Fri. Apr 26th, 2024
ഭോപ്പാൽ:

മധ്യപ്രദേശിൽ വ്യാപാരിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്  കോടിക്കണക്കിന് രൂപ. ദമോഷ് ജില്ലയിലെ വ്യാപാരി ശങ്കർ റായുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. വീട്ടിലെ വാട്ടർ ടാങ്കിൽ താഴ്ത്തിവെച്ച ബാഗിനകത്തടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം ഉണക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പണത്തിന് പുറമെ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ ഒരു കോടി രൂപയാണ് ഉണ്ടായിരുന്നത്.

ഇതിന് പുറമെ വീടിനകത്ത് പലയിടത്ത് നിന്നായി എട്ട് കോടി രൂപയും കണ്ടെത്തി. മൂന്ന് കിലോയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയ സ്വർണമെന്നും ആദായ നികുതി വകുപ്പ് ജബൽപൂർ വിഭാഗം ജോയിന്റ് കമ്മീഷണർ മുൻമുൻ ശർമ വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

ദമോഹ് നഗർ പാലിക ചെയർമാനാണ് റായ്. ഇദ്ദേഹം കോൺഗ്രസ് പിന്തുണയോടെയാണ് ഈ സ്ഥാനത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരൻ കമൽ റായ് ബിജെപി പിന്തുണയോടെ വൈസ് ചെയർമാൻ സ്ഥാനത്താണ് ഉള്ളത്. 39 മണിക്കൂർ നീണ്ട പരിശോധനയിലാണ് റായുടെ വീട്ടിൽ നിന്ന് സ്വർണത്തിന്റെയും പണത്തിന്റെയും ഭീമൻ ശേഖരം കണ്ടെത്തിയത്.