെ കാണാതെ, ആവശ്യമുള്ള കുട്ടികൾക്ക് നമ്മൾ പരിഗണന കൊടുക്കുക തന്നെ വേണം,” അഗളി ഗവണ്മെന്റ് ഹൈസ്കൂളിലെ മിത്ര സിന്ധു (Mithra Sindhu) ടീച്ചറുടെ അഭിപ്രായമാണിത്.
അട്ടപ്പാടിയിൽ അരിവാൾ രോഗം അഥവാ സിക്കൾസെൽ അനീമിയ ഉള്ളവരെയും ഇതുപോലെ സ്ക്രീനിംഗ് നടത്തി കണ്ടെത്തി, തുടർച്ചയായ വിലയിരുത്തലും ചികിത്സയും നൽകേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം നിലവിൽ 200 അരിവാൾ രോഗികൾ അട്ടപ്പാടിയിൽ ഉണ്ട്. ഇതിൽ എട്ടു പേർ നിലവിൽ ഗര്ഭിണികളാണ്. ജനിതക രോഗമായതിനാൽ തന്നെ രണ്ടായിരത്തോളം പേർക്ക് അടുത്ത തലമുറയിൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. ഈ വർഷം അമ്മയും കുഞ്ഞും മരിച്ച കൊറവങ്കണ്ടിയിലെ തുളസി അരിവാൾ രോഗിയായിരുന്നു. അരിവാൾ രോഗികളായവർക്ക് എല്ലാ മാസവും സർക്കാരിൽ നിന്നും ധനസഹായമുള്ളതാണ്. എന്നാൽ കഴിഞ്ഞ മെയ് മുതൽ മുടങ്ങിയ പോയ പണം ഈ മാസമാണ് വീണ്ടും ലഭിച്ചത്.

കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് അരിവാൾ രോഗത്തിന് വിദഗ്ദ്ധ ചികിത്സ നൽകുന്നതിന് മാത്രമായി വന്ന ഡോക്ടർ അമലിന്റെ സേവനം ഫലപ്രദമായിരുന്നെന്ന് ഊരിലെ ആളുകൾ പറയുന്നുണ്ട്. അദ്ദേഹം കൃത്യമായി ആളുകളെ സ്ക്രീനിംഗ് നടത്തി രോഗികളെ കണ്ടെത്തുകയും, ഊരുകളിൽ അടക്കം പോയി ആവശ്യമുള്ളവർക്ക് ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം പോയതോടെ അരിവാൾ രോഗികൾക്കുള്ള പ്രത്യേക ചികിത്സയും നിന്നു.
അരിവാൾ രോഗ വിഭാഗത്തിൽ മാത്രമല്ല, ഒരു വിഭാഗത്തിലും വിദഗ്ദ്ധ ചികിത്സ നൽകാൻ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്ടർമാരില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു സീനിയർ പോസ്റ്റിൽ ഒഴിച്ച് ബാക്കിയെല്ലാം ജൂനിയർ ഡോക്ടർമാരാണ്. മറ്റു സ്റ്റാഫുകളുടെയും ടെക്‌നീഷ്യൻമാരുടെയും എണ്ണത്തിലും ഇതേ കുറവുകളുണ്ട്. അൾട്രാ സൗണ്ട് സ്കാനിംഗ് മെഷിൻ ഉണ്ടെങ്കിലും, അത് പ്രവർത്തിപ്പിക്കാൻ ടെക്‌നീഷൻ ഇല്ല. MRI സ്കാനിംഗ്, സിടി സ്കാനിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഇതുവരെ ആശുപത്രിയിൽ കൊണ്ടുവന്നിട്ടില്ല. ജനിച്ച് 28 ദിവസം പ്രായമുള്ള കുട്ടിക്ക് വേണ്ടിയുള്ള വെന്റിലേറ്റർ സൗകര്യമല്ലാതെ, അതിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വെന്റിലേറ്ററോ, ഐസിയുവോ ആശുപത്രിയിൽ ഇല്ല. ഇത്തരത്തിൽ ഗർഭിണികൾക്കോ, മറ്റു ഗുരുതര രോഗങ്ങളുമായി എത്തുന്നവർക്കോ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന ഇടമായി മാത്രം പലപ്പോഴും കോട്ടത്തറ ആശുപത്രി മാറാറുണ്ട്.
പെരിന്തൽമണ്ണ ഇഎംഎസ്, തൃശൂർ മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്കാണ് കോട്ടത്തറയിൽ നിന്നുള്ള രോഗികളെ പ്രധാനമായും റഫർ ചെയ്യുന്നത്. എന്നാൽ ഈ ആശുപതിയിലേക്കുള്ള യാത്ര അല്പം ദുഷ്‌കരമാണ്. കോട്ടത്തറ ആശുപത്രിയും ഏറ്റവും ദൂരെയുള്ള ഊരായ ഖലസിയും തമ്മിൽ 50-60 കിലോമീറ്റർ ദൂരമുണ്ട്. കോട്ടത്തറയിൽ നിന്നും ഇഎംഎസിലേക്ക് 70 കിലോമീറ്റർ ദൂരമുണ്ട്. തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്ക് ഇതിലും കൂടുതൽ ദൂരം യാത്ര ചെയ്യണം. ഗർഭിണികൾ ഉൾപ്പെടെയുള്ള ഗുരുതര രോഗികളെ ഇത്രയും ദൂരം ഇടുങ്ങിയ പൊട്ടിപൊളിഞ്ഞ റോഡിലൂടെ കൊണ്ടുപോകുന്നത് തന്നെ അപകടമാണ്.
“ഇവിടെ നിന്നും ചുരം ഇറങ്ങി വേറെ ആശുപതിയിലേക്ക് എത്തുമ്പോഴേക്കും ഞങ്ങൾ മരിക്കും…” വരകംപാടി ഊരിലെ എല്ലാവരും ഒരുപോലെ പറഞ്ഞ കാര്യമാണിത്. “ബസോ, ജീപ്പോ പോലെയല്ല, ആംബുലൻസിൽ ഈ റോഡിലൂടെ പോകുന്നത് രോഗികൾ അല്ലാത്തവർക്ക് അടക്കം കുറച്ച് ബുദ്ധിമുട്ടാണ്. അപ്പോൾ ഗർഭിണികളുടെയോ, രോഗികളുടെയോ അവസ്ഥ എന്തായിരിക്കും?” അട്ടപ്പാടിയിലൂടെ യാത്ര ചെയ്തവർക്ക് രാമുവിന്റെ ചോദ്യം അങ്ങനെ തള്ളിക്കളയാനാവില്ല.
എന്നാൽ ഈ കാര്യങ്ങളൊന്നും പരിഗണിക്കാതെ കോട്ടത്തറ ആശുപ്രത്രിയിൽ നിന്നും വരുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനായി മൂന്നു വർഷം മുൻപ് 12 കോടി രൂപ ഇഎംഎസ് ആശുപത്രിക്ക് നൽകുകയാണ് സർക്കാർ ചെയ്തത്. ഈ തുക കോട്ടത്തറ ആശുപത്രിയിൽ തന്നെ ചിലവഴിച്ചിരുന്നെങ്കിൽ രോഗികൾക്ക് ഒരു മണിക്കൂറിലധികം നേരം സഞ്ചരിച്ച് പെരിന്തൽമണ്ണയിലേക്കോ, മറ്റു ആശുപത്രികളിലേക്കോ പോകേണ്ട അവസ്ഥ വരില്ലായിരുന്നു.
ഇതിനിടെ കോട്ടത്തറ ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥ മൂലമാണ് തങ്ങളുടെ രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതെന്ന് വെന്തവെട്ടിയിൽ മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെടുന്നുണ്ട്. പൊന്നി രാമസ്വാമിയുടെ കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരെ പുറത്തു വരാത്ത സാഹചര്യത്തിൽ ആരോപണം തള്ളിക്കളയാനുമാവില്ല.

“കാലിൽ നീര് വന്ന് കാണിക്കാൻ പോയപ്പോഴാണ് അമ്മയ്ക്കും കുഞ്ഞിനും അപകടമാണെന്ന് പറഞ്ഞ് പെട്ടെന്ന് സിസേറിയൻ ചെയ്യുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ 2.560 തൂക്കമുണ്ടായിരുന്നു, അമ്മയ്ക്കും കുഞ്ഞിനും മറ്റു കുഴപ്പങ്ങളും ഉണ്ടായിരുന്നില്ല. അന്ന് തന്നെ കുഞ്ഞിന് രണ്ട് കാലിലും മുട്ടിനു മുകളിലായി ടിടി എടുത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് നിറം മാറാനും പനിക്കാനും തുടങ്ങി. നേഴ്‌സുമാരോട് അപ്പോൾ തന്നെ പറഞ്ഞിരുന്നെങ്കിലും സാധാരണമാണെന്ന് പറഞ്ഞ് അവർ ഞങ്ങളോട് ദേഷ്യപ്പെടാൻ തുടങ്ങി. പനി വീണ്ടും അധികമായപ്പോഴും അത് മാറിക്കൊള്ളും എന്നുമാത്രമാണ് ആശുപത്രിയിൽ നിന്നും പറഞ്ഞത്. പിറ്റേന്ന് പനിച്ച് കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ഡോക്ടർ റൗണ്ടസ് കഴിഞ്ഞ വന്നാൽ നോക്കുമെന്ന് പറഞ്ഞു. 9 മണിക്ക് പറഞ്ഞിട്ട് 11 കഴിഞ്ഞാണ് ഡോക്ടർ വന്നത്. പിന്നെ കുഞ്ഞിനെ നേരെ ഐസിയുവിലേക്കാണ് കയറ്റിയത്. അരമണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞിന് തീരെ അനക്കമില്ലെന്ന് പറഞ്ഞു, പിന്നീട് മരിച്ചെന്നും. കുഞ്ഞ് മരിക്കുമ്പോൾ ദേഹം മുഴുവൻ നിറം മാറിയിരുന്നു. എന്തുകൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നോ, എന്താണ് പറ്റിയതെന്നോ ഞങ്ങളോട് ഡോക്ടർമാർ പറഞ്ഞിട്ടില്ല. കുട്ടിയുടെ ഒരു ചെറിയ പേപ്പർ പോലും അവർ തന്നിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രണ്ട് മാസമായി തരുന്നില്ല,” രാമസ്വാമി (Ramaswami) പറഞ്ഞു.
ടിടി എടുത്തതിൽ എന്തോ തെറ്റ് പറ്റിയതാവാം എന്നാണ് പൊന്നിയും രാമസ്വാമിയും സംശയിക്കുന്നത്. കുട്ടിയുടെ തൊണ്ടയിൽ പാൽ കുടുങ്ങി മരിച്ചെന്നാണ് എസ്.ടി പ്രമോട്ടർ ഇരുവരോടും പറഞ്ഞത്. എന്നാൽ അതിനും തെളിവുകളില്ല. ഒരു കുഞ്ഞിനെ വളർത്തിയ തനിക്ക് മുലയൂട്ടേണ്ടത് അറിയാമെന്നും, വെറുതെ ഓരോ കാരണങ്ങൾ അവർ പറയുകയാണെന്നും പൊന്നിയും പറയുന്നുണ്ട്.
ട്രൈബൽ ആശുപത്രിയെന്നാണ് പേരെങ്കിലും ആദിവാസികളോട് വിവേചനം കാണിക്കുന്നുണ്ടെന്നാണ് രാമസ്വാമി പറയുന്നത്. “ഞങ്ങൾ പരിശോധനയ്ക്ക് പോയാൽ എന്തെങ്കിലും ഒരു ഗുളികയോ, ടോണിക്കോ തന്നു പറഞ്ഞുവിടും. പക്ഷേ ആദിവാസികൾ അല്ലാത്തവർ പോയാൽ അവർക്ക് വേണ്ടതൊക്കെ നൽകും. അതുപോലെ എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഡോക്ടർമാർ നമ്മളോട് ഒന്നും വ്യക്തമാക്കി പറയില്ല. നമ്മൾ എന്തെങ്കിലും ചോദിച്ചാൽ കുറ്റം ചെയ്ത പോലെയാവും പെരുമാറ്റവും. അതുകൊണ്ട് ഞങ്ങളിപ്പോൾ മൂത്ത മകനെ അവിടെ കാണിക്കാതെ സ്വകാര്യ ആശുപത്രിയിലാണ് കാണിക്കാറുള്ളത്.”
മാവേലി മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി ഐടിഡിപി മുഖാന്തരം നൽകുന്ന മരുന്നുകൾ മികച്ച ഗുണനിലവാരമുള്ളതാണ്. പക്ഷെ ആദിവാസി ഊരുകളിലേക്ക് ഗവണ്മെന്റ് എത്തിക്കുന്ന മരുന്നുകൾ വാങ്ങിക്കുവാൻ ആദിവാസികൾക്ക് വലിയ വിമുഖതയുണ്ട്. കൊട്ടേഷൻ വിളിച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഇത്തരം മരുന്നുകൾക്ക് ഗുണനിലവാരം അതിനനുസരിച്ച് കുറവാണ് എന്നതാണ് ഇതിനു പ്രധാന കാരണം.
ആശുപത്രിയെ കൂടാതെ 3 കുടുംബാരോഗ്യ കേന്ദ്രം, 5 മൊബൈൽ യൂണിറ്റ്, 28 സബ്സെന്റർ, 2 ഒപി ക്ലിനിക്, 1 സിഎച്ച്എസി, 3 ഹോമിയോ, ആയുർവേദ ഡിസ്പെൻസറികൾ എന്നിവയും അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും മെച്ചപ്പെട്ട ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രികളിൽ പോകേണ്ട അവസ്ഥയാണ് അട്ടപ്പാടിയിലെ ആദിവാസികൾക്ക്.
“ഖലസിയിൽ നിന്നോ എടവാണിയിൽ നിന്നോ വരുന്ന ഗർഭിണി കോട്ടത്തറയിൽ എത്താൻ തന്നെ കിലോമീറ്ററുകളോളം സഞ്ചരിക്കണം. ആനവായിലെ സബ്സെന്ററിൽ ഗർഭിണികൾക്ക് ആവശ്യത്തിനുള്ള സൗകര്യമൊരുക്കിയാൽ എല്ലാ മാസത്തേയും ചെക്കപ്പിന് ഇത്ര ദൂരം സഞ്ചരിക്കേണ്ട ആവശ്യം വരില്ല. ഇതുപോലെ എല്ലാ സബ്‌സെന്ററുകളിലും പരിശോധനയ്ക്കും, സ്കാനിങ്ങിനും ഉള്ള സൗകര്യങ്ങൾ കൊണ്ടുവന്നാൽ, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രം കോട്ടത്തറയെ ആശ്രയിച്ചാൽ മതിയാകും. ഇതുപോലെ സബ്‌സെന്ററുകളും പിഎച്ച്സികളും ഉപയോഗപ്പെടുത്തിയാൽ മെച്ചപ്പെട്ട ചികിത്സ അവർക്ക് തൊട്ടടുത്ത് തന്നെ നൽകാനാവും.” അട്ടപ്പാടിയിലെ ആരോഗ്യ മേഖല മെച്ചപ്പെടുത്താനുള്ള രാമുവിന്റെ നിർദേശമാണിത്.

ഇതുപോലെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി എന്തൊക്കെയാണ് വേണ്ടത്, എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് അവരോട് ചോദിച്ചിട്ടാവണം പദ്ധതികൾ ആരംഭിക്കേണ്ടതും, ഫണ്ടുകൾ മാറ്റി വെയ്‌ക്കേണ്ടതും. നിലവിൽ വിവിധ വകുപ്പുകൾക്ക് കീഴിൽ നടപ്പിലാക്കുന്ന പല പദ്ധതികളും ലക്‌ഷ്യം വെയ്ക്കുന്നത് ഒന്ന് തന്നെയാണ്. തണൽ എൻജിഒ വഴി ഐടിഡിപി നടത്തുന്ന കാർഷിക പദ്ധതിയും ഐടിഡിപി നേരിട്ട് നടത്തുന്ന നമ്മത്ത് പിള്ളൈ എന്ന പദ്ധതിയും ലക്‌ഷ്യം വെയ്ക്കുന്നത് ആദിവാസികളുടെ കാർഷിക വികസനം തന്നെയാണ്. ഇങ്ങനെയുള്ള പല പദ്ധതികൾക്ക് പകരം ഒരേ ലക്ഷ്യമുള്ള പദ്ധതികൾ ഏകോപിപ്പിച്ച് നടത്തണമെന്നാണ് ഊരുകളിലുള്ളവർ പറയുന്നത്. ആദിവാസികൾക്കായി തുടങ്ങുന്ന ഏത് പദ്ധതിയിലും അവരിൽ നിന്നുള്ളവരെ കൂടെ ഉൾപ്പെടുത്തുകയും വേണം. 11 എംബിബിഎസുക്കാർ, 370 ബിരുദധാരികൾ, 141 ബിരുദാനന്തരബിരുദം നേടിയവർ അങ്ങനെ ആദിവാസികൾക്കിടയിൽ തന്നെ വിദ്യാസമ്പന്നരായ ആളുകളെ കൂടുതൽ പ്രയോജനപ്പെടുത്തണം. അതുപോലെ വിദ്യഭ്യാസ യോഗ്യതയുള്ള, തൊഴിലില്ലാത്ത യുവതി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ കൊടുക്കുകയും വേണം.
കമ്മ്യൂണിറ്റി കിച്ചൻ പോലുള്ള പദ്ധതികൾക്ക് പകരം ആദിവാസികളെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. തമ്പ് എന്ന എൻജിഒയുടെ കീഴിൽ തുടങ്ങിയ കാർത്തുമ്പി കുടനിർമ്മാണ യൂണിറ്റ് എങ്ങനെ സ്വയംപര്യാപതരാകാം എന്നതിനു ഉത്തമ മാതൃകയായിരുന്നു. ആദിവാസികളുടെ ഉന്നമനത്തിനായി തുടങ്ങിയ യൂണിറ്റിനും, അതിലൂടെ ഭമായ സ്ത്രീകൾക്കും വലിയ സാമ്പത്തിക ലാഭം ലഭിച്ചിരുന്നു. “സത്യത്തിൽ അങ്ങനെയൊരു യൂണിറ്റോ, അല്ലെങ്കിൽ തൊഴിലവസരമോ ആണ് സർക്കാർ കൊണ്ടുവരേണ്ടത്. അപ്പോഴാണ് ഞങ്ങൾക്ക് മുന്നോട്ട് വരാനാവുക. അല്ലാതെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴേക്കും ആദിവാസികൾക്ക് ഒന്നും അറിയില്ലെന്ന് കള്ളം പറഞ്ഞ്, പേരിന് ഓരോ പദ്ധതികൾ ഉണ്ടാക്കി കോടികൾ മാറ്റിവെച്ചിട്ട് കാര്യമില്ല. ഞങ്ങൾക്ക് എല്ലാ അറിയാം, അറിയാത്തത് നിങ്ങൾക്കാണ്. ഞങ്ങളുടെ അടിസ്ഥാന പ്രശ്നം ഭൂമിയാണ്. അത് തിരിച്ചു തന്ന്, കൃഷി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌താൽ ഞങ്ങൾ ചെയ്യാതിരിക്കുമോ ? അങ്ങനെ ഓരോ ആളുകൾക്കും എന്താണ് വേണ്ടതെന്ന് പഠിച്ചിട്ട് വേണം പ്രവർത്തിക്കാൻ,” കാർത്തുമ്പി കുടുനിർണമാണ യൂണിറ്റിൽ പ്രവർത്തിച്ച നല്ലസിങ്കയിലെ ലക്ഷ്മി ഉണ്ണികൃഷ്‌ണൻ പറയുന്നു.

നിലവിൽ ഒരു ഗർഭിണിയെ ശ്രദ്ധിക്കാനായി മാത്രം എസ്ടി പ്രമോട്ടർ, അനിമേറ്റർ, ആശാവർക്കർ, അംഗനവാടി ടീച്ചർ, ജെഎച്ച്ഐ, ജെപിഎച്ച്, ഊരാശാൻമാർ തുടങ്ങി ഏഴോളം ആളുകളുണ്ട്. എല്ലാ മാസവും ജനനി ജന്മരക്ഷ അടക്കമുള്ള ധനസഹായങ്ങൾ ലഭിച്ച്, ശരിയായ ആരോഗ്യപരിചരണം ലഭിച്ചാൽ ഇത്രയും ആളുകളുടെ ആവശ്യമുണ്ടാകില്ല. ശിശുമരണ നിരക്കുകൾക്ക് അറുതി വരണമെങ്കിൽ ആൺ – പെൺ വ്യത്യാസമില്ലാതെ കൗമാരക്കാർക്കിടയിൽ തന്നെ കൃത്യമായ സ്‌ക്രീനിങ്ങും പരിചരണവും അവബോധവും നൽകണമെന്ന് മിത്ര സിന്ധു ടീച്ചർ അടക്കമുള്ളവരുടെ ആവശ്യവും പരിഗണിക്കണം. അമ്മയുടെയും അച്ഛന്റെയും ആരോഗ്യം തന്നെയാണ് കുട്ടിയുടെ ആരോഗ്യം.
അട്ടപ്പാടിയിലെ പ്രശ്‍നങ്ങൾ ഉണ്ടായതല്ല, പരിഷ്‌കൃത സമൂഹത്തിലെ ഓരോ ആളുകളും ചേർന്ന് ഉണ്ടാക്കിയെടുത്തവയാണ്. പക്ഷെ ഇത് തിരിച്ചറിയാതെ പദ്ധതികളുടെ മറവിൽ ഫണ്ട് മറിക്കാനും ആദിവാസികളുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാനും ഉദ്യോഗസ്ഥരും മാറി മാറി വരുന്ന സർക്കാരും ശ്രമിച്ചാൽ എങ്ങനെയാണ് അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക? എത്ര മരണങ്ങൾ കൂടെ ഉണ്ടായാലാണ് അധികാരികളുടെ കണ്ണ് തുറക്കുക? അപ്പോഴേക്കും എത്ര ആദിവാസികൾ ഇവിടെ ബാക്കിയുണ്ടാകും?
ആദിവാസി ജനതയുടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ മതിയാവൂ!