Wed. Dec 18th, 2024

അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന റോസ് ടെയ്‌ലർക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ബംഗ്ലാദേശ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തന്റെ അവസാന മത്സരമായിരിക്കുമെന്ന് ടെയ്‌ലർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ക്രൈസ്റ്റ്ചർച്ചിലെ ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കാണികൾക്കിടയിൽ നിന്ന് വൻ കരഘോഷത്തോടെയാണ് 37കാരൻ ക്രീസിലെത്തിയത്. കാണികളെല്ലാം എണീറ്റ് നിന്ന് കൈയടിച്ചു.

കൂടാതെ ബംഗ്ലാദേശ് കളിക്കാരിൽ നിന്ന് ഗാർഡ് ഓഫ് ഓണറും സ്വീകരിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്ററായി കണക്കാക്കപ്പെടുന്നയാളാണ് റോസ് ടെയ്‌ലർ. ഡെവൺ കോൺവെ 109 റൺസിന് പുറത്തായതിന് പിന്നാലെ നാലാമനായാണ് ടെയ്ലര്‍ ബാറ്റുചെയ്യാനെത്തിയത്.

എന്നാല്‍ 28 റണ്‍സ് മാത്രമെ ടെയ്ലര്‍ക്ക് നേടാനായുള്ളൂ. താരത്തിന്റെ വിക്കറ്റ് എബോദത്ത് ഹൊസൈന്‍ ആണ് നേടിയത്. റോസ് ടെയ്‌ലർ 110 ടെസ്റ്റിലും 233 ഏകദിനങ്ങളിലും 102 ട്വന്‍റി 20യിലും കളിച്ചിട്ടുണ്ട്.

ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിന്‍റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ആണ് റോസ് ടെയ്‌ലർ. ടെസ്റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 1017 റണ്‍സും നേടി.

2006ലായിരുന്നു കിവീസ് കുപ്പായത്തില്‍ റോസ് ടെയ്‌ലറുടെ അരങ്ങേറ്റം. ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം ടെയ്‌ലറാണ്. അതേസമയം ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശ് മികച്ച നിലയിലാണ്.

ആദ്യ ഇന്നിങ്‌സിൽ ആറിന് 521 എന്ന പടുകൂറ്റൻ സ്‌കോറാണ് ന്യൂസിലാന്‍ഡ് നേടിയത്. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് തവിടുപൊടിയായി. 126 റൺസിന് എല്ലാവരും പുറത്ത്.